ഇറാന്‍ തടസമാകും; സൗദി അറേബ്യ പ്ലാന്‍ മാറ്റി, ഹോര്‍മുസ് ബദലിന് കുവൈത്തും ഖത്തറും കൂടെ ചേരും

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ജിസിസി രാജ്യങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നു. യുദ്ധം കാരണം വരുമാന മാര്‍ഗം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അവര്‍ പുതിയ പദ്ധതി തയ്യാറാക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് വഴി മാത്രം ചരക്കുനീക്കം എല്ലാ കാലത്തും സാധ്യമാകില്ലെന്ന വിലയിരുത്തലാണ് പുതിയ പദ്ധതിക്ക് കാരണം.

Advertisement

ക്രൂഡ് ഓയിലും വാതകവും സുരക്ഷിതമായി കയറ്റുമതി ചെയ്യുന്നതിന് പുതിയ പൈപ്പ് ലൈന്‍ പദ്ധതി വികസിപ്പിക്കാനാണ് ആലോചന. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്ന് വടക്കോട്ടുള്ള പൈപ്പ് ലൈന്റെ ശേഷി ഓരോ ദിവസവും 20 ലക്ഷം അധിക ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റുകയാണ് സൗദിയുടെ ലക്ഷ്യം. മേഖലയില്‍ സൗദിക്കും യുഎഇക്കും മാത്രമാണ് പൈപ്പ് ലൈനുള്ളത്.

Advertisement

നിലവില്‍ സൗദി അറേബ്യയില്‍ ഒരു പൈപ്പ് ലൈന്‍ ഉണ്ട്. 1980കളിലാണ് ഇത് നിര്‍മിച്ചത്. കിഴക്കന്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് ചെങ്കടലിലെ യാമ്പു തുറമുഖത്തേക്ക് എണ്ണ എത്തിക്കാനാണ് ഈ പൈപ്പ് ലൈന്‍. ഒരു ദിവസം 70 ലക്ഷം ബാരല്‍ എണ്ണ ഈ പൈപ്പ് ലൈന്‍ വഴി തുറമുഖത്ത് എത്തിക്കാന്‍ സാധിക്കും. ഇനി അധികമായി 20 ലക്ഷം കൂടി എത്തിക്കാനാണ് നീക്കം. ഈ പൈപ്പ് ലൈന്‍ തന്നെ വികസിപ്പിക്കുകയോ മറ്റൊന്ന് നിര്‍മിക്കുകയോ ആകും ചെയ്യുക.

യുദ്ധം ശക്തമായ വേളയില്‍ സൗദി അറേബ്യയ്ക്ക് വലിയ ഉപകാരമായിരുന്നു ഈ പൈപ്പ് ലൈന്‍. ഹോര്‍മുസ് വഴി കയറ്റുമതി ചെയ്യുന്നതിന്റെ അത്രയും സാധ്യമായില്ലെങ്കിലും പൂര്‍ണമായി നിശ്ചലമായില്ല എന്നതാണ് നേട്ടം. കുവൈത്തിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി നേരിട്ടു. കയറ്റുതമി പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടി വന്നു. ജിസിസിയിലെ യുഎഇ ഒഴികെയുള്ള രാജ്യങ്ങളുമായി സൗദി വിഷയം ചര്‍ച്ച ചെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

Advertisement

സൗദിയിലെ പൈപ്പ് ലൈന്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് കുവൈത്ത് അന്വേഷിക്കുന്നുണ്ട്. അതുവഴി കയറ്റുമതി ചെയ്യാനാണ് കുവൈത്തിന്റെ ആലോചന. ഖത്തറിനെ സംബന്ധിച്ചിടത്തോളം എണ്ണയേക്കാള്‍ കൂടുതല്‍ വാതകമാണ് അവര്‍ കയറ്റുമതി ചെയ്യുന്നത്. സൗദിയിലെ തുറമുഖത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് വാതകം കയറ്റുമതി ചെയ്യുന്ന കാര്യം ഖത്തറും ആലോചിക്കുകയാണ്.

ഇറാഖിന് തുര്‍ക്കിയിലേക്ക് പൈപ്പ്‌ലൈന്‍ നിലവിലുണ്ട്. എന്നാല്‍ രാഷ്ട്രീയ ഭിന്നത കാരണം പലപ്പോഴും പൂര്‍ണമായി ഇതുവഴി കയറ്റുമതി സാധിക്കാറില്ല. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് തടസമില്ലാത്ത കയറ്റുമതിയാണ് സൗദിയും കുവൈത്തും ഖത്തറും ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കോടികള്‍ ചെലവുള്ള പദ്ധതിയാണ് വരാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ എടുത്തേക്കും.

Advertisement

യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ഇറാനും ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹോര്‍മുസില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. അമേരിക്ക ഇറാനെ ആക്രമിക്കുകയും ഇറാന്‍ കുവൈത്തിലും ബഹ്‌റൈനിലും തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ മേഖല വീണ്ടും സംഘര്‍ഷത്തില്‍ മുങ്ങിയിരിക്കുകയാണ്. ഹോര്‍മുസ് വഴി ഏത് സമയവും അടഞ്ഞേക്കാമെന്നാണ് കരുതുന്നത്. ആശങ്ക വര്‍ധിച്ചതോടെ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് സൗദിയും മറ്റു രാജ്യങ്ങളും ബദല്‍ തേടുന്നു എന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്.