കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഐടിഐക്കാര്‍ക്ക് ജോലി അവസരം; പ്രതിമാസ ശമ്പളം ഇത്ര!

കാലിക്കറ്റ് സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി സയന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ , ടെക്‌നീഷ്യന്‍ ഗ്രേഡ് എ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 23.09.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

Advertisement

ടെക്‌നീഷ്യന്‍ ഗ്രേഡ് എ തസ്തികയില്‍ മെക്കാനിക്കല്‍ / ഇലക്ട്രോണിക്‌സ് വിഭാഗത്തിലായിരിക്കും നിയമനം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിജ്ഞാപനത്തില്‍ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23360 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷകരുടെ പ്രായപരിധി 01.01.2026-ല്‍ 40 വയസ്സില്‍ കൂടാന്‍ പാടില്ല. എസ് സി, എസ് ടി, ഒ ബി സി വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

Advertisement

മെക്കാനിക്കല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രോണിക്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മുകളില്‍ പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്ത പക്ഷം, മറ്റ് ട്രേഡുകളില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കുന്നതാണ്.

ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യന്‍, മെക്കാനിക് (കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍), മെക്കാനിക് (റേഡിയോ ആന്‍ഡ് ടെലിവിഷന്‍) എന്നീ ട്രേഡുകളില്‍ ഉള്ളവരെ ആയിരിക്കും ഈ സാഹചര്യത്തില്‍ പരിഗണിക്കുക. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റിംഗ്, രേഖകളുടെ പരിശോധന, വ്യക്തിഗത അഭിമുഖം എന്നീ പ്രക്രിയകള്‍ക്ക് ശേഷമാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

Advertisement

അപേക്ഷിക്കേണ്ട വിധം

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യവും യോഗ്യതയുമുണ്ടെങ്കില്‍ ഇനി പറയുന്ന ഘട്ടങ്ങള്‍ ശ്രദ്ധപൂര്‍വം പിന്തുടരുക. ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ www.uoc.ac.in സന്ദര്‍ശിക്കുക. ഹോം പേജില്‍ നിന്ന് ബന്ധപ്പെട്ട തസ്തികയിലേക്കുള്ള തൊഴില്‍ വിജ്ഞാപനം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക.

വിജ്ഞാപനം പൂര്‍ണമായും വായിക്കുകയും നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ/രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക.
വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യാന്‍ വിട്ട് പോകരുത്.

Advertisement

രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നത് ഭാവിയിലെ കാര്യങ്ങള്‍ക്ക് നല്ലതായിരിക്കും.