യുഎഇയിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുമ്പോഴും വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. വരാനിരിക്കുന്ന നാല് ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം മഴ പെയ്യാനാണ് സാധ്യത എന്ന് എന്‍സിഎം അറിയിച്ചു. ഇന്ന് മുതല്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ കാലാവസ്ഥയില്‍ അസ്ഥിരത തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഉച്ചയ്ക്കുശേഷം മഴയ്ക്ക് കാരണമാകുന്ന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഈ ദിവസങ്ങളില്‍ മിക്കവാറും മഴ ലഭിച്ചേക്കാം. ഈ ആഴ്ചയില്‍ ഫുജൈറയുടെ ചില ഭാഗങ്ങള്‍, ഷാര്‍ജയുടെ കിഴക്കന്‍ തീരം, അബുദാബിയുടെ ഉള്‍പ്രദേശങ്ങള്‍, തെക്കന്‍ മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന കിഴക്കന്‍-തെക്കന്‍ പ്രദേശങ്ങളില്‍ മേഘങ്ങളുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും അവിടെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.
മറ്റ് പ്രദേശങ്ങളില്‍ ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. കിഴക്കുനിന്നുള്ള ഉപരിതല ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനവും അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലെ ന്യൂനമര്‍ദ്ദവും ചേര്‍ന്നുള്ള കാലാവസ്ഥാ മാറ്റമാണ് ഇതിന് കാരണം. ഈ സാഹചര്യം കണ്‍വെക്റ്റീവ് മേഘങ്ങള്‍ രൂപപ്പെടുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് എന്‍സിഎം പറഞ്ഞു. അതേസമയം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രാജ്യത്ത് കടുത്ത ചൂട് തുടരും. ആഗസ്റ്റ് 3 വരെ താപനില ഉള്‍പ്രദേശങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയും, തീരപ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും, മലനിരകളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് കാലാവസ്ഥയില്‍ കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയുള്ള, തെക്കുകിഴക്ക്-വടക്കുകിഴക്ക് ദിശയില്‍ നിന്നുള്ള കാറ്റ് ഇടയ്ക്കിടെ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഇത് 45 കിലോമീറ്റര്‍ വരെയും തീരപ്രദേശങ്ങളിലും മലയോര മേഖലകളില്‍ 35 കിലോമീറ്റര്‍ വരെയും വേഗത കൈവരിക്കാം. അതേസമയം, ഈ കാലയളവില്‍ അറബിക്കടലും ഒമാന്‍ കടലും ശാന്തമായിരിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ കണ്‍വെക്റ്റീവ് മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. തെക്കുകിഴക്ക്-വടക്കുകിഴക്ക് ദിശയില്‍ നിന്നുള്ള കാറ്റ് ഇടയ്ക്കിടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാം. ശനിയാഴ്ച: തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരും. ഉച്ചയോടെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. കാറ്റ് തെക്ക്-കിഴക്ക് ദിശയില്‍ നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മാറും. മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ് ഇടയ്ക്കിടെ 30 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാം. കടല്‍ ശാന്തമായിരിക്കും. ഞായറാഴ്ചയും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ഉച്ചയോടെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ വീണ്ടും മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. തെക്ക്-കിഴക്ക് ദിശയില്‍ നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മാറുന്ന കാറ്റിന് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. തിങ്കളാഴ്ച കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഉച്ചയോടെ വീണ്ടും മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുള്ളതോടെ ഈ അസ്ഥിരമായ കാലാവസ്ഥാ ഘട്ടം അവസാനിക്കും. തെക്ക്-കിഴക്ക് മുതല്‍ വടക്ക്-കിഴക്ക് വരെയുള്ള ദിശകളില്‍ നിന്ന് വീശുന്ന കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയായി വര്‍ധിക്കും. ശക്തിപ്രാപിച്ചുവരുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലാണ് മഴയ്ക്ക് കാരണമാകുന്ന ഈ കാലാവസ്ഥാ സാഹചര്യം ഉണ്ടാകുന്നത്. നവംബര്‍ വരെ എല്‍ നിനോ സാഹചര്യങ്ങള്‍ നിലനില്‍ക്കാന്‍ 98 ശതമാനം സാധ്യതയുണ്ടെന്ന് എന്‍സിഎം പ്രവചിക്കുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ യുഎഇയിലെ താപനിലയും മഴയും അവയുടെ സീസണല്‍ ശരാശരിക്ക് അടുത്തോ അതില്‍ കൂടുതലോ ആയിരിക്കും. ഈ കാലയളവ് അവസാനത്തോടടുക്കുമ്പോള്‍ ഇതിന്റെ ഫലങ്ങള്‍ കൂടുതല്‍ പ്രകടമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു എന്ന് എന്‍സിഎം അറിയിച്ചു.