നില്‍ക്കണോ നാട്ടിലേക്ക് മടങ്ങണോ? പ്രവാസികള്‍ സംശയത്തില്‍, രൂപയുടെ മൂല്യമിടിവില്‍ ലാഭം കൊയ്യാം


ദുബായ്: യുദ്ധം ശക്തമായതോടെ പ്രവാസ ലോകം വീണ്ടും ആശങ്കയിലാണ്. ഓരോ ദിവസവും യുദ്ധത്തിന്റെ തീവ്രത കൂടുന്നു എന്ന വിവരമാണ് വരുന്നത്. ജോലി തുലാസിലാകുമോ എന്ന ആശങ്ക ഒരുഭാഗത്ത്. സാമ്പത്തികമായി നേട്ടമുണ്ടാക്കാനുള്ള അവസരം മറ്റൊരു ഭാഗത്ത്. ഈ വേളയില്‍ പ്രവാസികള്‍ വളരെ ചിന്തിച്ചുവേണം തീരുമാനം എടുക്കാന്‍.

Advertisement

കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ തുടര്‍ച്ചയായി വരുന്നുണ്ട്. അമേരിക്ക ഇറാനെ ആക്രമിക്കുന്നതാണ് ഇതിന് കാരണം. തിരിച്ചടിയായി ഇറാന്‍ ലക്ഷ്യമിടുന്നത് ജിസിസി രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളാണ്. ഇതില്‍ ചില ആക്രമണം വഴിതെറ്റി ജനവാസ കേന്ദ്രത്തിലെത്താനുള്ള സാധ്യതയുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

Advertisement

യുദ്ധം വീണ്ടും ശക്തമാകുകയും യുഎഇക്ക് നേരെ ആക്രമണം ഇറാന്‍ കനപ്പിക്കുകയും ചെയ്താല്‍ പ്രവാസികള്‍ക്ക് ആശങ്ക ഇരട്ടിയാകും. ജോലി നഷ്ടം, ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതിരിക്കല്‍ തുടങ്ങിയ വെല്ലുവിളി നേരിടുമോ എന്നാണ് ഭയം. എല്ലാത്തിനും പുറമെ ജീവന് ഭീഷണി വേറെ. ഈ ഘട്ടത്തില്‍ പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷം പ്രവാസികള്‍ ഉചിതമായ തീരുമാനം എടുക്കുകയാണ് വേണ്ടത്.

വിപണിയിലെ മാറ്റം; രൂപയുടെ മൂല്യം കുറഞ്ഞു, ഡോളര്‍, ദിര്‍ഹം മൂല്യം ഉയര്‍ന്നു

പ്രവാസികള്‍ക്ക് ഈ വേളയില്‍ പ്രതീക്ഷ നല്‍കുന്ന ഒരു മാറ്റം സംഭവിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിര്‍ഹത്തിന്റെയും ഡോളറിന്റെയും മൂല്യം ഉയര്‍ന്നു. അതായത്, ദിര്‍ഹവും ദിനാറും റിയാലും ഡോളറും കൈവശമുള്ളവര്‍ക്ക് കൂടുതല്‍ മൂല്യം കിട്ടും. ഓഹരി വിപണികള്‍ ഇടിയുകയും സ്വര്‍ണം വില കുറയുകയും ചെയ്യുന്ന വേളയില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുകയാണ്.

Advertisement

ഡോളര്‍ സൂചിക 101.19 ആയിട്ടുണ്ട്. രൂപയും ഡോളറും തമ്മിലുള്ള മൂല്യ വ്യത്യാസം 96.17 ആയി. മെയ് മാസത്തിന് ശേഷം ആദ്യമായിട്ടാണ് രൂപയുടെ മൂല്യം 96 കടന്ന് താഴേക്ക് വീഴുന്നത്. ഈ വേളയില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ അക്കൗണ്ടിലെത്തും. അതായത്, കഴിഞ്ഞ മാസം അവര്‍ നാട്ടിലേക്ക് അയച്ച അത്ര തന്നെ തുക ഈ മാസം അയച്ചാലും അക്കൗണ്ടിലെത്തുന്ന തുക ഉയര്‍ന്നതാകും.

ക്രൂഡ് ഓയില്‍ വില 85 ഡോളറിലെത്തിയിട്ടുണ്ട്. ഇതാണ് ഡോളര്‍ മൂല്യം ഉയരാന്‍ കാരണം. സ്വാഭാവികമായും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 26.19 ആയി എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, 26.03 ആയി എന്ന് ലുലു മണി ഡാറ്റ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു.

Advertisement

കഴിഞ്ഞ മാസം 1000 ദിര്‍ഹം നാട്ടിലേക്ക് അയച്ച വ്യക്തിക്ക് 25000 രൂപ ബാങ്ക് അക്കൗണ്ടില്‍ എത്തിയെങ്കില്‍ ഇപ്പോള്‍ അത് 26000ത്തിന് മുകളില്‍ ലഭിക്കുമെന്നതാണ് നേട്ടം. നാട്ടില്‍ വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും. യുദ്ധം ശക്തിപ്പെടുമ്പോഴുള്ള ആശങ്കകള്‍ ഒരു ഭാഗത്ത് നില്‍ക്കവെയാണ് മറ്റൊരു ഭാഗത്ത് സാമ്പത്തിക ലാഭം വരുന്ന വാര്‍ത്ത.