കുവൈത്ത് ജോര്‍ദാന്‍ യാത്ര; ജസീറ എയര്‍വേയ്‌സ് സര്‍വീസ് വര്‍ധിപ്പിച്ചു, അമ്മാനില്‍ എന്തുണ്ട് കാണാന്‍?

കുവൈത്തില്‍ നിന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ജസീറ എയര്‍വേയ്‌സ്. ഇനി മുതല്‍ ഓരോ ദിവസവും മൂന്ന് സര്‍വീസുകളാണുണ്ടാകുക. യാത്രക്കാരുടെ എണ്ണം കുത്തനെ വര്‍ധിച്ചതാണ് സര്‍വീസ് കൂട്ടാന്‍ കാരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അമ്മാന്‍ വിമാനത്താവളത്തിലേക്കാണ് യാത്ര.

Advertisement

രാവിലെ 8.30നാണ് കുവൈത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്. ഇത് 10.50ന് അമ്മാനിലെത്തും. അവസാന മടക്ക യാത്ര വൈകീട്ട് 7.20ന് അമ്മാനില്‍ നിന്ന് പുറപ്പെട്ട് 9.12ന് കുവൈത്തില്‍ എത്തും. 33 കുവൈത്ത് ദിനാര്‍ ഉണ്ടെങ്കില്‍ അമ്മാനിലേക്ക് പോകാം. മടക്ക യാത്രയ്ക്ക് ഏകദേശം 65 ദിനാര്‍ വരെ ചെലവ് വന്നേക്കും. യാത്രക്കാരുടെ ആവശ്യം അനുസരിച്ചാണ് നിരക്കില്‍ മാറ്റം വരിക.

Advertisement

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജസീറ എയര്‍വേയ്‌സ് കുവൈത്ത്-ജോര്‍ദാന്‍ സര്‍വീസ് ആരംഭിച്ചത്. ഇതിനകം അര ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തു എന്നാണ് കണക്ക്. പ്രതിദിന സര്‍വീസ് മൂന്നെണ്ണമാക്കി ഉയര്‍ത്തിയത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് എന്ന് ജസീറ എയര്‍വേയ്‌സ് ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ പോള്‍ കാരോള്‍ പറഞ്ഞു.

ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് അടുത്തിടെ ജസീറ എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. മിലാനിലേക്കുള്ള സര്‍വീസും തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലേക്കുള്ള സര്‍വീസ് വിപുലമാക്കാനാണ് ജസീറ എയര്‍വേയ്‌സിന്റെ തീരുമാനം. 20 വര്‍ഷത്തിനിടെ ജസീറ എയര്‍വേയ്‌സ് സര്‍വീസ് വിപുലീകരണം ശക്തമാക്കിയത് അടുത്തിടെയാണ്. 2025ലെ ലാഭം 218 മില്യണ്‍ കുവൈത്ത് ദിനാര്‍ ആണെന്ന് കമ്പനി പറയുന്നു.

Advertisement

ജസീറ എയര്‍വേയ്‌സിനെ കുറിച്ച്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുവൈത്തിലെ വിമാന കമ്പനിയാണ് ജസീറ എയര്‍വേയ്‌സ്. 2004 ഏപ്രിലിലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. പശ്ചിമേഷ്യ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ലോകത്തിന്റെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലേക്കും ജസീറ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നുണ്ട്. 70 ഓളം കേന്ദ്രങ്ങളിലേക്കാണ് മൊത്തം സര്‍വീസ്.

ജോര്‍ദാനില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്

ലോകത്തിലെ അല്‍ഭുതങ്ങളില്‍ ഒന്നായ പെട്ര എന്ന റോസ് സിറ്റി, ചുവന്ന മണല്‍ത്തരികളുള്ള വാദി റം, മുങ്ങിപ്പോകാത്ത ചാവുകടല്‍, റോമന്‍ വാസ്തു വിദ്യ സംരക്ഷിക്കപ്പടുന്ന ജറാഷ് നഗരം, ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാന്‍, ഏക തീരദേശ നഗരമായ ചെങ്കടല്‍ തീരത്തുള്ള അക്കബ തുടങ്ങി കണ്ണിന് ആനന്ദം നല്‍കുന്ന ഒട്ടേറെ കാഴ്ചകള്‍ മാടി വിളിക്കുന്ന നാടാണ് ജോര്‍ദാന്‍.