സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി; 45000 വരെ ശമ്പളം, അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്രൊക്യൂർമെന്റ് & മാർക്കറ്റിംഗ്), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ബി ഡി ഇ) തസ്തികകളിലാണ് ഒരോ ഒഴിവുകൾ വീതമുള്ളത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 11 മാസത്തേക്കായിരിക്കും കരാർ നിയമനം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകിയേക്കും.

Advertisement

തസ്തികകളും യോഗ്യതകളും അറിയാം

മാനേജർ (പ്രൊക്യൂർമെന്റ് & മാർക്കറ്റിംഗ്): അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.എ (മാർക്കറ്റിംഗ്), എം.ബി.എ അഗ്രി ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബന്ധപ്പെട്ട പ്രൊക്യൂർമെന്റ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രൊക്യൂർമെന്റിൽ പരിചയമുള്ളവർക്കും ഇ-ടെൻഡറിംഗിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും. ഐടി വൈദഗ്ധ്യം (MS Office, സോഷ്യൽ മീഡിയ മാനേജ്‌മെന്റ്, AI ടൂളുകൾ എന്നിവയിലെ അറിവ്), ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ മികച്ച ആശയവിനിമയ ശേഷി എന്നിവ നിർബന്ധമാണ്. 2026 ജൂലൈ 1-ന് 40 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം: 45,000 രൂപ.

Advertisement

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ബി ഡി ഇ): ബി.കോം, ബി.ബി.എ, ബി.ബി.എം എന്നിവയിൽ ഏതെങ്കിലും ബിരുദവും മികച്ച ഐടി വിജ്ഞാനവുമാണ് യോഗ്യത. ജനറൽ അഡ്മിനിസ്ട്രേഷൻ, ഗവൺമെന്റ് ഇ-ഫയൽ മെയിന്റനൻസ് സിസ്റ്റം, ഐടി ഡൊമെയ്‌നുകൾ (MS Office, സോഷ്യൽ മീഡിയ മാനേജ്‌മെന്റ്, AI ടൂളുകൾ) എന്നിവയിൽ 3 മുതൽ 4 വർഷം വരെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 2026 ജൂലൈ 1-ന് 30 വയസ്സ് കവിയരുത്. മറ്റ് അലവൻസുകൾ ഇല്ലാതെ പ്രതിമാസം 25,000 രൂപയാണ് ശമ്പളം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ. കാഷ്യൂ ബോർഡിന്റെയോ സി.എം.ഡിയുടെയോ ഓഫീസുകളിൽ നേരിട്ടോ തപാൽ വഴിയോ നൽകുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17 വൈകുന്നേരം 5.00 മണി.