രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപിയായിരുന്നു ചിത്രമായിരുന്നു ബാന്ദ്ര. ചിത്രം ബോക്സ് ഓഫീസിലേക്കുള്ള ദിലീപിൻ്റെ വൻ തിരിച്ചുവരവാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ സിനിമ കനത്ത പരാജയം നേരിട്ടു.
ബാന്ദ്ര മൂലം തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് അടുത്തിടെ നിര്‍മാതാവ് അജിത്ത് വിനായകൻ തുറന്ന് പറഞ്ഞിരുന്നു.12 കോടി ബജറ്റില്‍ ആരംഭിച്ച സിനിമയുടെ ബജറ്റ് 35 കോടിയിലെത്തിയെന്നും എന്നാല്‍ തിരിച്ചുകിട്ടിയത് മൂന്ന് കോടിയില് താഴെയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ബാന്ദ്രയുടെ പരാജയത്തെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'കൊട്ടാരക്കര ഗണപതിയുടെ മുന്നിൽ വെച്ച് ആർഭാടപൂർവ്വം ബാന്ദ്രയുടെ പൂജ കണ്ടുകൊണ്ടിരുന്നപ്പോൾ മനോഹരമായ ഒരു സിനിമ രാമലീലക്കും അപ്പുറം വിജയമാകുന്ന ഒരു ചിത്രം ദിലീപും അരുൺ ഗോപിയും കൂടി കാച്ചികളയുമെന്നൊക്കെ എനിക്ക് തോന്നി .കോടികൾ ശമ്പളം വാങ്ങിക്കുന്ന തമന്നയും ദിലീപും കലക്കും എന്നും കരുതി. പക്ഷെ കലങ്ങിയത് നിർമ്മാതാവാണ്. രണ്ടു കോടിയോ മറ്റോ പ്രതിഫലം സംവിധായകനും ഒരു കോടി രൂപ തിരക്കഥാകാരനും ഒക്കെകൂടി വാങ്ങി എന്ന് അറിഞ്ഞപ്പോൾ ഇതൊക്കെ സിനിമയിൽ കാണും എന്ന് ഞാൻ ആശിച്ചു . ദിലീപിന്റെ അത്രയും ഹൈറ്റ് ഉള്ള ചുരുട്ടും വായിൽ കുത്തി തിരുകി തോക്കും പിടിച്ചുള്ള ദിലീപിന്റെ പോസ്റ്റർ കണ്ടപ്പോൾ ഇതൊക്കെ താങ്ങാനുള്ള ശക്തി ദിലീപിന് കൊടുക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. തിയേറ്ററിൽ ബാന്ദ്ര കണ്ടുതീരാൻ സകലമാന ദൈവങ്ങളേയും വിശ്വാസി അല്ലാത്ത ഞാൻ അറിയാതെ വിളിച്ചു പോയി. ചിലവ് ചുരുക്കി നല്ല ഹ്യൂമർ പടങ്ങൾ ചെയ്തിരുന്ന വിജയിപ്പിച്ചിരുന്ന ദിലീപിനെ എന്നാണ് ചുവടുകൾ പിഴച്ചതെന്ന് ബാന്ദ്ര കണ്ടു മടങ്ങുമ്പോൾ ഞാൻ അറിയാതെ ചിന്തിച്ചു. നിങ്ങുടെ ആ പഴയ സ്ഥാനം ബേസിൽ അടിച്ചുകൊണ്ടുപോയി വിജയിപ്പിച്ചിട്ടും നിങ്ങൾ പഠിച്ചില്ല അല്ലേ ദിലീപേ. ഇപ്പോൾ അജിത്ത് വിനായകൻ ബാന്ദ്രയെ പറ്റി പറയുന്നത് കേട്ടപ്പോൾ എനിക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. ബാന്ദ്ര സാറ്റലൈറ്റ്, ഒടിടി അങ്ങനെയുള്ള ഒന്നും വിൽക്കാനായില്ല. വിൽക്കാനായി സംവിധായകൻ ശ്രമിക്കുന്നുമില്ല എന്നാണ് അജിത്ത് വിനായകൻ പറയുന്നത്. അരുൺ ഗോപി വിചാരിച്ചാൽ ഈ കൂതറപ്പടം വിൽക്കാൻ ആവില്ല അജിത്തേ. 12 കോടിക്ക് സിനിമ തീർത്തു തരാം എന്ന് പറഞ്ഞിട്ട് 35 കോടിയാണ് സിനിമ തീരുമ്പോൾ ചിലവ് ആയത്.3 കോടി രൂപയാണ് ആകപ്പാടെ തിയേറ്ററുകളിൽ നിന്ന് കിട്ടിയതെന്നും നിർമ്മാതാവ് പറയുമ്പോൾ നമ്മൾ എന്താ മറുപടി പറയുക. ഇതൊക്കെ തുറന്നു പറയുമ്പോൾ ദിലീപിനും ഒരുപക്ഷേ വിഷമമാകാം. ഞാൻ അഭിനയിക്കുന്ന ഒരു സിനിമ ഇത്ര രൂപയെ സാറ്റലൈറ്റ് ഒടിടിയിൽ കിട്ടു എന്ന് നന്നായി അറിയാവുന്ന ആളാണ്. ദിലീപ് 12 കോടിക്ക് ഫസ്റ്റ് കോപ്പി പിന്നെ അത് 17 കോടിക്ക് ഫസ്റ്റ് കോപ്പി എന്നൊക്കെ കള്ള ബജറ്റ് ഇട്ട് സംവിധായകൻ നിർമ്മാതാവിനെ നന്നായി പറ്റിക്കുമ്പോൾ ഈ കാണിക്കുന്നത് മോശമാണെന്ന് പറയാനുള്ള ബാധ്യത എങ്കിലും ദിലീപിന് ഇല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. 12 കോടിയിൽ തുടങ്ങിയ സിനിമ 35 കോടിയിൽ എത്തുമ്പോൾ അത്രയും കാശ് മറിക്കാനാവാത്ത ഒരാളായിരുന്നു അജിത് വിനായകൻ എങ്കിൽ ബാന്ദ്ര എന്താകുമായിരുന്നു എന്നെങ്കിലും ദിലീപ് ചിന്തിക്കേണ്ടേ. ഒരു പടം ഓടിയാൽ വന്ന വഴി മറക്കുന്ന ഇത്തരം ആളുകളെ ഇനിയെങ്കിലും ദിലീപ് സൂക്ഷിക്കണം'