എല്ലാ ബിഗ് ബോസ് സീസണുകളിലും പതിവായി കാണുന്ന ചില രീതികളുണ്ട്, അതല്ലെങ്കിൽ മത്സരാർത്ഥികളുടെ സ്‌ട്രാറ്റജി എന്ന് തന്നെ വേണമെങ്കിൽ പറയാം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഒറ്റയ്ക്ക് ഹൗസിലെ മറ്റ് മത്സരാർത്ഥികൾക്ക് എതിരെ നിൽക്കുക എന്നത്. പല സീസണുകളിലും ഇത് വിജയം കാണുകയും ചെയ്‌തിട്ടുണ്ടെന്ന് നിസംശയം പറയാം. ഡോ. രജിത് കുമാർ, അഖിൽ മാരാർ, അനീഷ് തുടങ്ങിയവർ ഒക്കെ ഈ തന്ത്രം കൃത്യമായി പയറ്റിയവരാണ്.
എന്നാൽ അതുപോലെ തന്നെ ബിഗ് ബോസിൽ കാലങ്ങളായി കണ്ടുവരുന്ന രീതികളിൽ ഒന്നാണ് ലൗ ട്രാക്ക്. രണ്ട് മത്സരാർത്ഥികൾ തമ്മിലുള്ള പ്രണയം ബിഗ് ബോസ് ആരാധകരെ സംബന്ധിച്ച് വളരെ ഇഷ്‌ടപ്പെട്ട സാഹചര്യമാണ്. മുൻ സീസണുകളിൽ പേളി മാണി-ശ്രീനിഷ്, ഡോ. റോബിൻ-ദിൽഷ പ്രസന്നൻ, ജാസ്‌മിൻ-ഗബ്രി തുടങ്ങി ഒട്ടേറെ കോംബോകൾ ഇത്തരത്തിൽ നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ എട്ടാം സീസണിലും അതിന് മാറ്റം വന്നിട്ടില്ല. ഇക്കുറി ബിഗ് ബോസ് ആരംഭിച്ച് ഒരു ആഴ്‌ചയ്ക്ക് ഉള്ളിൽ തന്നെ അത് തുടങ്ങിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കടൽകൊമ്പനും ഐശ്വര്യയുമാണ് നിലവിൽ ബിഗ് ബോസിലെ ശ്രദ്ധാ കേന്ദ്രങ്ങൾ. ആരാധകർ തന്നെയാണ് ഇരുവരും ലൗ ട്രാക്ക് പിടിക്കാനുള്ള ശ്രമത്തിലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. നേരത്തെ പ്രണയത്തെ കുറിച്ച് മറ്റ് മത്സരാത്ഥികളുടെ ചോദ്യത്തിന് അത്തരത്തിൽ ഒന്നും ഇല്ലെന്നാണ് ഐശ്വര്യ നൽകിയ മറുപടി. ഏറ്റവുമടുത്ത സുഹൃത്തായിട്ടാണ് കൊമ്പനെ കാണുന്നതെന്നാണ് ഐശ്വര്യ പറഞ്ഞിട്ടുള്ളത്. എന്നാൽ കടൽകൊമ്പന് പെൺകുട്ടികളോട് ഒരുപാട് പഴകിയിട്ടുള്ള ശീലമില്ലെന്നും ഒരുപക്ഷെ ഐശ്വര്യ കാണിക്കുന്ന അടുപ്പം താരത്തിന് പ്രണയമായി തോന്നിയേക്കാമെന്നും മുന്നറിയിപ്പ് നൽകിയെങ്കിലും അത് ഐശ്വര്യ കാര്യമായി എടുത്തിട്ടില്ലെന്ന് വേണം പറയാൻ. നിലവിൽ ബിഗ് ബോസ് എട്ടാം സീസൺ ശൈശവ ദശയിൽ ആയതിനാൽ ലവ് ട്രാക്ക് കൊണ്ട് കാര്യമായ ഗുണം ഉണ്ടാവില്ലെന്നാണ് ചില ആരാധകരുടെ വാദം. അതിന് അവർ കാരണമായി പറയുന്നത് ആദ്യത്തെ ആഴ്‌ച പോലും അവസാനിച്ചിട്ടില്ല എന്നതാണ്. ഇരുവരും മത്സരത്തിൽ വളരെ മികവ് പുലർത്തുകയോ അല്ലെങ്കിൽ ശ്രദ്ധ നേടുകയോ ചെയ്‌തിട്ടില്ല എന്നതിനാൽ നോമിനേഷനിൽ വരാനും പുറത്താകാനും സാധ്യത ഉണ്ടെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. മുൻ ലവ് ട്രാക്കുകൾ സൂചിപ്പിച്ചു കൊണ്ടും ആരാധകർ പ്രതികരിക്കുന്നുണ്ട്. ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ ആരും പയറ്റാത്ത പുത്തൻ പുതിയ അടവുമായി കൊമ്പനും കൊമ്പിയും. എല്ലാ സീസണിലും ഇത് നിർബന്ധ..പണ്ടെങ്ങോ പേർളി ശ്രീനി കോംബോ വർക്ക് ഔട്ട് ആയി.. അതിന് ശേഷം ഇതുവരെ ഈ പരിപാടിക്ക് രാശി തെളിഞ്ഞിട്ടില്ല; എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.