ബിഗ് ബോസ് സീസൺ 8; ആരൊക്കെ ഇറങ്ങും? പട്ടികയിൽ വൻ പേരുകളും, സാധ്യത പട്ടിക പറയുന്നത് ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസൺ 8-നായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. സംഭവബഹുലമായ ഏഴാം സീസണിന് ശേഷം എത്തുന്ന ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് എട്ടിന്റെ പണി തന്നെ നൽകുമെന്നാണ് ഇതുവരെയുള്ള സൂചന. ഷോയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ദിനംപ്രതി ഉയരുന്നതിനിടെ ആരൊക്കെയാവും മത്സരാർത്ഥികളായി എന്നാണ് ആരാധകരിൽ ഏറെയും ഉറ്റുനോക്കുന്ന കാര്യം.

Advertisement

അതിനിടെ കോമണർ മത്സരാർത്ഥിയെ തിരഞ്ഞെടുക്കുന്ന പ്രീ-ഷോയായ 'അഗ്നിപരീക്ഷ' ഉടൻ ആരംഭിക്കുമെന്ന സൂചനകൾക്കിടെ, ഇത്തവണ മോഹൻലാൽ അവതാരകനാകുന്ന ഷോയിലേക്ക് ആരൊക്കെയാകും എത്തുകയെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സെലിബ്രിറ്റികളുടെ പേരുകളാണ് ആരാധകരുടെ പ്രവചന പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

Advertisement

അതിൽ ഏറെയും സീരിയൽ, സോഷ്യൽ മീഡിയ രംഗത്ത് നിന്നുള്ളവരുടേതാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ തവണയും സമാനമായി സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ തന്നെയാണ് കൂടുതലായും ഇതിൽ ഇടംപിടിച്ചത്. ഇപ്പോൾ സീസൺ പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ പലരുടെയും പേരുകൾ ആരാധകർ ഉയർത്തി കാട്ടുന്നുണ്ട്.

ഇതിൽ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേരുകളിൽ ഒന്നാണ് സീരിയൽ നടി ഐശ്വര്യ റാംസായിയുടേത്. മൗനരാഗം എന്ന സീരിയലിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയ താരം ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിലും പ്രവചന പട്ടികയിൽ ഇടംപിടിച്ചിരുന്ന പ്രമുഖ അവതാരകൻ റോഹൻ ഇത്തവണയും സാധ്യതാ പട്ടികയിലുണ്ട്.

Advertisement

അടുത്തിടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച നടി അഞ്ജലി നായർ ഇത്തവണ മത്സരാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അതുപോലെ, സ്‌റ്റർ മാജിക് അവതാരകയായ ലക്ഷ്‌മി നക്ഷത്ര ബിഗ് ബോസ് വീട്ടിലെത്തണമെന്നാണ് നിരവധി ആരാധകരുടെ ആഗ്രഹം. മറുവശത്ത് വിവാദങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധ നേടിയ നടൻ ആദിത്യൻ എല്ലാ വർഷവും പോലെ ഇത്തവണയും പ്രവചന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മോഡലും ഇൻഫ്ലുവൻസറുമായ ജാസി, സോഷ്യൽ മീഡിയയിൽ വൈറലായ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടിയ അലിൻ ജോസ്, കഴിഞ്ഞ സീസണിൽ ഏറെ ചർച്ചയായ പിആർ പ്രൊഫഷണൽ വിനു വിജയ് എന്നിവരും സാധ്യതാ മത്സരാർത്ഥികളായി ആരാധകർ ചൂണ്ടിക്കാണിക്കുന്ന പേരുകളാണ്.

Advertisement

ഇതിന് പുറമെ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അപർണ തോമസ്, ടെലിവിഷൻ താരം ജീവൻ ഗോപാൽ, നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിവേക് ഗോപൻ എന്നിവരുടെ പേരുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരസ്‌പരം സീരിയലിലൂടെ ശ്രദ്ധ നേടിയ വിവേക് ഗോപൻ അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.

അതേസമയം, ഇവരാരും ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. നിലവിൽ സോഷ്യൽ മീഡിയയിലും ആരാധക ഗ്രൂപ്പുകളിലും പ്രചരിക്കുന്ന പ്രവചന പട്ടിക മാത്രമാണിത്. മത്സരാർത്ഥികളുടെ അന്തിമ പട്ടിക ഷോയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാകും അറിയുക.