തന്റെ ഏറ്റവും പുതിയ സിനിമയായ വരവിന്റെ റിലീസുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം ലൈവിനിടെ ഗുരുതര ആരോപണങ്ങളുമായി നടനും സംവിധായകനുമായ ജോജു ജോര്‍ജ്. മലയാള സിനിമയിലെ താരദമ്പതികള്‍ തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുകയാണ് എന്ന് ജോജു ആരോപിച്ചു. ഒരു പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുന്നു എന്നാണ് ജോജു പറയുന്നത്.
എന്നാല്‍ താരദമ്പതികള്‍ ആരാണ് എന്ന് ജോജു വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല മലയാളത്തിലെ പല പ്രമുഖ താരങ്ങളും തനിക്കെതിരെ പെയ്ഡ് പി ആര്‍ ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ജോജു നായകനായെത്തിയ വരവ് ജൂലൈ 16 നാണ് റിലീസ് ചെയ്തത്. വരവ് സിനിമയ്ക്കെതിരെ നെഗറ്റിവ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട് എന്നും ഇത് ശരിയായ രീതിയല്ല എന്നും താരം തുറന്നടിച്ചു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയില്‍ എത്തിയ താരമാണ് ജോജു ജോര്‍ജ്. 1995 ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം ആണ് ആദ്യ ചിത്രം. തുടര്‍ന്ന് 2013 വരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും മറ്റുമായിരുന്നു അദ്ദേഹം സിനിമയിലുണ്ടായിരുന്നത്. 2013 ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ പൊലീസ് കമ്മീഷണറായി ലഭിച്ച ആദ്യ സുപ്രധാന വേഷത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാനായി. അതേവര്‍ഷം ഇറങ്ങിയ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലും പ്രധാനവേഷം ലഭിച്ചതോടെ സിനിമാ മേഖലയിലെ പ്രമുഖരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ക്ഷണനേരത്തിലായിരുന്നു ജോജുവിന്റെ സിനിമയിലെ വളര്‍ച്ച. സഹനടനായും സ്വഭാവനടനായും ജോജു തിളങ്ങി. 2015-ല്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, യാത്ര ചോദിക്കാതെ, ലുക്ക ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സ്വഭാവനടനുള്ള ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (പ്രത്യേക പരാമര്‍ശം) നേടി. ജോസഫ് എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കും ജോജു ഉയര്‍ന്നു. 2018 ല്‍ ആയിരുന്നു ഇത്. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ ഈ ചിത്രത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചു. 2021 ല്‍ നാായാട്ട് അടക്കം വിവിധ സിനിമകളിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസില്‍ നായകമായത് താരപദവി ഉയര്‍ത്തുകയും ചെയ്തിരുന്നു. അഭിനയത്തിനു പുറമേ, ചാര്‍ലി (2015), ജോസഫ് (2018), ചോള (2019), പൊറിഞ്ചു മറിയം ജോസ് (2019), മധുരം (2021) എന്നിവയുള്‍പ്പെടെ 6 ചിത്രങ്ങള്‍ അദ്ദേഹം തന്റെ പ്രൊഡക്ഷന്‍ ഹൗസിന് കീഴില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2024 ല്‍ പണി എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മൂന്ന് പതിറ്റാണ്ടോളം തുടര്‍ന്ന ശേഷമാണ് ജോജു സിനിമയില്‍ ഉയരങ്ങളിലെത്തിയത്. അതുകൊണ്ട് തന്നെ ജോജുവിന്റെ വളര്‍ച്ചയെ എല്ലാവരും ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. ഏതായാലും താരദമ്പതികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന ജോജുവിന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് സിനിമാലോകം. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ജോജു ജോര്‍ജ് - ഷാജി കൈലാസ് കോംബോ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു വരവ്. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ വരവിന് റിലീസിന് ശേഷം സമ്മിശ്രപ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.