ബിഗ് ബോസിലെത്തിയ രാഹുൽ ഈശ്വറിനെ പരിഹസിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. രാഹുൽ ഈശ്വരും റിനി ആൻ ജോർജും തമ്മിലുള്ള പോര് പ്രതീക്ഷവർക്ക് ഷോ വലിയ നിരാശയാണ് നൽകിയതെന്നും ഇരുവരും ഇപ്പോൾ സൌഹൃദം ഊട്ടിയുറപ്പിച്ച് മുന്നോട്ട് പോകുകായണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ബിഗ് ബോസ് സീസണ്‍ 8 നെ കുറിച്ച് സംവിധായകൻ്റെ വാക്കുകൾ ഇങ്ങനെ
'ബിഗ് ബോസ് സീസൺ 8 രൂപത്തിലും ഭാവത്തിലും പുതിയ ഒരു ആശയം ഉയർത്തി കാണിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ഡെമോക്രസി , അതെങ്ങനെ പ്രാവർത്തികമാക്കാൻ കഴിയും. അത് ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം. ജനാധിപത്യ രാജ്യത്ത് എന്തൊക്കെ നടക്കണം. നടക്കാൻ പാടില്ലാത്തത് എന്തെല്ലാം എന്ന വലിയൊരു സന്ദേശവും ഉദ്ദേശവും അതിന്റെ പിന്നിലുണ്ട് .ഈ കോൺസെപ്റ്റ് മറ്റ് ഏഴ് സീസണുകളെ അപേക്ഷിച്ച് വ്യത്യസ്തവും ആകർഷണീയവുമാണ്. അല്ലാതെ ബലൂൺ പൊട്ടിക്കലും ബോൾ ഉരുട്ടലും കുട്ടിയും കോലും കളിയും ഒന്നുമായിരുന്നില്ല.
ഈ പ്രാവശ്യത്തെ മത്സരാർത്ഥികളെ തിരഞ്ഞെടുത്തതിലും ഏറെ വ്യത്യസ്തതയും ശ്രദ്ധയും പുലർത്തിയിരുന്നു. ഒരുമാസം നീണ്ടുനിന്ന അഗ്നിപരീക്ഷയിലൂടെ മനനം ചെയ്തെടുത്ത മിടുക്കന്മാരായ നാല് കോമണേഴ്സും സമൂഹമാധ്യമത്തിന്റെ വിവിധ തുറകളിൽ നിന്നും വേറിട്ട പാതകളിലൂടെ തങ്ങളുടെ കഴിവുകൾ തെളിയിച്ച മത്സരാർത്ഥികളും നിറഞ്ഞതാണ് സീസൺ 8 .അതിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളാണ് ജനാധിപത്യ രാജ്യത്തെ ജനങ്ങൾ. ഇവരൊക്കെ ചേർന്ന് ജനാധിപത്യപരമായി വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തതാണ് ഒരു ഭരണാധികാരിയെയും രണ്ട് അനുയായികളേയും. ഇവർ നടപ്പിലാക്കിയതാകട്ടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയും. ജസീല പർവീൻ എന്ന ഭരണാധികാരിക്ക് സവിശേഷമായ ചില അധികാരം ലഭിച്ചിരുന്നു, ഈ അധികാരത്തെ ദുർവിനിയോഗം ചെയ്തുകൊണ്ട് ജനഹിതത്തെ അട്ടിമറിച്ചുകൊണ്ട് മത്സരാർത്ഥിയും നടിയും മോഡലുമായ ഗായത്രി സുരേഷിനെ പുറത്താക്കി, ഒരുപാട് സ്വപ്നങ്ങളുമായി വലിയ തയ്യാറെടുപ്പോടു കൂടി വളരെ പ്രതീക്ഷയോടെ, സന്തോഷത്തോടെ ബിഗ് ബോസിലേക്ക് കയറിയ ഗായത്രി സുരേഷിന് ശരിക്കൊന്ന് ചുവടുറപ്പിക്കുവാനുള്ള സമയം അനുവദിക്കാതെ അവരുടെ പ്രതീക്ഷയുടെയും സ്വപ്നത്തിന്റെയും ചിറകരിഞ്ഞു വീഴ്ത്തി എന്നത് അവരെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു എന്നവർ പറയുന്നുണ്ട്. ഇവിടെ ജനഹിതം അനുസരിച്ച് ശരിക്കും പുറത്താക്കേണ്ടിയിരുന്നത് റിനി ആൻ ജോർജിനെ ആയിരുന്നു. എന്നാൽ ഇവിടെ ഭരണം കയ്യിൽ ലഭിച്ചപ്പോൾ ഭരണാധികാരി ഏകാധിപതിയായി മാറുകയായിരുന്നു .തന്നെയും കൂട്ടാളികളെയും തിരഞ്ഞെടുക്കാൻ വേണ്ടി നടത്തിയ മോഹന വാഗ്ദാനങ്ങൾ എല്ലാം തന്നെ ജസീല കാറ്റിൽ പറത്തി. തന്റെ പുറത്താക്കൽ പ്രാങ്ക് ആണെന്ന് കരുതിയ ഗായത്രി അത് യാഥാർഥ്യമാണെന്ന് ബോധ്യപ്പെട്ടപ്പോൾ ഉണ്ടായ ഞെട്ടലും സങ്കടവും സഹിക്കവയ്യാതെ തനിക്കൊരു അവസരം കൂടി നൽകണമെന്ന് കേണ അപേക്ഷിക്കുന്ന കാഴ്ച പ്രേക്ഷകർക്കും സങ്കടം ഉണ്ടാക്കുന്നതായിരുന്നു. പുറത്തിറങ്ങിയ ഗായത്രിക്ക് പ്രേക്ഷകർ നൽകിയ സ്നേഹവും സാന്തനവും അവർക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല എന്നവർ പറയുന്നു. പുരുഷന്മാരുടെ വേദനകൾ കണ്ടും കേട്ടും സഹികെട്ട രാഹുൽ ഈശ്വർ അവരുടെ നീതിക്ക് വേണ്ടി പടവെട്ടാനും തന്റെ മെൻസ് കമ്മീഷൻ എന്ന ആശയം ലോകം മുഴുവൻ എത്തിക്കുവാനും വേണ്ടിയാണ് ബിഗ് ബോസിൽ എത്തിയത്, രാഹുൽ ചെന്ന് പെട്ടതോ റിനി ആൻഡ് ജോർജിന്റെ മുന്നിൽ. രാഹുൽ ഈശ്വരും റിനിയും തമ്മിൽ രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊരിഞ്ഞ യുദ്ധം നടന്നിരുന്നു. എന്തിന് ആ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ജയിൽവാസവും നിരാഹാരവും ഒക്കെ അനുഷ്ഠിച്ചതായിരുന്നു. ഈ കാരണം കൊണ്ടുതന്നെ പ്രേക്ഷകർ ഇവർ തമ്മിലുള്ള നേർക്കുനേരുള്ള ഒരു ഫൈറ്റ് അതിനകത്ത് പ്രതീക്ഷിച്ചിരുന്നു. ആദ്യദിവസം ചെറിയ അസ്വാരസ്യങ്ങൾ ഇവർ തമ്മിൽ ഉണ്ടായെങ്കിലും പ്രേക്ഷക പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഇവർ സൗഹൃദബന്ധം ഊട്ടി ഉറപ്പിക്കുകയാണ് ചെയ്തത്. പരസ്പര സ്നേഹത്തോടെയും കരുതലോടെയുമാണ് ഇവർ രണ്ടുപേരും ചേർന്ന് ഓരോ കാര്യങ്ങളിലും ഇടപെടൽ നടത്താറുള്ളതും പറയാറുള്ളതും. ഇപ്പോൾ പരസ്പര പുകഴ്ത്തലുകളിലേക്ക് വഴിമാറിയിരിക്കുകയാണ് ഇവരുടെ സൗഹൃദം .പുരുഷപക്ഷമൊക്കെ കെട്ടിപ്പൂട്ടി പെട്ടിയിൽ വെച്ചിട്ട് സ്ത്രീപക്ഷവാദിയായി മാറിയിരിക്കുകയാണ് രാഹുൽ. തന്നെയുമല്ല പഴയ മലയാളി ഹൗസിനെ അനുസ്മരിക്കും വിധം മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ശരിക്കും രാഹുൽ ഈശ്വർ ഒരു നനഞ്ഞ പടക്കമായി മാറി കണ്ടെന്റ് ഇല്ലാതെ ഉഴലുകയാണ്. അതുകൊണ്ടായിരിക്കാം ഒരു മധ്യസ്ഥന്റെ മേലങ്കയണിയാൻ തയ്യാറായത് .എന്നാൽ അങ്ങനെ ഒരു മധ്യസ്ഥൻ ആകേണ്ട എന്ന് ബിഗ് ബോസ് പറഞ്ഞതോടുകൂടി വല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്നു പോവുകയാണ് അദ്ദേഹം. ഇതൊക്കെയാണെങ്കിലും പുറത്ത് പിആർ ഏജൻസികൾ അദ്ദേഹത്തിനു വേണ്ടി നന്നായി പണിയെടുക്കുന്നുണ്ട്. ഇപ്രാവശ്യം പിആർ ഏജൻസികളെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടാണ് മിക്കവാറും എല്ലാവരും പോയിരിക്കുന്നത്. അതുകൊണ്ട് അവിടെ നടക്കുന്ന പെർഫോമൻസിന്റെയോ ടാസ്കിന്റെയോ നിലപാടുകളുടെയോ ഒന്നിന്റെയും അടിസ്ഥാനത്തിലല്ല സോഷ്യൽ മീഡിയയിലൂടെ പിന്തുണ നേടുന്നത്. ജനഹിതത്തെ പ്രേക്ഷക ഹിതത്തെ പിആർ വർക്കേഴ്സ് അട്ടിമറിക്കുകയാണ്.