ദുബായ്: വീണ്ടും ദുബായിലെ ഭാഗ്യപരീക്ഷണങ്ങളിൽ മലയാളികൾക്ക് വിജയ തിളക്കം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രവാസികളെ തേടിയാണ് ഭാഗ്യം വന്നെത്തിയത്. അബുദാബിയിൽ താമസിക്കുന്ന 48-കാരനായ കബീർ പൂവത്തിങ്ങലും ഷാർജയിൽ ജോലി ചെയ്യുന്ന 30-കാരനായ മുഹമ്മദ് ഷിബിൽ തയ്യിലും ഒരു ദശലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 9.5 കോടി രൂപ) വീതം സമ്മാനമായി നേടിയത്.
കഴിഞ്ഞ 22 വർഷമായി യുഎഇയിൽ താമസിക്കുന്ന കബീർ പൂവത്തിങ്ങൽ അബുദാബിയിലെ ഒരു വ്യോമയാന സ്ഥാപനത്തിൽ ഓപ്പറേറ്ററായാണ് ജോലി ചെയ്യുന്നത്. ജൂൺ 13-ന് ഓൺലൈനായി വാങ്ങിയ 3471 എന്ന നമ്പർ ടിക്കറ്റിലൂടെയാണ് മില്ലേനിയം മില്യണയർ സീരീസ് 547-ൽ അദ്ദേഹം വിജയിയായത്. അഞ്ച് മക്കളുടെ പിതാവായ കബീർ കഴിഞ്ഞ 12 വർഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്. വർഷങ്ങളായുള്ള ശ്രമത്തിനൊടുവിലാണ് ഈ വമ്പൻ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്.
ഈ അവസരത്തിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി. ജീവിതം തന്നെ മാറ്റിമറിക്കുന്ന അനുഭവമാണിത്. എല്ലാവരും ഭാഗ്യം പരീക്ഷിക്കണമെന്ന് കൂടിയായിരുന്നു വിജയവാർത്ത അറിഞ്ഞ ശേഷം ഷബീറിന്റെ പ്രതികരണം. മറ്റൊരു മലയാളി വിജയിയായ മുഹമ്മദ് ഷിബിൽ തയ്യിൽ മില്ലേനിയം മില്യണയർ സീരീസ് 548-ലാണ് ഭാഗ്യവാനായത്. ജൂൺ 18-ന് ഓൺലൈനായി വാങ്ങിയ 4832 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹം സമ്മാനം നേടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഷിബിൽ യുഎഇയിലെത്തിയത്. നിലവിൽ ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോണിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. ഒരു മാസം മുമ്പ് വിവാഹിതനായ ഷിബിൽ, ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വാങ്ങിയ രണ്ടാമത്തെ ടിക്കറ്റിലൂടെയാണ് കോടീശ്വരനായത്. എന്റെ ജീവിതം നിങ്ങൾ മാറ്റിമറിച്ചു. ഇതിലും വലിയ സന്തോഷവാർത്ത വേറെയില്ല. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്നായിരുന്നു സമ്മാനർഹനായി എന്ന വാർത്ത അറിഞ്ഞ ശേഷം ഷിബിൽ പ്രതികരിച്ചത്. ഇരുവരുടെയും നേട്ടം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് വലിയ പ്രചോദനവും പ്രതീക്ഷയുമാണ് നൽകുന്നത്. 27 വർഷങ്ങൾക്ക് മുൻപ് 1999-ൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ പദ്ധതി ആരംഭിച്ചതിന് ശേഷം വിജയികളാകുന്ന 278-ാമത്തെയും 279-ാമത്തെയും ഇന്ത്യൻ പൗരന്മാരാണ് കബീറും ഷിബിലും. ഈ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നവരിൽ ഇന്ത്യക്കാരാണ് മുന്നിലുള്ളത്, അതിൽ തന്നെ വലിയൊരു ശതമാനവും മലയാളികളാണ്. ഇതിനുപുറമെ നടന്ന ഫൈനസ്‌റ്റ് സർപ്രൈസ് നറുക്കെടുപ്പിലും മറ്റൊരു ഇന്ത്യൻ പ്രവാസിക്ക് ഭാഗ്യം ലഭിച്ചു. ഒമാനിലെ മസ്‌കറ്റിൽ താമസിക്കുന്ന 39-കാരനായ ഇൻഷുറൻസ് സെയിൽസ് ഏജന്റ് കൗശൽ വേദ് ഒരു മെഴ്‌സിഡസ്-ബെൻസ് എസ്500 കാർ സ്വന്തമാക്കി. ഇവരുടെ വിജയത്തോടെ കൂടുതൽ പ്രവാസികൾ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്.