എസ്ബിഐയില്‍ വരാന്‍ പോകുന്നത് വമ്പന്‍ റിക്രൂട്ട്‌മെന്റ്.. 250 പുതിയ ശാഖകള്‍, 12000 പേര്‍ക്ക് അവസരം!

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും 250-ഓളം പുതിയ ശാഖകള്‍ ആരംഭിക്കാനും എസ്ബിഐ പദ്ധതിയിടുന്നതായി ബാങ്കിന്റെ ചെയര്‍മാന്‍ സിഎസ് ഷെട്ടി. പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഈ വര്‍ഷം ക്ലാറിക്കല്‍, ഓഫീസര്‍ തസ്തികകളിലായി 11,000 മുതല്‍ 12,000 വരെ ആളുകളെ നിയമിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

Advertisement

വിരമിക്കലുകളും പുതിയ ആവശ്യകതകളും അനുസരിച്ച് ഈ എണ്ണത്തില്‍ മാറ്റം വരാമെങ്കിലും, വര്‍ഷാവസാനത്തോടെ ഏകദേശം 12,000 നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 1,500 സ്‌പെഷ്യലിസ്റ്റ് ഐടി ഓഫീസര്‍മാരെ നിയമിച്ചുകൊണ്ട് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഐടി വിഭാഗത്തില്‍ അത്രയും വലിയൊരു എണ്ണം നിയമിക്കേണ്ടതില്ല.

Advertisement

2026 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 2.45 ലക്ഷത്തിലധികം ജീവനക്കാരുള്ള എസ്ബിഐ, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുടമകളില്‍ ഒന്നാണ്. 2025-26 സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ആ വര്‍ഷം 4,640 ഓഫീസര്‍മാരെയും 19,340 അസോസിയേറ്റുകളെയും 1,653 കരാര്‍ ജീവനക്കാരെയും ബാങ്ക് നിയമിച്ചിരുന്നു. ഇതോടെ ആകെ നിയമനങ്ങളുടെ എണ്ണം 25,633 ആയി.

എസ്ബിഐയ്ക്ക് നിലവില്‍ വലിയൊരു ശൃംഖലയുണ്ടെങ്കിലും പലയിടത്തും ബാങ്കിന്റെ സാന്നിധ്യം ഇല്ലാത്ത മേഖലകള്‍ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ട. പുതിയ കോളനികള്‍ ഉയര്‍ന്നു വരുന്ന പ്രദേശങ്ങളിലോ വാണിജ്യപരമായി സജീവമായ ജില്ലകളിലോ ബാങ്കിന്റെ സാന്നിധ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. ചില ശാഖകളുടെ കാര്യത്തില്‍ പുനഃക്രമീകരണം നടത്താനും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.

Advertisement

ഇതിനര്‍ത്ഥം മൊത്തത്തിലുള്ള ശാഖകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ഏകദേശം 200 മുതല്‍ 250 വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് എന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി വിഹിതം കുറയ്ക്കുന്നതിന് 30,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പന വഴി, എസ്ബിഐയും അതിന്റെ ഉപസ്ഥാപനമായ എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡും ചേര്‍ന്ന് 1 ശതമാനം വരെ ഓഹരി വിഹിതം കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി അദ്ദേഹം അറിയിച്ചു.

'ഞങ്ങള്‍ ആ ഓഹരി വിറ്റഴിക്കല്‍ നടപടിയില്‍ പങ്കാളികളാകുന്നു. എസ്ബിഐയും എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സും ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നതിനാല്‍, യഥാക്രമം 0.65 ശതമാനവും 0.35 ശതമാനവും വിറ്റഴിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ എസ്ബിഐ ഗ്രൂപ്പ് എന്ന നിലയില്‍ മൊത്തം ഏകദേശം 1 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്; മറ്റ് ഓഹരിയുടമകളും ഇതില്‍ പങ്കുചേരുകയാണെങ്കില്‍ ഈ അളവ് കുറഞ്ഞേക്കാം,' അദ്ദേഹം പറഞ്ഞു.

Advertisement

നിലവില്‍ എന്‍എസ്ഇയില്‍ എസ്ബിഐക്ക് 3.23 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എന്‍എസ്ഇയില്‍ എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിന് 4.33 ശതമാനം ഓഹരിയുണ്ട്. കഴിഞ്ഞ ആഴ്ച, ഏറെക്കാലമായി കാത്തിരുന്ന 30,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് എന്‍എസ്ഇക്ക് നിയന്ത്രണ ഏജന്‍സിയുടെ അനുമതി ലഭിച്ചിരുന്നു.

ഇത് രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒ ആയി മാറിയേക്കാം എന്നാണ് കണക്കുകൂട്ടല്‍. 2024-ല്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 27,858.75 കോടി രൂപയുടെ ലിസ്റ്റിംഗിനെയും 2022-ല്‍ എല്‍ഐസി ഓഫ് ഇന്ത്യയുടെ 20,557.23 കോടി രൂപയുടെ ഓഫറിംഗിനെയും എന്‍എസ്ഇ ഐപിഒ മറികടക്കും. പേടിഎമ്മിന്റെ 18,300 കോടി രൂപ (2021), ടാറ്റ ക്യാപിറ്റലിന്റെ 15,511.87 കോടി രൂപ (2025), കോള്‍ ഇന്ത്യയുടെ 15,200 കോടി രൂപ (2010) എന്നിവയുടെ ലിസ്റ്റിംഗുകളെയും ഇത് പിന്നിലാക്കും.

Advertisement

മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തൊട്ടടുത്ത ഭാവിയില്‍ ഓഹരി വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള പദ്ധതികളൊന്നും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈയില്‍, എസ്ബിഐയും അതിന്റെ വിദേശ പങ്കാളിയായ പാരീസ് ആസ്ഥാനമായുള്ള അമുണ്ടിയും ചേര്‍ന്ന് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ ഏകദേശം 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഫണ്ട് ഹൗസ് നടത്തിയ 11,675 കോടി രൂപയുടെ ഈ ഓഹരി വിറ്റഴിക്കല്‍ വലിയ വിജയമായിരുന്നു.

ഇഷ്യൂ 41.66 മടങ്ങ് അധികം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. ലിസ്റ്റിംഗിന് ശേഷം, എസ്ബിഐയുടെ ഓഹരി പങ്കാളിത്തം 61.86 ശതമാനത്തില്‍ നിന്ന് 55.56 ശതമാനമായി കുറഞ്ഞു. അതേസമയം അമുണ്ടിയുടെ ഓഹരി പങ്കാളിത്തം 3.7 ശതമാനം കുറഞ്ഞ് 32.63 ശതമാനമായി.