അമേരിക്കയെ തള്ളി ഒമാന്‍; ഇറാന്‍ പക്ഷത്തേക്ക് നീങ്ങുന്നു? ഹോര്‍മുസ് വഴിയുള്ള യാത്രയ്ക്ക് ചെലവേറും

മസ്‌ക്കത്ത്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഒമാന്റെ നീക്കം. ഹോര്‍മുസ് വിഷയത്തില്‍ ഇറാനുമായി സഹകരിച്ച് നീങ്ങാനാണ് ഒമാന്‍ ആലോചിക്കുന്നതത്രെ. അമേരിക്കയുടെ സമ്മര്‍ദ്ദം അവഗണിച്ചാണ് ഒമാന്റെ നീക്കം. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ശരിയാണെങ്കില്‍ ഹോര്‍മുസ് വഴി യാത്ര ചെയ്യുന്ന കപ്പലുകള്‍ ടോള്‍ നല്‍കേണ്ടി വരും.

Advertisement

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് ഖത്തര്‍ വേദിയാകുകയാണ്. എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഇല്ല എന്ന് ഇറാന്‍ വ്യക്തമാക്കി. മുന്‍ കരാറിലെ വ്യവസ്ഥകള്‍ അമേരിക്ക ലംഘിക്കുന്നു എന്നാണ് ഇറാന്‍ പറയുന്നത്. ദോഹയിലെത്തിയ അമേരിക്കന്‍ പ്രതിനിധികളുമായി ഖത്തര്‍ നേതൃത്വം ചര്‍ച്ച നടത്തുകയാണ്. ഇതിനിടെയാണ് ഒമാന്‍ ഇറാനുമായി സഹകരിച്ച് നീങ്ങുമെന്ന വിവരം വന്നിരിക്കുന്നത്....

Advertisement

ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കുകപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള സംയുക്ത നീക്കവുമായി ഇറാനും ഒമാനും മുന്നോട്ട് പോകുന്നു എന്നാണ് പുതിയ വിവരം. ഇതിനെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഒരുപോലെ എതിര്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷത്തെയും ആഗോള എണ്ണവ്യാപാര ശൃംഖലയെയും ഈ പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയണം.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ചരക്കുനീക്കത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശരേഖ ഒമാന്‍ അധികൃതര്‍ തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുകയാണ്. കപ്പല്‍ കമ്പനികളില്‍ നിന്ന് തുക ഈടാക്കാനാണ് നിര്‍ദ്ദേശം. പതിറ്റാണ്ടുകളായി ഈ ജലപാതയിലൂടെ സൗജന്യമായാണ് ചരക്കുകളും ഇന്ധനവും വഹിക്കുന്ന കപ്പലുകള്‍ സഞ്ചരിക്കുന്നത്. ഇന്ത്യയിലേക്ക് ചരക്കുമായി വരുന്ന കപ്പലുകള്‍ സഞ്ചരിക്കുന്നതും ഹോര്‍മുസിലൂടെയാണ്. ഇവിടെ ഫീസ് നല്‍കേണ്ടി വന്നാല്‍ കപ്പല്‍ യാത്രയ്ക്ക് ചെലവേറും. ഇത് ചരക്കുകളുടെ വിലയെ ബാധിക്കും.

Advertisement

ഇറാന്‍-ഒമാന്‍ വാദത്തിലെ മാറ്റം ഇതാണ്

ഈ നിര്‍ദ്ദേശത്തില്‍ ഒമാനും ഇറാനും തമ്മില്‍ നയപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. പണം നിര്‍ബന്ധിതമായി വാങ്ങേണ്ട ഒന്നല്ലെന്നും, കപ്പലുകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് ആണെന്നുമാണ് ഒമാന്റെ നിലപാട്. എന്നാല്‍, കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഈ തുക കപ്പലുകളില്‍ നിന്നും നിര്‍ബന്ധിതമായി ഈടാക്കണമെന്നാണ് ഇറാന്റെ ആവശ്യം.

ഹോര്‍മുസ് കടലിടുക്കില്‍ യാത്രാ ടാക്‌സോ മറ്റ് ഇടപാടുകളോ കൊണ്ടുവരുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കടലിടുക്കുകള്‍ വഴി കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്ക് മേല്‍ യാതൊരുവിധ ഫീസും ചുമത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സമുദ്രപാതയില്‍ ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കിയാല്‍, ലോകത്തെ മറ്റ് പ്രധാന ജലപാതകളിലും ഇത്തരം ആവശ്യം ഉയരുമെന്നാണ് ട്രംപിന്റെ വാദം. യൂറോപ്യന്‍ രാജ്യങ്ങളും ഈ ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ കര്‍ശന നിലപാടിലാണ്.

Advertisement

അന്താരാഷ്ട്ര നിയമപ്രകാരം കടലിടുക്കുകളിലൂടെയുള്ള യാത്ര തടസ്സപ്പെടുത്താനോ അതിന്മേല്‍ നികുതി ചുമത്താനോ തീരദേശ രാജ്യങ്ങള്‍ക്ക് അവകാശമില്ല. കടന്നുപോകുന്നതിന് മാത്രം പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒമാന്‍ മനസ്സിലാക്കുന്നുണ്ട്. ഈ സങ്കീര്‍ണ്ണത മറികടക്കാനാണ് ഒമാന്‍ തന്ത്രപരമായ നിലപാടെടുക്കുന്നത്. അതായത്, 'യാത്രാ ഫീസ്' എന്നതിന് പകരം സുരക്ഷയും സമുദ്ര പരിപാലനവും അടക്കമുള്ള വിവിധ 'സേവനങ്ങള്‍ക്കുള്ള നിരക്ക്' എന്ന രീതിയില്‍ ഇതിനെ അവതരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.