ദിലീപേട്ടന്‍ ഷൂട്ടിങ് ക്യാന്‍സല്‍ ചെയ്ത് സ്‌പോട്ടിലെത്തി; 'ഈ കാര്‍ തടയണമെങ്കില്‍ തടഞ്ഞോ'

കൊച്ചിന്‍ ഹനീഫയുമായി വളരെ അടുത്ത സൗഹൃദമുള്ള വ്യക്തിയായിരുന്നു നടന്‍ ദിലീപ്. ഹനീഫയുടെ കുടുംബം അടുത്തിടെ കൊച്ചിയില്‍ പുതിയ വീട് വെച്ചപ്പോള്‍ പാലുകാച്ചല്‍ ചടങ്ങിന് അതിരാവിലെ ദിലീപ് എത്തിയ വീഡിയോ വൈറലായിരുന്നു. കുടുംബവുമായി ദിലീപിനുള്ള ബന്ധം കൂടി സൂചിപ്പിക്കുന്നതായിരന്നു ഇത്.

Advertisement

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വേണ്ടി ദിലീപ് ചെയ്ത കാര്യം അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഹനീഫയുടെ ഭാര്യാ സഹോദരന്റെ വാക്കുകളാണ് അന്ന് ചര്‍ച്ചയായത്. കുടുംബത്തിന്റെ വരുമാനത്തിന് വേണ്ടി ഹനീഫയുടെ ഇന്നോവ കാര്‍ ഷൂട്ടിങ് സെറ്റുകളില്‍ വാടകയ്ക്ക് ഓടിക്കാന്‍ ദിലീപ് തീരുമാനിക്കുകയാരുന്നു. കുടംബത്തിന് ഒരു വരുമാനം എന്ന നിലയ്ക്കാണ് ഇക്കാര്യം ചെയ്തത് എന്നും സഹോദരന്‍ പറഞ്ഞു.

Advertisement

ഒരുവേള ടാക്‌സി യൂണിയന്‍ അംഗങ്ങള്‍ പ്രശ്‌നമുണ്ടാക്കി. പ്രൈവറ്റ് കാര്‍ ഓടാന്‍ പാടില്ല എന്നതായിരുന്നു അവരുടെ നിലപാട്. വിവരം ദിലീപ് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഷൂട്ടിങ് ക്യാന്‍സല്‍ ചെയ്ത് സംഭവസ്ഥലത്ത് വന്നു. കൊച്ചിന്‍ ഹനീഫയുടെ കാറാണിത്. കുടുംബത്തിന് ഒരു വരുമാനം എന്ന നിലയിലാണ് ഓടുന്നത്. തടയണമെങ്കില്‍ തടഞ്ഞോ എന്ന് ദിലീപ് യൂണിയന്‍ അംഗങ്ങളോട് പറഞ്ഞു. അതു കേട്ടതോടെ അവര്‍ സോറി പറഞ്ഞ് പിന്മാറിയെന്ന് ഹനീഫയുടെ ഭാര്യാ സഹോദരന്‍ പറയുന്നു.

കൊച്ചിന്‍ ഹനീഫ എന്ന വ്യക്തിയോട് മറ്റുള്ളവര്‍ കാണിച്ച ബഹുമാനം കൂടി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഹനീഫ എല്ലാവരോടും കാണിച്ച സ്‌നേഹത്തിന് മറുപടിയായിരുന്നു ഇതെല്ലാം. ഷൂട്ടിങ് സെറ്റുകളില്‍ സഹതാരങ്ങളോട് ഏറെ നേരം സംസാരിച്ചിരുന്ന ശേഷം വീട്ടിലെത്തിയാല്‍ വീണ്ടും വിളിച്ച് ഫോണില്‍ ബാക്കി സംസാരിക്കും. വലിയ സൗഹൃദം എല്ലാവരുമായും ഹനീഫ കാത്തുസൂക്ഷിച്ചിരുന്നു എന്നും ഭാര്യാ സഹോദരന്‍ വറൈറ്റി മീഡിയ യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Advertisement

മലയാള സിനിമയിലും തമിഴ് സിനിമാ രംഗത്തും വലിയ സൗഹൃദവലയമുണ്ടായിരുന്നു കൊച്ചിന്‍ ഹനീഫയ്ക്ക്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. മമ്മൂട്ടി നായകനായ വാല്‍സല്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്തതും ഹനീഫയായിരുന്നു. ഒരു കാലത്ത് വില്ലന്‍ കഥാപാത്രങ്ങളിലായിരുന്നു ഹനീഫ ശ്രദ്ധിക്കപ്പെട്ടത് എങ്കില്‍ പിന്നീട് ഹാസ്യ രംഗത്തും അദ്ദേഹം ശോഭിച്ചു.

16 വര്‍ഷം മുമ്പാണ് കൊച്ചിന്‍ ഹനീഫ അന്തരിച്ചത്. അദ്ദേഹത്തിന്റെ ഇരട്ട പെണ്‍മക്കള്‍ക്ക് അന്ന് നാലു വയസായിരുന്നു. അദ്ദേഹത്തിന്റെ വരുമാനം ചില നിയമക്കുരുക്കില്‍ പെട്ടിരിക്കുകയായിരുന്നു. മക്കള്‍ പ്രായപൂര്‍ത്തിയായതോടെ എല്ലാ തടസങ്ങളും നീങ്ങി. ആ വരുമാനം ഉപയോഗിച്ചാണ് കൊച്ചിയില്‍ വീട് വച്ചത്. ആരുടെയും ഹായമില്ലാതെ തന്നെ വീട് വയ്ക്കുകയും മക്കളുടെ പഠനം മുന്നോട്ട് പോകാന്‍ സഹായകമായതും ഹനീഫയുടെ വരുമാനം തന്നെ. പുതിയ വീടിന് പേരിട്ടത് ഹനീഫയുടെ പിതാവിന്റെ പേര് ചേര്‍ത്താണ്. ഹനീഫയുടെ ആഗ്രഹമായിരുന്നു അത്. മക്കള്‍ എന്തു പഠിക്കണമെന്ന് ഹനീഫ ആഗ്രഹിച്ചോ അതേ കോഴ്‌സിനാണ് അവര്‍ ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. ഹനീഫയുടെ എല്ലാ ആഗ്രങ്ങളും പൂര്‍ത്തിയാക്കുകയാണ് തലശേരിക്കാരിയായ ഭാര്യ ഫാസില.