ജേണലിസം യോഗ്യതയുള്ളവരാണോ? ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അവസരം

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് 'ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്' തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേരളത്തിലുടനീളമായി 86 ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 15.09.2026 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Advertisement

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16940 രൂപയാണ് ശമ്പളമായി ലഭിക്കുക. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 01 - 09 - 2026-ലെ കണക്കു പ്രകാരം 30 വയസായിരിക്കണം. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ജേണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ ജേണലിസത്തില്‍ ഡിപ്ലോമ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ന്യൂ മീഡിയ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Advertisement

വീഡിയോ പ്രൊഡക്ഷനിലും എഡിറ്റിംഗിലുമുള്ള പ്രാവീണ്യം അഭികാമ്യമാണ്. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുത്ത് പരീക്ഷ നടത്തും. എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്നവരെ അഭിമുഖത്തിനും നൈപുണ്യ പരീക്ഷയ്ക്കും വേണ്ടി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ജില്ലാ അടിസ്ഥാനത്തിലുള്ള എംപാനല്‍മെന്റ് ലിസ്റ്റ് പുറത്തിറക്കും.

വിദ്യാഭ്യാസ യോഗ്യതകള്‍, പ്രായം തെളിയിക്കുന്ന രേഖ (എസ് എസ് എല്‍ സി / ജനന സര്‍ട്ടിഫിക്കറ്റ്) എന്നിവ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം. സാധുവായ രേഖകളില്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണ്. അപേക്ഷിക്കാനും വിശദവിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികള്‍ www.prism.prd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. സാധുവായ ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Advertisement

ശേഷം ഹോം പേജിലെ 'Recruitment / Career / Advertising' മെനുവില്‍ പ്രസ്തുത തസ്തികയിലേക്കുള്ള വിജ്ഞാപനം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ശേഷം ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക. വിജ്ഞാപനം പൂര്‍ണ്ണമായും ശ്രദ്ധാപൂര്‍വ്വം വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യുക. ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ലിങ്കില്‍ കയറി ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക.

വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കണം.