ഖത്തര്‍ സമ്മാനം നല്‍കിയ വിമാനത്തില്‍ ട്രംപ് കയറിയില്ല; തുര്‍ക്കി വിടുമ്പോള്‍ ഇറാന്‍ പിന്തുടരുമെന്ന് ഭയം

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ അങ്കാറയില്‍ എത്തിയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരിച്ചുപോയത് ബ്രിട്ടനിലേക്കാണ്. അവിടെ നിന്ന് അമേരിക്കയിലേക്കും. എന്നാല്‍ അങ്കാറ വിടുമ്പോള്‍ അദ്ദേഹം യാത്രയ്ക്ക് തിരഞ്ഞെടുത്തത് തന്റെ പഴയ എയര്‍ ഫോഴ്‌സ് വണ്‍ എന്ന വിമാനമാണ്. ഖത്തര്‍ നല്‍കിയ ആഡംബര വിമാനത്തില്‍ കയറിയില്ല.

Advertisement

അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. ഇന്ത്യയുടെ സഹായത്തോടെ ഇറാനില്‍ നിര്‍മിക്കുന്ന ചബഹാര്‍ തുറമുഖം വരെ അമേരിക്കന്‍ സൈന്യം ആക്രമിച്ചു. ഇറാന്‍ തിരിച്ചടിയും ശക്തമാക്കി. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് താവളങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഈ വേളയില്‍ സുരക്ഷാ വെല്ലുവിളി അമേരിക്കന്‍ പ്രസിഡന്റ് നേരിടുന്നുണ്ട്.

Advertisement

യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉപദേശം കണക്കിലെടുത്താണ് ട്രംപ് ഖത്തര്‍ സമ്മാനമായി നല്‍കിയ വിമാനം ഒഴിവാക്കി പഴയ വിമാനത്തില്‍ യാത്ര ചെയ്തത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യക്ഷ ഭീഷണി ട്രംപിനില്ല. എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണ് പുതിയ മാറ്റം എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

അത്യാധുനിക സംവിധാനങ്ങളുള്ളതാണ് ഖത്തര്‍ ട്രംപിന് നല്‍കിയ ആഡംബര വിമാനം. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഖത്തറില്‍ എത്തിയ വേളയിലാണ് ഈ സമ്മാനം നല്‍കിയത്. വിദേശരാജ്യം അമേരിക്കന്‍ പ്രസിഡന്റിന് വിമാനം സമ്മാനമായി നല്‍കുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുന്നതില്‍ വലിയ ചര്‍ച്ചകളും അമേരിക്കയില്‍ നടന്നു. കൂടുതല്‍ സുരക്ഷാ സംവിധാനം ഘടിപ്പിച്ച ശേഷമാണ് ട്രംപ് യാത്ര ആരംഭിച്ചത്.

Advertisement

ഖാംനഇയുടെ ഖബറടക്കം കഴിഞ്ഞാല്‍...

ധാരണ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹോര്‍മുസിലൂടെ പോയ ഖത്തറിന്റെയും സൗദിയുടെയും കപ്പല്‍ ഇറാന്‍ ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായി അമേരിക്ക ഇറാനില്‍ ശക്തമായ ആക്രമണം നടത്തി. ഇറാന്‍ തിരിച്ചടിച്ചു. വീണ്ടും ഇന്നലെ രാത്രി അമേരിക്ക ആക്രമണം നടത്തി. ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. സംഘര്‍ഷ സാഹചര്യമായതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയര്‍ന്നു.

എല്ലാ സമയവും തനിക്ക് ഭീഷണിയുണ്ടെന്നും അവരുടെ പട്ടികയില്‍ ആദ്യത്തെ പേര് എന്റേതാണെന്നും ട്രംപ് ഇറാനെ ഉദ്ദേശിച്ച് പറഞ്ഞു. കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖാംനഇയുടെ ഖബറടക്ക ചടങ്ങുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. എല്ലാവരും ആവശ്യപ്പെട്ടത് ഇസ്രായേലിനോടും അമേരിക്കയോടും പ്രതികാരം ചെയ്യണം എന്നാണ്. ഈ സാഹചര്യവും അമേരിക്ക ഗൗരവത്തിലെടുക്കുന്നു.

Advertisement

ഖാംനഇയുടെ മൃതദേഹം ഇറാഖില്‍ നിന്ന് ഇറാനിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മാനാടായ മഷ്ഹദില്‍ ഖബറടക്കും. അതിന് ശേഷം ഇറാന്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് കടക്കുമോ എന്ന ആശങ്കയും ബാക്കിയാണ്. ഹോര്‍മുസ് പൂര്‍ണമായി അടയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തികമായി തിരിച്ചടിയാകും.