ഇറാന്‍ പോട്ടെ, ഖത്തര്‍ ആണ് ഇഷ്യു എന്ന്; ഇസ്രായേല്‍ എന്തിന് ഈ കുഞ്ഞു ജിസിസി രാജ്യത്തെ ഭയക്കുന്നു

ഇറാന്‍ യുദ്ധത്തിന് പ്രധാന കാരണം ഇസ്രായേല്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ യുദ്ധം തുടങ്ങിയത് എന്ന് അമേരിക്കയിലെ പ്രമുഖര്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇസ്രായേല്‍. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ പ്രധാന വിഷയങ്ങളിലൊന്ന് ഇറാന്‍ അല്ല. ഖത്തര്‍ ആണ്.

Advertisement

ഇറാനേക്കാല്‍ അപകടം ഖത്തര്‍ ആണ് എന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാനല്‍ 12ന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബെന്നറ്റ്. കഴിഞ്ഞ ദിവസം മറ്റൊരു സമ്മേളനത്തിലും ടുഗദര്‍ പാര്‍ട്ടി നേതാവായ ബെന്നറ്റ് ഇക്കാര്യം പറഞ്ഞിരുന്നു. ഖത്തര്‍ ശക്തമായ ഭാഷയില്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു.

Advertisement

ഇസ്രായേലിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ഇറാന്‍ ഭീഷണി ചൂണ്ടിക്കാട്ടി വോട്ട് ചോദിക്കാനാണ് സാധ്യത എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ബെന്നറ്റ് ഉയര്‍ത്തുന്നത് ഖത്തറിനെയാണ്. ഇറാന്‍ ഇസ്രായേലിന് എതിരാണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഖത്തര്‍ രഹസ്യമായി നീങ്ങുന്ന രാജ്യമാണെന്നും ബെന്നറ്റ് പറയുന്നു. അവരാണ് കൂടുതല്‍ അപകടകാരി എന്നാണ് ബെന്നറ്റിന്റെ നിലപാട്.

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പലസ്തീന്‍കാര്‍ക്ക് പണം നല്‍കി, അല്‍ ജസീറ ചാനല്‍ നടത്തുന്നു, അമേരിക്കന്‍ സര്‍വകലാശാലകളില്‍ സ്വാധീനം ചെലുത്തുന്നു, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ സ്വാധീനമുണ്ട്... എന്നിങ്ങനെ പോകുന്നു ഖത്തറിന് എതിരായ ബെന്നറ്റിന്റെ ആരോപണങ്ങള്‍. ഇസ്രായേലില്‍ വലിയ ചര്‍ച്ചയായ ഖത്തര്‍ ഗേറ്റ് വിവാദം കൂടി സൂചിപ്പിച്ചായിരുന്നു ബെന്നറ്റിന്റെ പ്രതികരണം.

Advertisement

ഖത്തറില്‍ നിന്ന് പണം വാങ്ങി ഇസ്രായേലിലെ പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഖത്തര്‍ ഗേറ്റ് വിവാദം. ഖത്തറിനെ പുകഴ്ത്തി പറയാന്‍ വേണ്ടിയാണത്രെ ഈ പണം വാങ്ങുന്നവര്‍ ശ്രമിക്കുക. ഈ ആരോപണത്തിന് ഖത്തര്‍ നേരത്തെ കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിത് എന്നും ഖത്തര്‍ വ്യക്തമാക്കിയതാണ്. എങ്കിലും ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ ഇപ്പോഴും വിഷയം ചര്‍ച്ചയാണ്.

ഖത്തറിന്റെ ശമ്പളം വാങ്ങുന്നവര്‍ ഇസ്രായേലിലുണ്ട് എന്നാണ് ബെന്നറ്റിന്റെ വിമര്‍ശനം. ഇതെല്ലാം സൂചിപ്പിച്ചാണ് ഇറാനെക്കാള്‍ അപകടം ഖത്തറാണ് എന്ന് ബെന്നറ്റ് പറയുന്നത്. കഴിഞ്ഞ ദിവസവും ബെന്നറ്റ് ഇതേ കാര്യം സെന്‍ട്രല്‍ ഇസ്രായേലിലെ മറ്റൊരു പരിപാടിയിലും പറഞ്ഞിരുന്നു. ഇതിനെതിരെ ഖത്തര്‍ രംഗത്തുവന്നു. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ബെന്നറ്റ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വ്യാജമായ കാര്യങ്ങള്‍ പറയുകയാണെന്നും അമേരിക്കയിലെ ഖത്തര്‍ എംബസി പ്രതികരിച്ചു. ലോകത്തെ ചെറിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. നേരത്തെ ഇസ്രായേല്‍ സൈന്യം ഖത്തറില്‍ ആക്രമണം നടത്തിയിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഖത്തര്‍ സൈനികനും കൊല്ലപ്പെട്ടിരുന്നു.