നിവിന് മുന്നിൽ മോഹൻലാലും കല്യാണിയും വീണു, ഇനി വാഴ 2 മാത്രം, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ബികെയു

നിവിന്‍ പോളിയുടെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് (ബികെയു). റിലീസ് ചെയ്ത് 20 ദിവസത്തോളമായിട്ടും ചിത്രം നിറഞ്ഞ തിയറ്ററുകളിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ ഹിറ്റ് എന്ന റെക്കോര്‍ഡിലേക്കാണ് ബികെയുവിന്റെ പോക്ക് എന്ന് പറയാം.

Advertisement

നിരവധി റെക്കോര്‍ഡുകള്‍ വെട്ടി നിരത്തിക്കൊണ്ടാണ് ബികെയുവിന്റെ മുന്നേറ്റം. നിവിന്‍ പോളി-മമിത ബൈജു ചിത്രത്തിന്റെ പടയോട്ടത്തിന് മുന്നില്‍ വീണവരില്‍ മോഹന്‍ലാലിന്റെ ദൃശ്യം വരെയുണ്ട്. ഏറ്റവും വേഗത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രങ്ങളില്‍ വാഴ 2വിനൊപ്പം മുന്നിലെത്തിയിരിക്കുകയാണ് ബികെയു. വാഴ 2വും ബികെയുവും 15 ദിവസം കൊണ്ടാണ് 100 കോടി തികച്ചത്.

Advertisement

ആഗോളതലത്തില്‍ ഇപ്പോള്‍ 250 കോടി കളക്ഷന്‍ കടന്ന് മുന്നേറുകയാണ് ചിത്രം. ഇരുപതാം ദിവസമെത്തി നില്‍ക്കുമ്പോള്‍ ബികെയു ആകെ നേടിയിരിക്കുന്ന കളക്ഷന്‍ 279.50 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് പതിനാറാം ദിവസം തന്നെ ബികെയു 250 കോടി എന്ന ബെഞ്ച് മാര്‍ക്ക് കടന്നിരുന്നു. നിവിന്‍ പോളിയുടെ കരിയറില്‍ ഇതാണ് ഏറ്റവും മികച്ച കളക്ഷന്‍.

അവസാനം പുറത്തിറങ്ങിയ സര്‍വ്വം മായ 131 കോടിയുടെ ഇരട്ടിയാണ് ബികെയു സ്വന്തമാക്കിയിരിക്കുന്നത്. ബികെയു 200 കോടി കടന്നതോടെ ഒരു വര്‍ഷം മൂന്ന് തവണ 200 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന രാജ്യത്തെ തന്നെ നടിമാരില്‍ ആലിയ ഭട്ടിനും ദീപിക പദുക്കോണിനുമൊപ്പം ഇടം പിടിച്ചിരിക്കുകയാണ് ചിത്രത്തിലെ നായികയായ മമിത ബൈജു.

Advertisement

ബോക്‌സ് ഓഫീസ് തൂക്കിയടിച്ച മോഹന്‍ലാലിന്റെ ദൃശ്യം 3യുടെ ആഗോള കളക്ഷനായ 239.83 കോടിയെ മൂന്നാം ആഴ്ചയില്‍ തന്നെ ബികെയു മറികടന്നിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ദൃശ്യം 3 ഇതുവരെ. ഇപ്പോഴത് നാലാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കല്യാണി പ്രിയദര്‍ശന്റെ ലോക-ചാപ്റ്റര്‍ 1 ചന്ദ്രയേയും തൂക്കിയിരിക്കുകയാണ് ബികെയു.

കേരള ബോക്‌സ് ഓഫീസില്‍ ഇതുവരെ 123.35 കോടിയാണ് ബികെയുവിന്റെ കളക്ഷന്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റ് എന്ന ചരിത്ര നേട്ടത്തിന് ഇനി ബികെയുവിന് മുന്നിലുളളത് വാഴ 2 മാത്രമാണ്. വാഴ 2വിന്റെ കേരള കളക്ഷന്‍ 127.68 കോടിയാണ്. വാഴയെ വീഴ്ത്താന്‍ ഇനി ബികെയുവിന് വേണ്ടത് 4.3 കോടി മാത്രമാണ്. മൂന്നാമത്തെ ആഴ്ചയും ശക്തമായി തന്നെ തിയറ്ററുകളില്‍ തുടരുന്ന ചിത്രം അങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ അധികം വൈകാതെ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറും.