ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി; വരൻ തമിഴ്‌നാട് സ്വദേശി, ചടങ്ങുകൾ ഗുരുവായൂരിൽ

ബിഗ് ബോസ് വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോൾ വിവാഹിതയായി. ഗുരുവായൂരിൽ വച്ച് നടന്ന ലളിതമായ ചടങ്ങുകളിൽ തമിഴ്‌നാട് സ്വദേശിയായ ഭുവനേഷാണ് അനുമോളുടെ കഴുത്തിൽ വരണമാല്യം അണിയിച്ചത്. ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും അനുമോൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.

Advertisement

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത് ശ്രദ്ധേയമായ കാഴ്‌ചയായി. വിവാഹചിത്രങ്ങൾ അനുമോൾ തന്നെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മഞ്ഞ കസവണിഞ്ഞാണ് ഇരുവരും വിവാഹ ദിനത്തിൽ എത്തിയത്.

Advertisement

അതിനിടെ കഴിഞ്ഞ ദിവസം അനുമോൾ പങ്കുവച്ച ചിത്രങ്ങളിൽ ആരാധകർ സംശയം ഉയർത്തിയിരുന്നു. വിവാഹമാണെന്ന് ഉറപ്പിച്ചു പറയാതെ ആയിരുന്നു അനുമോൾ ചിത്രങ്ങൾ പങ്കുവച്ചത്. കസവ് സാരി അണിഞ്ഞ അനുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ചേർന്ന് ഒരുക്കുന്നത് അടക്കം ചിത്രങ്ങളിൽ ഉണ്ടായിരുന്നു. ഒരു പുതിയ തുടക്കം എന്നായിരുന്നു ഈ ചിത്രത്തിന് താഴെ അനുമോൾ കുറിച്ചത്.

ഇതിന് പിന്നാലെ അനുമോളുടെ സുഹൃത്തുക്കളായ ഒട്ടേറെ സെലിബ്രിറ്റികൾ ഈ പോസ്‌റ്റിന് കമന്റ് ചെയ്‌തിരുന്നു. വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം എന്നാണ് അനുമോളുടെ ബിഗ് ബോസിലെ ഏറ്റവും അടുപ്പക്കാരായിരുന്ന ആദില നൂറ കമന്റ് ചെയ്‌തത്. സാധിക വേണുഗോപാൽ, കാർത്തിക് സൂര്യ, ബിനീഷ് ബാസ്‌റ്റിൻ തുടങ്ങിയ പ്രമുഖരുടെയും കമന്റുകൾ ഈ പോസ്‌റ്റിൽ ഉണ്ടായിരുന്നു.

Advertisement

ഫ്‌ളവേഴ്‌സ് ചാനലിലെ സ്‌റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായിരുന്നു അനുമോൾ. സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി, ഉപ്പും മുളകും തുടങ്ങിയ ഹിറ്റ് സീരിയലുകളിലും വേഷമിട്ട അനുമോൾ കൂടുതൽ പേർക്കും പരിചിതയായത് ബിഗ് ബോസിലൂടെ തന്നെയാണ്.

നേരത്തെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ നാളെയാണ് കല്യാണം എന്ന് അനുമോൾ തമാശ രൂപേണ മറുപടി പറഞ്ഞിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരെയെല്ലാം വിവാഹത്തിന് ക്ഷണിച്ചുവെന്നും അനുമോൾ പറഞ്ഞിരുന്നു. അനുമോളുടെ അടുത്ത സുഹൃത്തായ ഷിയാസ് കരീമും വിവാഹത്തെ കുറിച്ച് സൂചന നൽകിയെങ്കിലും എപ്പോഴാണെന്നോ ആരാണ് വരനെന്നോ ഇതുവരെ വ്യക്തമായിരുന്നില്ല.