ഇറാന്‍ അലി ഖാംനഇയുടെ മൃതദേഹം മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകും; കാരണം ഇതാണ്

പരമോന്നത നേതാവ് അലി ഖാംനഇയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് ഇറാന്‍. ജൂലൈ മൂന്നിന് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തുടക്കമായി. ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ശേഷം രഹസ്യ കേന്ദ്രത്തില്‍ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് പുറത്തെത്തിച്ചത്. ശേഷം തെഹ്‌റാനിലെ ഗ്രാന്റ് മുസല്ല പള്ളിയിലേക്ക് എത്തിച്ചു.

Advertisement

തെഹ്‌റാനില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരയെലുള്ള ഖും നഗരത്തിലേക്ക് ഇനി മൃതദേഹം കൊണ്ടുപോകും. അവിടെ നിന്ന് അയല്‍രാജ്യമായ ഇറാഖിലേക്ക് മൃതദേഹം എത്തിക്കും. എന്തിനാണ് ഇറാന്‍ പരമോന്നത നേതാവിന്റെ മൃതദേഹം മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് എന്ന സംശയം സ്വാഭാവികമാണ്. മതപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്.

Advertisement

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അലി ഖാംനഇയുടെ മൃതദേഹം ഖും നഗരത്തിലേക്ക് കൊണ്ടുപോകുക. ചൊവ്വാഴ്ച ഇവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ഇറാനിലെ ഷിയാക്കളുടെ പുണ്യ നഗരമാണ് ഖും. രാജ്യത്തെ ഏറ്റവും വലിയ മതപാഠശാലകള്‍ ഇവിടെയാണുള്ളത്. അലി ഖാംനഇ ഉള്‍പ്പെടെ പഠിച്ചത് ഖുമ്മിലെ കലാലയങ്ങളിലാണ്.

ബുധനാഴ്ച ഖുമ്മില്‍ നിന്ന് മൃതദേഹം വിമാനത്തില്‍ ഇറാഖിലെ നജഫ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. നജഫിലെ പൊതു ദര്‍ശനത്തിന് ശേഷം ഇറാഖിലെ മറ്റൊരു പുണ്യ നഗരമായ കര്‍ബലയില്‍ എത്തിക്കും. പ്രവാചക പുത്രി ഫാത്തിമയുടെ ഭര്‍ത്താവും ഷിയാക്കള്‍ പ്രഥമ ഇമാമായി കരുതുന്ന വ്യക്തിയുമായ അലി ബിന്‍ അബീത്വാലിബിന്റെ ഖബറിടം നജഫിലാണ്.

Advertisement

ഇമാം അലിയുടെ മകന്‍ ഹുസൈന്‍ കൊലപ്പെട്ടത് കര്‍ബലയിലാണ്. 680ല്‍ നടന്ന യുദ്ധത്തിലായിരുന്നു ഇത്. ഇമാം ഹുസൈന്റെ അര്‍ധ സഹോദരന്‍ അബ്ബാസും അന്ന് കൊലചെയ്യപ്പെട്ടു. ഷിയാ വിശ്വാസമുള്ളവര്‍ക്ക് അതുകൊണ്ടുതന്നെ നജഫും കര്‍ബലയും വളരെ പുണ്യനഗരങ്ങളാണ്. മാത്രമല്ല, ഇറാനിലെ പഴയ ഖജര്‍ രാജവംശത്തിലെ അവസാനത്തെ മൂന്ന് രാജാക്കന്മാരുടെ ഖബറുകള്‍ കര്‍ബലയിലാണ്.

ഖജര്‍ രാജവംശത്തെ അട്ടിമറിച്ചാണ് സൈനിക ഉദ്യോഗസ്ഥന്‍ റസാ ഖാന്‍ 1921ല്‍ ഇറാന്റെ അധികാരം പിടിച്ചതും പഹ്ലവി രാജവംശം സ്ഥാപിച്ചതും ഈ ഭരണകൂടത്തെ അട്ടിമറിച്ചാണ് 1979ല്‍ ഇമാം ഖുമൈനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക വിപ്ലവം നടന്നത്. വിപ്ലവത്തിന് ശേഷമുള്ള ഇറാന്റെ ആദ്യ പരമോന്നത നേതാവ് ആയത്തുല്ല റൂഹുല്ല ഖുമൈനിയായിരുന്നു. ഇദ്ദേഹം 1989ല്‍ മരിച്ചപ്പോള്‍ ആയത്തുല്ല അലി ഖാംനഇ പരമോന്നത നേതാവായി.

Advertisement

അലി ഖാംനഇയുടെ മൃതദേഹം ഇറാഖിലെ ദര്‍ശനത്തിന് ശേഷം വ്യാഴാഴ്ച ഇറാനിലേക്ക് എത്തിക്കും. മഷ്ഹദ് നഗരത്തിലെ ഇമാം റസ മഖ്ബറയിലാണ് അലി ഖാംനഇക്ക് അന്ത്യവിശ്രമ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഷിയാക്കളുടെ എട്ടാമത്തെ ഇമാമാണ് ഇമാം റസ. 1939ല്‍ അലി ഖാംനഇ ജനിച്ചത് മഷ്ഹദിലാണ്. പഠിച്ചത് ഖും നഗരത്തിലും. ഇമാം റാസയുടെ മഖ്ബറയില്‍ അലി ഖാംനഇക്ക് അന്ത്യവിശ്രമ കേന്ദ്രം ഒരുക്കുന്നത് അദ്ദേഹത്തിനോടുള്ള ആദരസൂചകമാണ്.