ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അവസരം; ശമ്പളം ഇത്ര

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഡിസൈന്‍ ട്രെയിനി, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലെ 120 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 120 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 2 മണി വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Advertisement

വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 60 ഡിസൈന്‍ ട്രെയിനി, 60 മാനേജ്മെന്റ് ട്രെയിനി ഒഴിവുകള്‍ നികത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ് നടപടി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ബെംഗളൂരു, തുമകുരു, ഹൈദരാബാദ്, നാസിക്, കോരാപുട്ട്, ബരാക്പൂര്‍, ലഖ്നൗ, കാണ്‍പൂര്‍, കോര്‍വ എന്നിവിടങ്ങളിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ സേവന വിഭാഗങ്ങള്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിയമിക്കും.

Advertisement

ഡിസൈന്‍ ട്രെയിനി തസ്തികയില്‍ എയറോനോട്ടിക്കല്‍ - 4, ഇലക്ട്രിക്കല്‍ - 7, ഇലക്ട്രോണിക്‌സ് - 20, ഇന്‍സ്ട്രുമെന്റേഷന്‍ - 3, മെക്കാനിക്കല്‍ - 22, കമ്പ്യൂട്ടര്‍ സയന്‍സ് - 3, മെറ്റലര്‍ജി - 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. മാനേജ്മെന്റ് ട്രെയിനി തസ്തികയില്‍ ഇലക്ട്രിക്കല്‍ - 11, ഇലക്ട്രോണിക്‌സ് - 12. മെക്കാനിക്കല്‍ - 27, കമ്പ്യൂട്ടര്‍ സയന്‍സ് - 1, മെറ്റലര്‍ജി - 2, പ്രൊഡക്ഷന്‍ - 5, സിവില്‍ - 2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ നിശ്ചിത വിഷയത്തില്‍ എഞ്ചിനീയറിംഗിലോ ടെക്‌നോളജിയിലോ ഉള്ള ഫുള്‍-ടൈം ബിരുദം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജനറല്‍, ഒബിസി നോണ്‍ക്രിമിലെയര്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍ പെട്ട അപേക്ഷകര്‍ക്ക് മൊത്തം മാര്‍ക്കില്‍ കുറഞ്ഞത് 70% ഉണ്ടായിരിക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 60% മാര്‍ക്ക് ആവശ്യമാണ്.

Advertisement

അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ അവര്‍ക്ക് നിലവിലുള്ള സെമസ്റ്റര്‍ വരെ ആവശ്യമായ മാര്‍ക്ക് ഉണ്ടായിരിക്കുകയും അഭിമുഖത്തിന് മുന്‍പായി ബിരുദം പാസായതിന്റെ തെളിവ് ഹാജരാക്കാന്‍ കഴിയുകയും വേണം. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 2026 ഓഗസ്റ്റ് 14-ലെ കണക്കനുസരിച്ച് 28 വയസ്സാണ്. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ജനറല്‍, ഒബിസി നോണ്‍ക്രിമിലെയര്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍ പെട്ട അപേക്ഷകര്‍ 500 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്കും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ നിലവിലെ ജീവനക്കാര്‍ക്കും അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഇളവുണ്ട്. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും തുടര്‍ന്ന് ബെംഗളൂരുവില്‍ നടക്കുന്ന അഭിമുഖവും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

Advertisement

ഓണ്‍ലൈന്‍ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 1:5 എന്ന അനുപാതത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് വിളിക്കും. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് 85 ശതമാനവും അഭിമുഖത്തിന് 15 ശതമാനവും വെയിറ്റേജ് നല്‍കിക്കൊണ്ടായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 52 ആഴ്ച നീളുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ട്.

പരിശീലന കാലയളവില്‍, 50,000 രൂപ അടിസ്ഥാന ശമ്പളവും അതോടൊപ്പം വേരിയബിള്‍ ഡിയര്‍നസ് അലവന്‍സും കാന്റീന്‍ അലവന്‍സും ലഭിക്കും. കമ്പനി ചട്ടങ്ങള്‍ പ്രകാരം ബാച്ചിലര്‍ താമസസൗകര്യവും നല്‍കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, ഉദ്യോഗാര്‍ത്ഥികളെ 50,000 - 1,60,000 രൂപ ശമ്പള സ്‌കെയിലില്‍ ഗ്രേഡ് II എന്‍ജിനീയര്‍മാരായി നിയമിക്കും.

Advertisement

കൂടാതെ, ചട്ടങ്ങള്‍ പ്രകാരമുള്ള അലവന്‍സുകള്‍, ചികിത്സാ സൗകര്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേതനം. മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും അവര്‍ അര്‍ഹരായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരിശീലന കാലയളവ് ഒഴികെ അഞ്ച് വര്‍ഷത്തെ സേവന ബോണ്ട് ഒപ്പിട്ടു നല്‍കേണ്ടതുണ്ട്.