നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിയമബിരുദധാരികള്‍ക്ക് അവസരം; തുടക്ക ശമ്പളം 60000 രൂപ

യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യങ് പ്രൊഫഷണല്‍ ലീഗല്‍ തസ്തികയിലേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ നാഷണല്‍ ഹൈവേ അതോറിറ്റി ആസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തില്‍ നിയമിക്കും.

Advertisement

അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നോ അല്ലെങ്കില്‍ സമാനമായ സ്ഥാപനത്തില്‍ നിന്നോ നിയമബിരുദം നേടിയിരിക്കണം. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT) പോസ്റ്റ് ഗ്രാജ്വേറ്റ് 2026ലെ സ്‌കോര്‍ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് ഒഴിവുകളില്‍ നാലെണ്ണം സംവരണേതര വിഭാഗത്തിനും ഒരെണ്ണം മറ്റ് പിന്നോക്ക വിഭാഗത്തിനും വേണ്ടിയുള്ളതാണ്.

Advertisement

പട്ടികജാതി, പട്ടികവര്‍ഗം അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം എന്നിവര്‍ക്കായി പ്രത്യേക തസ്തികകള്‍ നീക്കിവച്ചിട്ടില്ല. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിലവിലുള്ള നയം അനുസരിച്ച്, അഞ്ച് തസ്തികകളില്‍ ഒന്ന് ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. വിജ്ഞാപനം ചെയ്ത തസ്തികകളുടെ എണ്ണം അതോറിറ്റിയുടെ തീരുമാനപ്രകാരം കൂട്ടാനോ കുറയ്ക്കാനോ സാധിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയില്‍ അപേക്ഷകര്‍ക്ക് 32 വയസില്‍ താഴെയായിരിക്കണം പ്രായം. ക്ലാറ്റ് പിജി 2026 സ്‌കോറിലെ മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും നിയമനം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 60,000 രൂപ എന്ന നിരക്കില്‍ ഏകീകൃത പ്രതിഫലം ലഭിക്കും.

Advertisement

തൃപ്തികരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, ഓരോ വര്‍ഷവും പ്രതിഫലത്തില്‍ 5% വര്‍ധനവ് ഉണ്ടാകും. നിയമനം പ്രാഥമികമായി രണ്ട് വര്‍ഷം വരെയായിരിക്കും. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ആവശ്യകതകളും ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനവും അനുസരിച്ച് കാലാവധി ഒരു വര്‍ഷം കൂടി നീട്ടാവുന്നതാണ്. എന്നാല്‍, നിയമന കാലാവധി ഒരു കാരണവശാലും മൂന്ന് വര്‍ഷത്തില്‍ കൂടാന്‍ പാടില്ല.

അപേക്ഷിക്കേണ്ട വിധം

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in സന്ദര്‍ശിക്കുക. ഹോംപേജില്‍ യങ് പ്രൊഫഷണല്‍ എന്നതിനായുള്ള പരസ്യം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് ഉപയോഗിക്കുക. ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും രേഖകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുക. വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം, അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

Advertisement

ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം സെപ്റ്റംബര്‍ 8-ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ ഒരു യൂണിക്ക് റഫറന്‍സ് നമ്പറും അപേക്ഷ ലഭിച്ചതായുള്ള സ്ഥിരീകരണവും ലഭിക്കും. അവസാന തീയതിക്ക് വളരെ മുമ്പുതന്നെ അപേക്ഷ സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ വഴിയല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. സെപ്തംബര്‍ 8 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി