ബിഗ് ബോസ് ഹൗസിൽ ഗായത്രിക്ക് കുറച്ചുകൂടി സമയം കൊടുക്കാമായിരുന്നു, ഈ ട്രോളുകൾ അവർ അർഹിക്കുന്നില്ല

ബിഗ് ബോസ് എട്ടാം സീസൺ ആരംഭിച്ചതോടെ അതിനെ കുറിച്ചുള്ള ചർച്ചകളും സജീവമാവുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇക്കുറി ആദ്യ ദിനങ്ങളിൽ തന്നെ പ്രതീക്ഷിക്കാത്ത പല സർപ്രൈസുകളും ട്വിസ്‌റ്റുകളും ഒക്കെ ഒരുക്കിയ ബിഗ് ബോസ് പല തീരുമാനങ്ങൾ കൊണ്ടും ഞെട്ടിക്കുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. അതും വളരെ പ്രതീക്ഷയോടെ ബിഗ് ബോസിൽ എത്തിയ പ്രധാന മത്സരാർത്ഥികളിൽ ഒരാൾ പുറത്തേക്ക് പോയിരിക്കുകയാണ്.

Advertisement

നടിയും മോഡലുമായ ഗായത്രി സുരേഷാണ് ഇക്കുറി എവിക്റ്റ് ആയത്. അതും ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഗായത്രി പുറത്തേക്ക് പോവുകയായിരുന്നു. അതിന് പിന്നാലെ വിമർശനവും ശക്തമാണ്. ഗായത്രിയെ പോലെ ഒരു മത്സരാർത്ഥിയെ പ്രേക്ഷകരുടെ സമ്മതം പോലുമില്ലാതെ പുറത്താക്കിയത് മോശമായി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Advertisement

മറ്റ് ചിലരാവട്ടെ സീസണിൽ കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാൻ ശേഷിയുള്ള മത്സരാർത്ഥി ആയിരുന്നു ഗായത്രി എന്നും പറയുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ ഗായത്രിയെ പിന്തുണച്ച് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. ഗായത്രി ഇത്രയും പരിഹാസം അർഹിക്കുന്ന ആളല്ലെന്നും എന്നിട്ടും അനാവശ്യമായി അവർ ട്രോൾ ചെയ്യപ്പെടുകയാണെന്നും ബിജിൻ എന്ന പ്രേക്ഷകനാണ് കുറിച്ചിരിക്കുന്നത്.

ആരാധകന്റെ കുറിപ്പ് ഇങ്ങനെ: സിനിമയിലേക്ക് വളരെ എളുപ്പത്തിൽ എത്തിയ ഒരാൾ... പക്ഷേ അവിടെ തുടരുക അത്ര എളുപ്പമായിരുന്നില്ല. സിനിമാമേഖലയിൽ ഒരു ചെറിയ സാന്നിധ്യം ഉണ്ടാക്കാൻ പോലും ഒരുപാട് പേർ വർഷങ്ങളോളം കഷ്‌ടപ്പെടുമ്പോൾ, താരതമ്യേന എളുപ്പത്തിൽ സിനിമയിലേക്ക് കടന്നുവന്ന ആളാണ് ഗായത്രി സുരേഷ്. അതും കുഞ്ചാക്കോ ബോബന്റെ നായികയായി ശ്രദ്ധിക്കപ്പെട്ടൊരു തുടക്കം. പിന്നീട് ടൊവിനോയ്ക്കൊപ്പവും അഭിനയിച്ചു. ഒരു നല്ല കരിയർ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാവുന്ന തുടക്കം തന്നെയായിരുന്നു.

Advertisement

പക്ഷേ പിന്നീട് സിനിമയ്ക്ക് പുറത്തുണ്ടായ ചില സംഭവങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള പരിഹാസങ്ങളും അവരുടെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. ഒരാളുടെ ചെറിയൊരു പിഴവിനെയോ വ്യത്യസ്‌തമായ പെരുമാറ്റത്തെയോ എടുത്ത് അതിനെ നിരന്തരം പരിഹസിക്കുന്നത് എത്രത്തോളം ശരിയാണ്? ഗായത്രി അത്രയും പരിഹാസങ്ങൾ അർഹിച്ചിരുന്നോ? ഒരിക്കലുമില്ല.

ഒരാളെ കളിയാക്കുന്നത് എളുപ്പമാണ്. പക്ഷേ ആ പരിഹാസങ്ങൾ ആ വ്യക്തിയുടെ ആത്മവിശ്വാസത്തെയും കരിയറിനെയും ജീവിതത്തെയും എത്രത്തോളം ബാധിക്കുമെന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ ഗായത്രിയെ പരിഹസിക്കുന്ന കുറിപ്പുകൾക്ക് ഒരു പ്രതികരണം കൊണ്ട് പോലും പിന്തുണ നൽകാൻ തോന്നിയിട്ടില്ല.

ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോഴും വീണ്ടും അവർ ഒരു പരിഹാസ കഥാപാത്രമായി മാറുന്ന സാഹചര്യമുണ്ടായത് സങ്കടകരമാണ്. അതിനിടയിൽ, തുടക്കത്തിൽ തന്നെ പുറത്താക്കപ്പെട്ടുവെന്ന വാർത്തയും കേൾക്കുന്നു. ചെയ്യരുതായിരുന്നു. കാരണം ഗായത്രിയുടെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്. തന്നെ പരിഹസിക്കുന്നവരെ കണ്ടാലും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമില്ല. അപമാനിക്കപ്പെട്ടാലും തിരിച്ചടിക്കാൻ ശ്രമിക്കാറില്ല. സ്വന്തം രീതിയിൽ കാര്യങ്ങളെ നേരിടുന്ന ഒരു നിഷ്‌കളങ്കത അവരിലുണ്ട്.

Advertisement

ബിഗ് ബോസിലും അത് തന്നെയാണ് കണ്ടത്. ഒന്ന് കരയുക പോലും ചെയ്യാതെ, അന്തസ്സോടെ പുറത്തേക്ക് നടന്നുപോയ ഗായത്രി. ഇത് ഒരു തമാശ മാത്രമാണെന്നും തിരികെ വിളിക്കുമെന്നും പ്രതീക്ഷിക്കുന്നവരും ഉണ്ടാകും. പക്ഷേ അങ്ങനെ അല്ലെങ്കിൽ പോലും, കുറച്ചുകൂടി സമയം ഗായത്രിക്ക് ബിഗ് ബോസ് ഹൗസിൽ ലഭിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു.

"യഥാർഥമായ ആളുകളെ തിരഞ്ഞെടുക്കുന്ന പരിപാടി" എന്ന് പറയുമ്പോൾ, ശരിക്കും യഥാർഥമായ മനുഷ്യർക്കും അവിടെ ഒരു സ്ഥാനം വേണ്ടേ? കുറവുകളുള്ള മനുഷ്യരാണ് നമ്മളെല്ലാം. തെറ്റുകൾ സംഭവിക്കാം. പക്ഷേ ഒരാളുടെ ഒരു തെറ്റിനെ മാത്രം അയാളുടെ മുഴുവൻ വ്യക്തിത്വമാക്കി മാറ്റരുത്. ഗായത്രി സുരേഷ്... നിങ്ങളുടെ യാത്രയ്ക്ക് ഒരുപാട് ആശംസകൾ. പരിഹാസങ്ങൾക്കപ്പുറം നിങ്ങളെ കാണാനും മനസ്സിലാക്കാനും കഴിയുന്ന ഒരുപാട് ആളുകൾ ഇപ്പോഴും ഇവിടെയുണ്ട്.