ഇസ്രായേല്‍ ബോംബിടുമോ? ഇറാന്‍ ഭയക്കുന്നു, പരമോന്നത നേതാവിന്റെ സംസ്‌കാരത്തിന് മുജ്തബ ഇല്ല

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാരം നടത്താന്‍ ഒരുങ്ങുകയാണ് രാജ്യം. പുതിയ പരമോന്നത നേതാവ് അലി ഖാംനഇയുടെ മകന്‍ മുജ്തബ ഖാംനഇയാണ്. ഇദ്ദേഹം പിതാവിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനം എന്ന് ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രതിനിധി ആയത്തുല്ല ഹക്കീം ഇലാഹിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

Advertisement

ഇസ്രായേലിന്റെ ആക്രമണ ഭീഷണി ഇപ്പോഴും ഇറാന് മേലുണ്ട്. ഇറാനിലെ തന്ത്രപ്രധാന മേഖലകളിലെത്തി മുതിര്‍ന്ന നേതാക്കളെ ഇസ്രായേല്‍ ചാരന്മാര്‍ നേരത്തെ കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുജ്തബ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ജീവന് ആപത്താണ് എന്നാണ് ഇറാന്‍ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തില്‍ പരിക്കേറ്റ മുജ്തബ ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല.

Advertisement

''കഴിഞ്ഞാഴ്ച ഞാന്‍ ഇറാനിലുണ്ടായിരുന്നു. മുജ്തബയുമായി സംസാരിച്ച സുഹൃത്തുക്കളോട് ചര്‍ച്ച നടത്തി. പുറത്തേക്ക് വരാനും ജനങ്ങളെ കാണാനും മുജ്തബയ്ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ സുരക്ഷാ വിഭാഗം ഇതിന് അനുവദിക്കുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ചടങ്ങാണ് നടക്കാന്‍ പോകുന്നത്. ഈ വേളയില്‍ സുരക്ഷ ഉറപ്പാക്കല്‍ പ്രയാസമാകും''- ആയത്തുല്ല ഹക്കീം ഇലാഹി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളിലെ ചിലരും കൊല്ലപ്പെട്ടിരുന്നു. അലി ഖാംനഇയുടെ മൃതദേഹം ശീതീകരണ സംവിധാനത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന ആറ് ദിവസത്തെ വിലാപ യാത്രയ്ക്ക് ഒടുവില്‍ ഈ മാസം ഒമ്പതിനാണ് സംസ്‌കാരം. ഒരു കോടിയില്‍ അധികം പേര്‍ മൂന്ന് നഗരങ്ങളിലായി നടക്കുന്ന വിലാപയാത്രയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Advertisement

ഇന്ത്യ, പാകിസ്താന്‍, ചൈന, ബംഗ്ലാദേശ് പ്രതിനിധികള്‍ പങ്കെടുക്കും

30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇറാനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗിരറ്റയും ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അത്ത ഹസ്‌നൈനുമാണ് സര്‍ക്കാര്‍ പ്രതിനിധികളായി പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരും ഇറാനിലേക്ക് പോകും. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, റഷ്യയില്‍ നിന്ന് സുരക്ഷാ സമിതി സഹ മേധാവി ദിമിത്രി മെദ്‌വദേവ്, ബംഗ്ലാദേശില്‍ നിന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ഹാഫിസുദ്ദീന്‍ അഹമ്മദ്, ചൈനയില്‍ നിന്ന് മുതിര്‍ന്ന നേതാവ് ഹി വെയ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും.

Advertisement

തെഹ്‌റാന്‍, ഖും എന്നീ നഗരങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷം അലി ഖാംനഇയുടെ നാടായ മശ്ഹദിലാണ് ഖബറടക്കം. ഇറാനിലെ മുന്‍ പരമോന്നത നേതാവ് റൂഹുല്ല ഖുമൈനിയുടെയും മുന്‍ സേനാ മേധാവി ഖാസിം സുലൈമാനിയുടെയും സംസ്‌കാര ചടങ്ങില്‍ തിക്കും തിരക്കും കാരണം അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാ ക്രമീണകരണം ഒരുക്കുകയാണ് ഇറാന്‍.