ഇന്ത്യക്കാരെ കൂട്ടത്തോടെ കയറ്റിവിട്ട് യുഎഇ; 60 പേര്‍ എത്തിയത് സൂറത്തില്‍, ചില്ലിക്കാശ് കയ്യില്‍ ഇല്ല


യുഎഇയില്‍ നിന്ന് കയറ്റിവിട്ട ഇന്ത്യക്കാര്‍ ഗുജറാത്തിലെ സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ദുബായ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് 60 പേര്‍ എത്തിയത്. യാത്രാ രേഖകള്‍ പലര്‍ക്കും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ എംബസി ഇടപെട്ട് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു.

Advertisement

യുഎഇയില്‍ നിയമം ലംഘിച്ച് താമസിച്ചവരാണ് എല്ലാവരും. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ രഹസ്യമായി താമസിക്കുകയായിരുന്നു. മിക്കവരും ജോലി ആവശ്യാര്‍ഥം യുഎഇയിലേക്ക് പോയതാണ്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തിരിച്ചെത്തിയവരിലുണ്ട്. കുടുതല്‍ പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ്.

Advertisement

സൂറത്തില്‍ എത്തിയ ഇവരുടെ കൈവശം പണുണ്ടായിരുന്നില്ല. സൂറത്ത് ടാക്‌സി അസോസിയേഷന്‍ ഇടപെട്ട് ചിലര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി. ചിലര്‍ ബന്ധുക്കളെ വിളിച്ച് സഹായം തേടിയിട്ടുണ്ട്. മറ്റുചിലരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. ഏറെ നേരത്തെ പരിശോധനകള്‍ക്കും മറ്റും ശേഷം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഇവര്‍ സൂറത്ത് വിമാനത്താവളത്തിന് പുറത്തെത്തിയത്.

അതേസമയം, യുഎഇ അധികൃതര്‍ ഇവരെ മാന്യമായിട്ടാണ് പരിഗണിച്ചത്. നാട്ടിലേക്ക് കയറ്റി വിടുന്ന സമയം ഒറിജിനല്‍ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണുകള്‍, അനുബന്ധ രേഖകള്‍ എല്ലാം വിട്ടുകൊടുത്തിരുന്നു. എന്നാല്‍ ആരുടെയും കൈവശം പണമുണ്ടായിരുന്നില്ല. മറ്റു സാധനങ്ങളും ഇല്ലായിരുന്നു. ഇവര്‍ക്ക് ഇനിയും യുഎഇയിലേക്ക് ജോലി തേടി പോകാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല.

Advertisement

പ്രവാസി കൂട്ടായ്മകളുടെ സഹായം ഇവര്‍ക്ക് കിട്ടിയിരുന്നു. സൂറത്തില്‍ എത്തിയ ശേഷം അല്‍പ്പം കാശ് എല്ലാവര്‍ക്കും എത്തിച്ചു എന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്. യാത്രയ്ക്കും മറ്റുമായി ചെറിയ തുകയാണ് എല്ലാവര്‍ക്കും നല്‍കിയത്. ചട്ടം ലഘിച്ച് യുഎഇയില്‍ താമസിച്ചവരാണ് എല്ലാവരും. ജോലി തേടി പോയ ശേഷം വിസാ കാലാവധി കഴിഞ്ഞിട്ടും രഹസ്യമായി ജോലി ചെയ്യുകയായിരുന്നു.

വിസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നത് യുഎഇയില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ്. ഇത്തരക്കാര്‍ക്ക് പൊതുമാപ്പ് നല്‍കി കയറ്റി വിടാറുണ്ട് യുഎഇ ഭരണകൂടം. പൊതുമാപ്പ് കാലയളവില്‍ കീഴടങ്ങുന്നവര്‍ക്ക് മറ്റു ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ പലര്‍ക്കും തിരിച്ച് യുഎഇയിലേക്ക് ജോലി തേടി പോകാന്‍ സാധിക്കാറില്ല.