ലാബ് ടെക്‌നോളജി ബിരുദമുള്ളവരാണോ? നിങ്ങള്‍ക്കിതാ സുവര്‍ണാവസരം


തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിയമനം താല്‍ക്കാലികമായിരിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 27 വരെ ഇതിനായി അപേക്ഷിക്കാം.

Advertisement

അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍, കേരള സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ അംഗീകരിച്ച മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി പരമാവധി 30 വയസില്‍ കൂടാന്‍ പാടില്ല.

Advertisement

2026 ജൂലൈ 27 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതായിരിക്കും. നിര്‍ദിഷ്ട യോഗ്യകതയുള്ളവര്‍ക്ക് ദേശീയതലത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഈ ഗവേഷണ സ്ഥാപനത്തിലെ അത്യാധുനിക ലബോറട്ടറികളില്‍ പ്രവര്‍ത്തിച്ചു പരിചയം നേടാന്‍ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.

രാജ്യത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും മികച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ നേരിട്ട് പ്രായോഗിക പരിശീലനം നേടാന്‍ കഴിയുമെന്നതാണ് ഈ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണം. ക്യാന്‍സര്‍ റിസര്‍ച്ച്, മോളിക്യുലാര്‍ മെഡിസിന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ് കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനിക മേഖലകളിലെ പരിശോധനകളിലും ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങളിലും ഇവിടെ പരിചയം നേടാനാകും.

Advertisement

ആധുനിക ടെസ്റ്റിംഗ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്നതിലും പരിശോധനാ ഫലങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതിലും ഇവിടെ ലഭിക്കുന്ന പരിശീലനം ഭാവിയില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലുള്ള വലിയ ലാബുകളിലും ആശുപത്രികളിലും പെട്ടെന്ന് തൊഴില്‍ ലഭിക്കാന്‍ സഹായിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കുന്നതായിരിക്കും.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും വിദ്യാഭ്യാസ യോഗ്യതകളുടെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കും. ഇങ്ങനെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഒരു ഓണ്‍ലൈന്‍ സെലക്ഷന്‍ അഭിമുഖത്തിലേക്ക് ക്ഷണിക്കും. അഭിമുഖത്തിന് ശേഷമായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

യാതൊരുവിധ അപേക്ഷാ ഫീസും നല്‍കാതെ തന്നെ ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാവൂ. വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ അപേക്ഷാ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ പേര്, ജനനത്തീയതി, വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവയോടൊപ്പം ഓരോ സെമസ്റ്ററിലെയും മാര്‍ക്ക് വിവരങ്ങള്‍ തെറ്റുകൂടാതെ രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Advertisement

തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് വഴി പ്രാഥമിക സ്‌ക്രീനിംഗില്‍ തന്നെ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്ന എസ്.എസ്.എല്‍.സി, ബി.എസ്സി. എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍ദ്ദിഷ്ട ഫയല്‍ അളവില്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.