ഇന്ത്യയിലെ പ്രമുഖ പ്രകൃതിവാതക കമ്പനിയും മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനവുമായ ഗെയ്ല്‍ ലിമിറ്റഡ്, കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് എക്‌സിക്യൂട്ടീവ് ട്രെയിനികളെ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഗേറ്റ് 2027 ലെ സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
എല്ലാ വിഭാഗങ്ങളിലെയും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് 2027 മാര്‍ച്ച് 18-ലെ കണക്കനുസരിച്ച് ഉയര്‍ന്ന പ്രായപരിധി 26 വയസാണ്. എന്നിരുന്നാലും, എസ് സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എസ് സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ഒബിസി (നോണ്‍ ക്രിമിലെയര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10 വര്‍ഷവും ആണ് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം ഗേറ്റ് 2027 നായി രജിസ്റ്റര്‍ ചെയ്യുകയും, ഗേറ്റ് 2027 സംഘടിപ്പിക്കുന്ന സ്ഥാപനം അറിയിക്കുന്ന നിര്‍ദ്ദേശങ്ങളും സമയക്രമവും പാലിച്ച്, ബന്ധപ്പെട്ട പരീക്ഷാ പേപ്പറുകളിലൊന്നില്‍ പരീക്ഷ എഴുതുകയും വേണം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍, ഔദ്യോഗിക വെബ്സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകുമ്പോള്‍ അവ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. അഡ്മിറ്റ് കാര്‍ഡ് (രജിസ്‌ട്രേഷന്‍ നമ്പര്‍ അടങ്ങിയത്) ഡൗണ്‍ലോഡ് ചെയ്ത ശേഷം, ഉദ്യോഗാര്‍ത്ഥികള്‍ വെബ്സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ തങ്ങളുടെ ഗേറ്റ് 2027 രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി പ്രത്യേകം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിക്കാനുള്ള ലിങ്ക് ഗെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ ലഭ്യമാകും. സാധുവായ ഗേറ്റ് 2027 രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും. അപേക്ഷിക്കാനുള്ള സൗകര്യം 2027 ഫെബ്രുവരി 17-ന് രാവിലെ 11 മണിക്ക് ആരംഭിക്കുകയും 2027 മാര്‍ച്ച് 18-ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കുകയും ചെയ്യും. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു തസ്തികയിലേക്ക്/വിഭാഗത്തിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഒന്നിലധികം തസ്തികകളിലേക്കോ വിഭാഗങ്ങളിലേക്കോ അപേക്ഷിക്കുന്നവരെ പരിഗണിക്കുന്നതല്ല. 2027ലെ മാര്‍ക്കും നിയമനത്തിനായുള്ള മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി, സൂചിപ്പിച്ച വിഭാഗങ്ങളിലെ 'എക്‌സിക്യൂട്ടീവ് ട്രെയിനി'തസ്തികയിലേക്കുള്ള തുടര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഈ നിയമന പ്രക്രിയയ്ക്കായി ഗേറ്റ് 2027ലെ മാര്‍ക്ക് മാത്രമേ പരിഗണിക്കൂ. 2026-ലോ അതിനുമുമ്പോ ഉള്ള സ്‌കോറുകള്‍ ഇതിനായി പരിഗണിക്കുന്നതല്ല.