യുഎഇ പാസ്‌പോർട്ട്-വിസ സേവനങ്ങളിൽ ആശ്വാസം; താൽക്കാലികമായി ഇളവ് നൽകി സുപ്രീം കോടതി


ദുബായ്: യുഎഇ ഉൾപ്പെടെയുള്ള ഇടങ്ങളിലെ കോൺസുലാർ സർവീസ് സേവനങ്ങൾ ഔട്ട്സോഴ്‌സ് ചെയ്യുന്നതിനുള്ള ടെൻഡർ നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. അബുദാബി, കുവൈത്ത്, സിംഗപ്പൂർ, ഓസ്‌ട്രേലിയയിലെ കാൻബറ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള ടെൻഡറിന്റെ സാങ്കേതിക മൂല്യനിർണയ പ്രക്രിയ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

Advertisement

പുതിയ ടെൻഡർ നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ വിദേശകാര്യ മന്ത്രാലയത്തോടാണ് കോടതി നിർദേശിച്ചത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേന്ദ്ര സർക്കാർ സമർപ്പിച്ച പ്രത്യേകാനുമതി ഹർജി തള്ളിയത്. ഡൽഹി ഹൈക്കോടതി ടെൻഡർ നടപടികൾ റദ്ദാക്കിയത് തെറ്റായിരുന്നുവെന്നും, ഓരോ കമ്പനിയുടെ കഴിവ് അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം നടത്തിയതെന്നുമാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്.

Advertisement

ടെൻഡർ മൂല്യനിർണയത്തെ ന്യായീകരിക്കുന്ന കൂടുതൽ കാരണങ്ങളുമായി വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അതും അംഗീകരിച്ചില്ല. എന്നാൽ വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിൽ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ തടസപ്പെടരുതെന്ന കാര്യം പരിഗണിച്ച് ഇടക്കാല ക്രമീകരണത്തിന് സുപ്രീം കോടതി അനുമതി നൽകി. എങ്കിലും സേവന ദാതാക്കൾക്കും പ്രവാസികൾക്കും നേരിയ ആശ്വാസം നൽകുന്ന തീരുമാനവും കോടതി സ്വീകരിച്ചു.

നിലവിലെ സേവനദാതാക്കളുടെ പ്രവർത്തനം തൃപ്‌തികരമാണെങ്കിൽ അവരെ തന്നെ താൽക്കാലികമായി തുടരാനോ, അല്ലെങ്കിൽ നിലവിലുള്ള എൽ-1 ബിഡ്ഡർമാർ ഉൾപ്പെടെ മറ്റേതെങ്കിലും ഏജൻസിയെ താൽക്കാലികമായി നിയോഗിക്കാനോ വിദേശകാര്യ മന്ത്രാലയത്തിന് കോടതി അനുമതി നൽകുകയായിരുന്നു. ഇത് താൽക്കാലിക ക്രമീകരണം മാത്രമാണെന്നും, ഇതിലൂടെ ഒരു കക്ഷിക്കും പ്രത്യേക അവകാശം ലഭിക്കില്ലെന്നും, പുതിയ ടെൻഡർ നടപടിയുടെ അന്തിമ ഫലത്തിന് വിധേയമായിരിക്കും ഈ സംവിധാനമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Advertisement

ജൂലൈ 15-ന് പുറപ്പെടുവിച്ച വിധിയിലാണ് ഡൽഹി ഹൈക്കോടതി അബുദാബി, കുവൈത്ത്, സിംഗപ്പൂർ, കാൻബറ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലെ സിപിവി സേവനങ്ങളുടെ ടെൻഡർ സാങ്കേതിക മൂല്യനിർണയ പ്രക്രിയ റദ്ദാക്കിയത്. ടെൻഡർ നടപടിയിൽ പക്ഷപാതവും യുക്തിരാഹിത്യവും സുതാര്യതയുടെ അഭാവവും ഉണ്ടായിരുന്നുവെന്നും, അത് ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പുനൽകുന്ന സമത്വാവകാശത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

അബുദാബിയിലെ ഇന്ത്യൻ എംബസി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസിയെയാണ് നേരത്തെ ഔദ്യോഗിക പങ്കാളിയായി നിയമിച്ചത്. യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ വെച്ചുള്ള ഇന്ത്യൻ വിസ, പാസ്‌പോർട്ട്, സ്പെഷ്യൽ കോൺസുലർ അപേക്ഷകൾ സ്വീകരിക്കുന്നതിനും അവ സുരക്ഷിതമായി പ്രോസസ് ചെയ്യുന്നതിനുമുള്ള പൂർണ ചുമതലയാണ് നൽകിയത്. എന്നാൽ ഈ നടപടിയാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്.