കോഴിക്കോട് ഐഐഎമ്മില്‍ റിസര്‍ച്ച് അസോസിയേറ്റാകാം; മാസശമ്പളം എത്രയെന്ന് കേട്ടോ?

ഐഐഎം കോഴിക്കോട് റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എച്ച്ആര്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അതോടൊപ്പം പ്രസക്തമായ ഗവേഷണ പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

Advertisement

ഐഐഎം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iimk.ac.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 4 ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസായിരിക്കണം. നിര്‍ദിഷ്ട അക്കാദമിക് യോഗ്യതയെ കൂടാതെ ചില മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും നിയമനം.

Advertisement

ഗവേഷണത്തിന്റെ ഭാഗമായി കേസ് സ്റ്റഡികള്‍/ജേണല്‍ പേപ്പറുകള്‍/ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കണം. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്തുന്നതില്‍ പരിചയമുള്ളവരായിരിക്കണം. SPSS/R/STATA/NVIVO/ATLAS-Ti എന്നിവയുള്‍പ്പെടെയുള്ള ക്വാണ്ടിറ്റേറ്റീവ് / ക്വാളിറ്റേറ്റീവ് ഡാറ്റാ വിശകലനത്തിലുള്ള പരിചയവും അഭികാമ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ ശമ്പളം ലഭിക്കും.

ലഭിക്കുന്ന അപേക്ഷകളുടെ സ്‌ക്രീനിംഗ്, അഭിമുഖം, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒഴിവുകളുടെ വിവരങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രായപരിധി, സ്‌റ്റൈപ്പന്‍ഡ്/ശമ്പളം, തിരഞ്ഞെടുപ്പ് പ്രക്രിയ, പ്രധാന തീയതികള്‍, അപേക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ വെബ്‌സൈറ്റിലുള്ള വിജ്ഞാപനത്തില്‍ ഉണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കണം.

Advertisement

ഐഐഎം കോഴിക്കോടില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഒഴിവ്

ഐ ഐ എം കോഴിക്കോട് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള നിയമന നടപടികളും ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ B.Tech, BE, MCA, M.Sc, M.Tech, MS in Software Systems, BCA, B.Sc അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയും നിശ്ചിത പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 2 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കും, ബന്ധപ്പെട്ട വിഷയത്തില്‍ നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2 വരെ അപേക്ഷ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെലിഫോണ്‍ അലവന്‍സ് ഇനത്തില്‍ 300 രൂപ ഉള്‍പ്പെടെ പ്രതിമാസം 35,300 രൂപ ലഭിക്കും.