ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ ആനുകൂല്യം ബാധകമാണ്.
എന്നാൽ കുട്ടിയുടെ വിസ പൂർണമായും സൗജന്യമാകണമെന്നില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. വിസ അപേക്ഷാ ഫീസ് ഒഴിവാക്കുമെങ്കിലും, ട്രാവൽ ഇൻഷുറൻസ്, അപേക്ഷ പ്രോസസ് ചെയ്യുന്ന ഏജൻസിയുടെ സർവീസ് ചാർജ് തുടങ്ങിയവ നൽകേണ്ടി വരാം. കുട്ടിയുടെ വിസ അപേക്ഷയും കൂടെ വരുന്ന മാതാപിതാവിന്റെ ടൂറിസ്‌റ്റ് വിസ അപേക്ഷയോടൊപ്പം തന്നെ സമർപ്പിക്കണംമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതായത്, യുഎഇയിൽ താമസിക്കുന്ന ഒരാൾ തന്റെ കുട്ടിക്കായി സന്ദർശക വിസ എടുക്കുമ്പോൾ ഈ ഇളവ് ലഭിക്കില്ല. കുടുംബമായി വിദേശത്ത് നിന്ന് യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്നവർക്കാണ് ഈ ആനുകൂല്യം. കുട്ടിയോടൊപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രം യാത്ര ചെയ്‌താലും ഇളവ് ലഭിക്കും. എന്നാൽ കുട്ടി അമ്മയോടോ അച്ഛനോടോ മാത്രം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ അണ്ടർടേക്കിംഗ് ലെറ്റർ ആവശ്യമായി വരാം. ആവശ്യമായ രേഖകൾ അപേക്ഷ കൈകാര്യം ചെയ്യുന്ന ട്രാവൽ ഏജൻസിക്ക് നൽകണം. പണം അടയ്ക്കുന്നതിന് മുമ്പ്, വേനൽക്കാല വിസ ഫീസ് ഇളവിന് കീഴിലാണ് അപേക്ഷിക്കുന്നതെന്ന് ഏജൻസിയെ അറിയിക്കുകയും വേണം. സാധാരണയായി ഒരു കുട്ടിയുടെ ഒരു മാസത്തെ ടൂറിസ്‌റ്റ് വിസയ്ക്ക് ഏകദേശം 250 മുതൽ 350 ദിർഹം വരെ ചെലവാകാം. എന്നാൽ അർഹരായ കുട്ടികൾക്ക് വേനൽക്കാലത്ത് ഈ അപേക്ഷാ ഫീസ് ഒഴിവാക്കും. അതേസമയം, ഏജൻസിയുടെ സർവീസ് ചാർജും ഇൻഷുറൻസ് ചെലവും പ്രത്യേകം ഈടാക്കാം. ഈ അധിക ചെലവുകൾ ഒരു കുട്ടിക്ക് ഏകദേശം 120 ദിർഹം വരെ വരാം. ഇത് ഏജൻസിയെയും എടുക്കുന്ന ഇൻഷുറൻസിനെയും ആശ്രയിച്ചിരിക്കും. രണ്ട് കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബത്തിന് വിസ അപേക്ഷാ ഫീസിൽ 500 മുതൽ 700 ദിർഹം വരെ ലാഭിക്കാം. എന്നാൽ രണ്ട് കുട്ടികൾക്കുമായി ഇൻഷുറൻസിനും സർവീസ് ചാർജിനുമായി 240 ദിർഹം വരെ നൽകേണ്ടി വരും. അപേക്ഷ ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഇളവ് കാലയളവിൽ തന്നെ സമർപ്പിക്കണം. ഔദ്യോഗിക നിയമപ്രകാരം 18 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 18 വയസ് പൂർത്തിയായ വ്യക്തിയോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ് ബാധകമായ വിസ ഫീസ് ട്രാവൽ ഏജൻസിയോട് പരിശോധിക്കണം. നിലവിൽ 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾ രണ്ടുതവണ വരെ നീട്ടാൻ കഴിയും. ഇതിനായി അധിക ഫീസ് നൽകേണ്ടി വരുമെന്ന് മാത്രം. നിലവിൽ യുഎഇയിൽ ബന്ധുക്കൾ ഉള്ള മലയാളികൾക്ക് അടക്കം മികച്ച നേട്ടമാണ് ഈ ഫീസിളവിലൂടെ ലഭിക്കുക. അതല്ലാതെ ഒരു അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും കുട്ടികളുടെ യാത്ര ചിലവിൽ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് യുഎഇയിലേക്ക് പറക്കാനുള്ള അവസരവും ഇതിലൂടെ വന്നുചേരുന്നു.