ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (JAG) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. നിലവില്‍ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്റെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച് എന്ന തസ്തികയിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതള്‍ക്കും മാത്രമാണ് അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 വൈകിട്ട് 3 മണി വരെയാണ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 3 വര്‍ഷമോ 5 വര്‍ഷമോ ദൈര്‍ഘ്യമുള്ള എല്‍എല്‍ബി ബിരുദം കുറഞ്ഞത് 55% മാര്‍ക്കോടെ കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായി രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് CLAT PG 2026 പരീക്ഷയില്‍ സാധുവായ സ്‌കോര്‍ ഉണ്ടായിരിക്കണം. മറ്റ് വര്‍ഷങ്ങളിലെ സ്‌കോര്‍ പരിഗണിക്കുന്നതല്ല.
അപേക്ഷകരുടെ പ്രായപരിധി 2027 ജനുവരി 1-ന് 21 വയസിനും 27 വയസിനും ഇടയില്‍ ആയിരിക്കണം. ജനന തീയതി 2000 ജനുവരി 2-നും 2006 ജനുവരി 1-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ആയിരിക്കണം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് CLAT PG 2026 സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഈ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയവരെ സെലക്ഷന്‍ ബോര്‍ഡ് അഭിമുഖത്തിനായി ക്ഷണിക്കും. അഭിമുഖത്തില്‍ യോഗ്യത നേടുന്നവര്‍ക്കായി മെഡിക്കല്‍ പരിശോധന നടത്തും. തുടര്‍ന്ന് എസ്എസ്ബി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അന്തിമലിസ്റ്റ് പുറത്തിറക്കിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞൈടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനം ഉണ്ടായിരിക്കും. ഈ പരിശീലന കാലയളവില്‍ പ്രതിമാസം 56,100 സ്‌റ്റൈപെന്‍ഡായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ലെഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും. ഇങ്ങനെ നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം ലെവല്‍ 10 പ്രകാരം 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ പ്രതിമാസം 15,500 രൂപ മിലിട്ടറി സര്‍വീസ് പേയും മറ്റ് അലവന്‍സുകളും അര്‍ഹത അനുസരിച്ച് ലഭിക്കും. ഇത് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ശമ്പളം 17-18 ലക്ഷം രൂപ വരെ ലഭിക്കും. നിശ്ചിത യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ ആയ https://joinindianarmy.nic.in/.pdf വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.