ഇന്ത്യ പെട്ടുപോകും; കണ്ണീര്‍ കവാടം അടച്ചാല്‍ കുരുക്ക്, സൗദി അറേബ്യയുടെ നീക്കം ബാധിക്കുന്നത് ഇങ്ങനെ


ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പാത അടച്ചതിന്റെ പ്രയാസം ലോകം മൊത്തം നേരിടുകയാണ്. അന്താരാഷ്ട്ര ചരക്കു കടത്ത് വലിയ തോതില്‍ വെല്ലുവിളി നേരിടുന്നുണ്ട്. ഇതിനിടെയാണ് ബാബുല്‍ മന്ദിബ് കടലിടുക്ക് അടയ്ക്കുമെന്ന് യമന്‍ വ്യക്തമാക്കിയിരിക്കുന്നത്. സൗദി അറേബ്യ ആക്രമണം തുടര്‍ന്നാല്‍ ബാബുല്‍ മന്ദിബ് അടയ്ക്കുമെന്നാണ് യമനിലെ അന്‍സാറുല്ല മൂവ്‌മെന്റ് (ഹൂതി) പ്രഖ്യാപിച്ചത്.

Advertisement

യമനും സൗദിയും തമ്മില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് അല്‍ ഫര്‍ഹാ ഭീഷണി മുഴക്കിയിരിക്കുന്നത്. ഹോര്‍മുസിന് പുറമെ ബാബുല്‍ മന്ദിബ് കൂടി അടയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കണ്ണീര്‍ കവാടം എന്ന് വിളിപ്പേരുള്ള കടല്‍പാതയാണ് ബാബുല്‍ മന്ദിബ്. ഇത് അടച്ചാല്‍ ഇന്ത്യന്‍ വ്യാപാരം പ്രതിസന്ധിയിലാകും.

Advertisement

ഹോര്‍മുസ് പാത അടച്ചതോടെ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. 85 ഡോളര്‍ പിന്നിട്ട ബാരല്‍ വില വൈകാതെ 100 ഡോളര്‍ എത്തിയേക്കും. എന്നാല്‍ ബാബുല്‍ മന്ദിബ് കൂടി അടച്ചാല്‍ വില 200 ഡോളറിലെത്തുമെന്നാണ് മുഹമ്മദ് അല്‍ ഫറാ പറയുന്നത്. ലോക രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സൗദിയെ പിന്തിരിപ്പിക്കാനാണ് ഹൂതികളുടെ ശ്രമം. എന്നാല്‍ സൗദി അറേബ്യയ്ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

സൗദി അറേബ്യ ഉള്‍പ്പെടയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ ചെങ്കടല്‍ കടന്ന് ഏദന്‍ ഉള്‍ക്കടലിലൂടെ ബാബുല്‍ മന്ദിബ് വഴി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച് അറബിക്കടല്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തുക. ചെങ്കടല്‍ വഴിയുള്ള ചരക്കുകള്‍ ഏദന്‍ കടലിടുക്ക് കഴിഞ്ഞ് ബാബുല്‍ മന്ദിബ് വഴി സൂയസ് കനാലിലൂടെ മെഡിറ്ററേനിയന്‍ കടലില്‍ പ്രവേശിച്ചാണ് യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പോകുക.

Advertisement

ബാബുല്‍ മന്ദിബ് കടലിടുക്ക് അടച്ചാല്‍ ബദല്‍മാര്‍ഗം ഇങ്ങനെ

ആഗോള വ്യാപാരത്തിന്റെ 12 ശതമാനം ബാബുല്‍ മന്ദിബ് വഴിയാണ് കടന്നുപോകുന്നത്. ഇന്ത്യ പശ്ചിമേഷ്യയില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും എണ്ണയും വാതകവും വാങ്ങുമ്പോള്‍ ചരക്കുകള്‍ ബാബുല്‍ മന്ദിബ് വഴിയാണ് വരുന്നത്. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അയക്കുന്നതും ബാബുല്‍ മന്ദിബ് വഴിയാണ്.

95 ശതമാനമാണ് ഇന്ത്യയുടെ കടല്‍വഴിയുള്ള ചരക്കു കടത്ത്. ഇതില്‍ 35 ശതമാനം ബാബുല്‍ മന്ദിബ് വഴിയാണ്. തുണിത്തരങ്ങള്‍, മരുന്ന്, യന്ത്രങ്ങള്‍, ബസ്മതി അരി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഇതുവഴി ഇന്ത്യ യൂറോപ്പിലേക്കും മറ്റും കൊണ്ടുപോകുന്നു. ഈ പാത അടയുന്നത് സാമ്പത്തികമായി ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

Advertisement

ബാബുല്‍ മന്ദിബ് വഴി അടഞ്ഞാല്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കേപ് ഗുഡ് ഹോപ്പ് കടല്‍വഴിയാണുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന അന്താരാഷ്ട്ര കടല്‍ പാതയാണിത്. ബാബുല്‍ മന്ദിബ് വഴി യാത്ര ചെയ്യുന്നതിനേക്കാള്‍ 14 ദിവസം വരെ അധികമായി യാത്ര ചെയ്യേണ്ടി വരും ഈ പാതയില്‍. അതുകൊണ്ടുതന്നെ സാമ്പത്തികമായി ഇന്ത്യയ്ക്ക് വലിയ നഷ്ടമാകും. അതായത്, ചരക്കു കൂലി കൂടും. സ്വാഭാവികമായും സാധനങ്ങളുടെ വിലയും ഉയരും.