കേന്ദ്ര സർക്കാർ ജോലിക്കായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ച അവസരം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അസിസ്റ്റന്റ് മാനേജർ, മാനേജ്‌മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്‌സ്യൽ എക്‌സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റന്റ് തുടങ്ങി വിവിധ കാറ്റഗറികളിലായി ആകെ 148 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കോട്ടൺ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.cotcorp.org.in/ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
വിജ്ഞാപന പ്രകാരം ജൂലൈ 9, രാവിലെ 10:00 മണി മുതൽ ഓൺലൈൻ അപേക്ഷാ ലിങ്ക് സജീവമായിട്ടുണ്ട്. ജൂലൈ 24 രാത്രി 11:55 മണി വരെ മാത്രമായിരിക്കും ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സമയം ലഭിക്കുക. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം യോഗ്യതകൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
വിവിധ തസ്തികകളിലായി വന്നിട്ടുള്ള ഒഴിവുകളുടെ കൃത്യമായ കണക്കുകൾ മനസ്സിലാക്കാം. ജൂനിയർ കൊമേഴ്‌സ്യൽ എക്‌സിക്യൂട്ടീവ്: 50 ഒഴിവുകൾ ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): 50 ഒഴിവുകൾ ജൂനിയർ അസിസ്റ്റന്റ് (ജനറൽ): 30 ഒഴിവുകൾ മാനേജ്‌മെന്റ് ട്രെയിനി (മാർക്കറ്റിംഗ്): 8 ഒഴിവുകൾ മാനേജ്‌മെന്റ് ട്രെയിനി (അക്കൗണ്ട്സ്): 8 ഒഴിവുകൾ അസിസ്റ്റന്റ് മാനേജർ (ഒഫീഷ്യൽ ലാംഗ്വേജ്): 1 ഒഴിവ് അസിസ്റ്റന്റ് മാനേജർ (ഐടി): 1 ഒഴിവ് ജൂനിയർ അസിസ്റ്റന്റ്, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാൻ 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. എന്നാൽ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 18 മുതൽ 32 വയസ്സ് വരെ പ്രായമാകാം. സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ അർഹരായ സംവരണ വിഭാഗങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതകളാണ് നിശ്ചയിച്ചിട്ടുള്ളത്. തസ്തികകൾക്ക് അനുസരിച്ച് എംബിഎ, സിഎ, സിഎംഎ, ബിഎസ്‌സി അഗ്രികൾച്ചർ, ബികോം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബിഇ/ബിടെക്/എംസിഎ (ഐടി വിഭാഗത്തിന്) എന്നിവ പാസായവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ ഒഫീഷ്യൽ ലാംഗ്വേജ് തസ്തികയ്ക്ക് ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 1500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, പൂർവസൈനികർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 500 രൂപ മാത്രം അടച്ചാൽ മതിയാകും. ഫീസ് ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. എഴുത്തുപരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ സെലക്ഷൻ.