ദിലീപ് നായകനായ ബാന്ദ്ര 12 കോടി ബജറ്റ് പറഞ്ഞ് തീർന്നത് 35 കോടിക്ക്, ലാഭം 3 കോടിയിൽ താഴെയെന്ന് നിർമ്മാതാവ്

ദിലീപ് നായകനായ അരുണ്‍ ഗോപി ചിത്രം ബാന്ദ്രയിലുണ്ടായ വന്‍ നഷ്ടം തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് അജിത് വിനായക. മംഗളം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. 12 കോടി ബജറ്റ് പറഞ്ഞ് സിനിമ പൂര്‍ത്തായിക്കിയത് 35 കോടിക്കാണെന്നും തനിക്ക് തിരിച്ച് കിട്ടിയത് 3 കോടി പോലും ഇല്ലെന്നും അജിത് വിനായക പറയുന്നു.

Advertisement

'' ഏറ്റവും മനോവിഷമം ഉണ്ടാക്കിയ സിനിമയാണ് അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര. ആദ്യമായി ആ സിനിമയുടെ സ്‌ക്രിപ്റ്റും അരുണ്‍ ഗോപിയേയും പരിചയപ്പെടുത്തിയത് ഡോക്ടര്‍ അമ്പാടിയാണ്. അദ്ദേഹം ആ സമയത്ത് തന്നോട് പറഞ്ഞത് 12 കോടി ബജറ്റ് ഉളള ഒരു പടമാണ് എന്നാണ്. പിന്നെ അദ്ദേഹത്തെ മാറ്റിയാണ് 17 കോടി ബജറ്റുളള ഒരു പടമാക്കിയത്.

Advertisement

ഏത് സിനിമ ആയാലും 2 കോടിയില്‍ കൂടുതല്‍ പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റിക്ക് ആവും. എത്ര തന്നെ നമ്മള്‍ ചിലവ് കുറച്ചാലും ഒന്നര കോടിയെങ്കിലും ആവും. പുള്ളി പറഞ്ഞ 17 കോടി കഴിഞ്ഞപ്പോള്‍ താന്‍ ഷൂട്ട് നടക്കുന്നയിടത്ത് കാണാന്‍ പോയി. ഞാന്‍ പറഞ്ഞു, ഇത് ഒരു കാരണവശാലും മുന്നോട്ട് പോകില്ല, എനിക്ക് പറ്റില്ല, എനിക്ക് സാമ്പത്തികം ഇല്ല. ഇങ്ങനെ പോയാല്‍ എങ്ങനാണ് എന്ന് ചോദിച്ചു.

അരുണ്‍ ഗോപി പറഞ്ഞു, അജിത്തേട്ടാ പേടിക്കണ്ട 21 കോടിക്കകത്ത് ഈ പടം ഞാന്‍ തീര്‍ക്കും. അങ്ങനെ എഴുതി ഒപ്പിട്ട് തന്നു. 21 കോടിയായിട്ടും സിനിമ തീര്‍ന്നില്ല. വീണ്ടും ബജറ്റ് കയറുകയാണ്. അരുണുമായി സംസാരിക്കാനിരുന്നു. അജിത്തേട്ടാ സിനിമ കച്ചവടമായിട്ടുണ്ട്, അവര്‍ വിളിച്ച് കൊണ്ടിരിക്കുകയാണ് എന്ന്. അരുണേ ഇത് ഇങ്ങനെ പോയാല്‍ ഭയങ്കര ബുദ്ധിമുട്ടാകും, ഇങ്ങനെ മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും താന്‍ പറഞ്ഞു.

Advertisement

അപ്പോള്‍ അരുണ്‍ പറഞ്ഞത്, നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം ഈ സിനിമ പോകും എന്നാണ്. അവസാനം 24 കോടിക്കുള്ളില്‍ സിനിമ തീരും എന്ന് പറഞ്ഞു. പക്ഷേ 24 കോടിക്കല്ല ഏകദേശം 35 കോടിക്കാണ് പടം തീര്‍ത്തത്, പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി അടക്കം. തനിക്ക് ആ സിനിമയില്‍ നിന്നും തിരിച്ച് കിട്ടിയത് വെറും 3 കോടിയില്‍ താഴെയാണ്. താന്‍ മാത്രം ഒറ്റപ്പെട്ടു. സിനിമ പോലും വേണ്ട എന്ന് കരുതിയതാണ് മനസ്സ് കൊണ്ട്. ഇതൊന്നുമല്ല ഒരുപാട് അനുഭവങ്ങളുണ്ട്. പൈസ വാങ്ങുമ്പോള്‍ വേറൊരു മുഖമാണ്.

ബാന്ദ്രയുടെ കാര്യം എനിക്ക് പറയണം. മനസ്സില്‍ കിടക്കുന്ന ഏറ്റവും വലിയ വേദനയാണ്. 1000 രൂപ പോയാലും മനുഷ്യന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയാണ്. ഏതാണ്ട് 30 കോടിയുടെ നഷ്ടം ഉണ്ടായി. ഇതുവരെ പടം വിറ്റ് പോയിട്ടില്ല. ആ സംവിധായകന്‍ ഇ്‌പ്പോഴും സിനിമ ചെയ്യുന്നുണ്ട്. അതാണ് മലയാള സിനിമ. നിര്‍മ്മാതാക്കള്‍ തുലഞ്ഞ് പോയാലും അവരെ കൊണ്ട് സിനിമ എടുപ്പിക്കാന്‍ പുതിയ സംവിധായകരും നിര്‍മ്മാതാക്കളും വരും. കാരണം ഇത് പോലുളള മോഹന വാദ്ഗാനങ്ങള്‍ അവരോട് പറയും. എല്ലാം കഴിയുമ്പോള്‍ കരയാന്‍ നമ്മള്‍ മാത്രമേ കാണൂ. കരയാത്ത ദിവസങ്ങള്‍ ചുരുക്കമാണ്''.