ഭക്ഷണം ഉണ്ടാക്കിയതും കഴിച്ചതുമായ പാത്രങ്ങൾ കഴുകുമ്പോൾ പലപ്പോഴും നമ്മൾ ചെയ്യുന്ന കാര്യമാണ് ബാക്കി വരുന്ന അവശിഷ്ടങ്ങളോ എണ്ണയോ ഒക്കെ സിങ്കിൽ തന്നെ ഇടുക എന്നത്. പാത്രങ്ങളൊക്കെ കഴുകി കഴിഞ്ഞ് വെള്ളം തുറന്ന് വിടുമ്പോൾ അതൊക്ക പോയ്ക്കോളും എന്നാണ് നമ്മുടെ ധാരണ.
എന്നാൽ ഇത്തരം ചെറിയ കാര്യങ്ങൾ നിങ്ങൾക്ക് വലിയ ചിലവുകൾ വരുത്തി വെക്കാൻ സാധ്യത ഉണ്ട്. അടുക്കളയിലെ സിങ്കിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത ചില സാധനങ്ങൾ ഇവയാണ്..
പാചക എണ്ണ
പാചകത്തിന് ഉപയോഗിച്ച എണ്ണ എളുപ്പത്തിൽ ഒഴുകിപ്പോകുമല്ലോ എന്ന് കരുതിയാൽ തെറ്റി. എണ്ണ തണുക്കുമ്പോൾ കട്ടിയായി പൈപ്പിനുളളിൽ പറ്റിപ്പിടിക്കാനും പിന്നീട് പൈപ്പ് അടഞ്ഞ് പോകാനും സാധ്യതയുണ്ട്.
കൊഴുപ്പ്
ഇറച്ചിക്കറിയൊക്കെ വെക്കുമ്പോൾ ഉണ്ടാകുന്ന കൊഴുപ്പും സിങ്കിൽ കളയരുത്. കൊഴുപ്പ് എണ്ണയേക്കാൾ വേഗത്തിൽ കട്ടിയാവുകയും പൈപ്പിൽ തടസ്സമുണ്ടാക്കുകയും ചെയ്യും.
ചോറ് വെള്ളം വലിച്ചെടുത്ത് വീർക്കാൻ സാധ്യതയുളളതാണ് ചോറ്. പെപ്പിനുളളിൽ ചെന്ന് ചോറ് വീർത്ത് വലുതാവുകയും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യാം. പാസ്ത ചോറിനെപ്പോലെ തന്നെയാണ് പാസ്തയും. ഇത് വെള്ളം കുടിച്ച് വലുതാകും. പൈപ്പിനുളളിൽ ഇത് ഉടക്കി നിന്നാൽ മറ്റ് മാലിന്യങ്ങൾ കൂടി വന്ന് അടിയുമ്പോൾ പൈപ്പിൽ അടഞ്ഞ് പോകാൻ കാരണമായേക്കും. മൈദയും ഗോതമ്പ് പൊടിയും സിങ്കിലേക്ക് തുടർച്ചയായി മൈദയും ഗോതമ്പ് പൊടിയും കളഞ്ഞാൽ അത് വെള്ളവുമായി ചേർന്ന് പശ പോലെയായി പൈപ്പിനുളളിൽ പറ്റിപ്പിടിക്കും. ഇതിലേക്ക് മറ്റ് ഭക്ഷണാവശിഷ്ടങ്ങൾ വന്ന് ഒട്ടിപ്പിടിച്ചിരുന്നാൽ പൈപ്പ് അടഞ്ഞ് പോകാനുളള സാധ്യതയുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ പ്ലേറ്റിൽ ബാക്കിവരുന്ന ഭക്ഷണങ്ങൾ വേസ്റ്റ് ബിന്നിലേക്ക് കളയുന്നതിന് പകരം പലരും സിങ്കിലേക്ക് തള്ളാറുണ്ട്. ഇതൊന്നും വെള്ളത്തിൽ അലിഞ്ഞ് പോകണമെന്നില്ല. ചിലത് പൈപ്പിൽ കുടുങ്ങാനും തടസ്സങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്.