ശ്വേത മേനോന്‍ മുന്നോട്ട് പോകാന്‍ വരട്ടെ; അന്‍സിബ പിന്നാലെ, കോടതിയിലെ ഹര്‍ജിയില്‍ കക്ഷിചേരും

കൊച്ചി: പ്രഖ്യാപിച്ച രാജിയില്‍ മലക്കംമറിഞ്ഞ ശ്വേത മേനോന്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ ആശ്വാസത്തിലാണ്. രാജിവെക്കാത്ത എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് കണക്കു ശരിയാക്കാനാണ് അവരുടെ നീക്കം. ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനാണത്രെ പദ്ധതി. എന്നാല്‍ ഒരുപിടി ചോദ്യങ്ങളാണ് ശ്വേതയെ കാത്തിരിക്കുന്നത്.

Advertisement

അതിനിടെ, ശ്വേത സമര്‍പ്പിച്ച ഹര്‍ജിയില്‍ നടി അന്‍സിബ ഹസന്‍ കക്ഷി ചേരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞിട്ടുണ്ട്. കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പിഷാരടി എംഎല്‍എ രാജിവെക്കുകയും ചെയ്തു. പിന്നാലെ വീണ്ടും സജീവമാകാന്‍ ശ്വേത ഒരുങ്ങുന്നതിനിടെയാണ് അന്‍സിബയുടെ രംഗപ്രവേശം.

Advertisement

നിലവില്‍ ടിനി ടോം, ലക്ഷ്മി പ്രിയ എന്നിവര്‍ക്കെതിരെ അന്‍സിബ ഹസന്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടുണ്ട്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതിരുന്നപ്പോഴാണ് അന്‍സിബ കോടതിയില്‍ പോയതും രണ്ടുപേര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതും. പോലീസില്‍ നിന്ന് ലഭിക്കാത്ത നീതി കോടതിയില്‍ നിന്ന് കിട്ടി എന്ന ആശ്വാസത്തിലാണ് അന്‍സിബ.

ഒരിക്കലും പിന്നോട്ടില്ല എന്ന നിലപാടിലാണ് അന്‍സിബ ഹസന്‍. ജൂണ്‍ 21ന് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ കണക്കു കാണിക്കാതിരുന്ന ശ്വേത മേനോന്‍ നിരവധി ചോദ്യങ്ങളാണ് നേരിട്ടത്. ബിജെപി ബന്ധത്തെ കുറിച്ചുള്ള ചോദ്യവും നേരിട്ടു. ഈ വേളയില്‍ താനും തന്റെ കമ്മിറ്റിയും രാജിവെക്കുന്നു എന്നും സംഘടനയില്‍ നിന്നുള്ള പ്രാഥമിക അംഗത്വവും ഒഴിയുന്നു എന്നും ശ്വേത മേനോന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചു. ശ്വേത മോദി ഭക്തയാണ് എന്ന് ബിജെപി നേതാവ് എസ് സുരേഷ് പിന്നീട് വെളിപ്പെടുത്തി.

Advertisement

ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത പ്രസിഡന്റ് പാതി വഴിയില്‍ രാജി പ്രഖ്യാപിച്ച് പുറത്തുപോയതോടെ മറ്റു അംഗങ്ങള്‍ ചേര്‍ന്ന് താല്‍ക്കാലിക സമിതി രൂപീകരിച്ച കാര്യം നടന്‍ ജഗദീഷ് ആണ് മാധ്യമങ്ങളെ അറിയിച്ചത്. രമേശ് പിഷാരടിയെ അഡ്‌ഹോക് കമ്മിറ്റിയുടെ അധ്യക്ഷനാക്കുകയും ചെയ്തു. എങ്കിലും ഇവര്‍ക്ക് അമ്മയുടെ സംഘടനാ സംവിധാനത്തില്‍ പൂര്‍ണമായി ഇടപെടാന്‍ അവസരം കിട്ടിയിരുന്നില്ല.

ദിവസങ്ങള്‍ പിന്നിടവെയാണ് താന്‍ രാജിവെച്ചിട്ടില്ലെന്നും പ്രസിഡന്റായി തുടരുമെന്നും ശ്വേത വെളിപ്പെടുത്തിയത്. എറണാകുളം മുന്‍സിഫ് കോടതിയില്‍ നിന്ന് അഡ്‌ഹോക് കമ്മിറ്റിക്കെതിരായ വിധിയും നേടി. കണക്കുകള്‍ ശരിയാക്കി ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് തന്റെ കൈ ശുദ്ധമാണ് എന്ന് തെളിയിക്കാനാണ് ശ്വേതയുടെ നീക്കം. ശേഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനും ആലോചിക്കുന്നുണ്ടത്രെ. ഈ വേളയില്‍ അന്‍സിബ മുന്‍സിഫ് കോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാല്‍ കോടതി നിലപാട് എന്താകും, ശ്വേതയുടെ കമ്മിറ്റിയും അഡ്‌ഹോക് കമ്മിറ്റിയും നിലനില്‍ക്കുമോ, തര്‍ക്കം രൂക്ഷമാകുമോ എന്നെല്ലാം അറിയാന്‍ കാത്തിരിക്കണം.