ഈജിപ്തില്‍ ആക്രമണം; യുദ്ധം വ്യാപിക്കുന്നു? പശ്ചിമേഷ്യയില്‍ ആശങ്ക, ഇറാന് തിരിച്ചടി നല്‍കുമെന്ന് ട്രംപ്

കെയ്‌റോ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം വ്യാപിക്കുന്നു എന്ന ആശങ്ക വര്‍ധിപ്പിച്ച് ഈജിപ്തില്‍ ഡ്രോണ്‍ ആക്രമണം. ദമയ്ട്ട തുറമുഖത്തില്‍ അമേരിക്കന്‍ കപ്പല്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കപ്പലിന് തീപിടിക്കുകയും മറ്റൊരു കപ്പലിലേക്ക് തീ പടരുകയും ചെയ്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉടനെ അഗ്നിശമന രക്ഷാ പ്രവര്‍ത്തകരെത്തി തീ അണച്ചു.

Advertisement

ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള യുദ്ധത്തില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും ആക്രമണം നടന്നിരുന്നു. ഇറാഖിലും ജോര്‍ദാനിലും യമനിലും സിറിയയിലും അടുത്തിടെ ആക്രമണങ്ങള്‍ നടന്നു. അതായത്, യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെയാണ് ഈജിപ്തിലെ പുതിയ ആക്രമണം. ആദ്യമായിട്ടാണ് ഈജിപ്തില്‍ ഡ്രോണ്‍ ആക്രമണം നടക്കുന്നത്.

Advertisement

ഈജിപ്തിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ദമയ്ട്ട. എല്‍എന്‍ജി കാര്‍ഗോ കപ്പല്‍ നങ്കൂരമിട്ട വേളയിലാണ് ആക്രമണം. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എനര്‍ഗോസ് വിന്റര്‍ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത് എന്ന് ബ്രിട്ടീഷ് മാരിടൈം സുരക്ഷാ കമ്പനിയായ അംബ്രി അറിയിച്ചു. ഡ്രോണ്‍ ആക്രമണമാണ് നടന്നത് എന്ന് പരസ്യപ്പെടുത്തിയതും ഇവരാണ്.

അതേസമയം, തുറമുഖത്ത് ഒരു കപ്പലില്‍ തീപിടിത്തമുണ്ടായി എന്ന് ഈജിപ്ത് സ്ഥിരീകരിച്ചെങ്കിലും കാരണം എന്താണ് എന്ന് വ്യക്തമാക്കിയില്ല. അടിയന്തര സുരക്ഷാ വിഭാഗത്തിന്റെ ഇടപെടലില്‍ തീ അണച്ചു എന്നാണ് ഈജിപ്തിലെ പെട്രോളിയം മന്ത്രാലയം അറിയിച്ചത്. ആര്‍ക്കും പരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചെങ്കിലും ഡ്രോണ്‍ ആക്രമണമാണോ എന്ന് വിശദീകരിച്ചില്ല.

Advertisement

ഇറാനെതിരായ ആക്രമണം അമേരിക്ക മൂന്ന് ദിവസമായി അപ്രതീക്ഷിതമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയുധം തീര്‍ന്നതാണ് കാരണം എന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. അതിനിടെ സൗദിയെ ലക്ഷ്യമിട്ട് യമനില്‍ നിന്നും ഇറാഖില്‍ നിന്നും ആക്രമണമുണ്ടായി. അമേരിക്കയും സൗദിയും ചേര്‍ന്ന് ഇറാഖില്‍ ശക്തമായ ആക്രമണം നടത്തി. പിഎംഎഫ് എന്ന ഇറാഖിലെ ഷിയാ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അമേരിക്കയുമായി ചേര്‍ന്ന് ഇറാന്റെ സഖ്യകക്ഷിക്കെതിരെ സൗദി അറേബ്യ ആക്രമണം നടത്തുന്നത് ആദ്യമാണ്. ഇതോടെ യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ് സൗദി അറേബ്യയും. ജോര്‍ദാനിലെ യുഎസ് ക്യാമ്പ് ആക്രമിച്ചാണ് ഇറാന്‍ ഇതിന് തിരിച്ചടി നല്‍കിയത്. ഹോര്‍മുസിലും ഇറാന്‍ ആക്രമണം നടത്തി. ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ വിപണി ആശങ്കയില്‍ നില്‍ക്കവെയാണ് ഈജിപ്തിലെ ആക്രമണ വാര്‍ത്ത. ഈജിപ്ത് ഇതുവരെ യുദ്ധത്തിന്റെ ഭാഗമായിട്ടില്ല. ഹോര്‍മുസ്, ബാബുല്‍ മന്തിബ് കടല്‍പാതകള്‍ അടഞ്ഞതില്‍ പ്രതിസന്ധിയിലാണ് സൗദി അറേബ്യ. ഇതാണ് സൗദിയെ ഇറാഖില്‍ തിരിച്ചടി നല്‍കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.