ബഹുമാനപ്പെട്ട ഠീം ഠോം, കോടതീല്‍ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കരുത്, പരിഹസിച്ച് എംഎ നിഷാദ്

കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ നിര്‍ദേശം. എന്തുകൊണ്ട് കേസെടുത്തില്ല എന്ന് ചോദിച്ച കോടതി പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ പര്യപ്തമായ പരാതിയാണ് എന്നും നിരീക്ഷിച്ചു.

Advertisement

നേരത്തെ കടവന്ത്ര പോലീസില്‍ അന്‍സിബ പരാതി നല്‍കിയിരുന്നു. പരാതിക്കാരിയുടെയും എതിര്‍ കക്ഷിയുടെയും മറ്റു ബന്ധപ്പെട്ട വ്യക്തികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. ശേഷം പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ പര്യാപ്തമായ സംഭവമല്ല എന്നാണ് പറയുന്നത്. മറ്റൊരാളില്‍ നിന്ന് പറഞ്ഞു കേട്ടു എന്ന പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്.

Advertisement

അതിനിടെയാണ് അന്‍സിബ നേരിട്ട് കോടതിയെ സമീപിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോടതി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ അറിയിച്ചു. താരങ്ങള്‍ക്കിടയിലെ പ്രശ്‌നമാണിത്. അവരുടെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇതില്‍ വരുന്നുണ്ടെന്നും കമ്മീഷണര്‍ സൂചിപ്പിച്ചു.

കോടതി നിര്‍ദേശം വന്ന പിന്നാലെ ടിനി ടോമിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. താങ്കള്‍ക്ക് കോടതി സന്ദര്‍ശന ഭാഗ്യം സിദ്ധിച്ചതായി അറിയുന്നു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ടിനി ടോമിന്റെ വിഷയം സരസമായിട്ടാണ് അദ്ദേഹം പറയുന്നത്. ഇനി കോടതിയില്‍ ചെന്ന് മജിസ്‌ട്രേറ്റിനെ അനുകരിക്കാന്‍ നില്‍ക്കരുത് എന്നും ഉപദേശിക്കുന്നു.

Advertisement

എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ: ''എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ. താങ്കൾക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തിൽ ഒരുപദേശമെന്നോണം ഒരൂട്ടം ... കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്.. കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ.. - മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ..''

തന്നെ ജിഹാദി, വര്‍ഗീയ വാദി, മതംമാറ്റുന്നവള്‍ എന്നെല്ലാം അധിക്ഷേപിച്ചു എന്നാണ് അന്‍സിബ നടന്‍ ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. നടി നീന കുറുപ്പില്‍ നിന്നാണ് ഈ വിവരം അറിഞ്ഞതെന്നും അവര്‍ സൂചിപ്പിച്ചു. പരാതിക്ക് ബലമേകുന്ന മൊഴി നീന കുറുപ്പ് നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല എന്നത് പല കോണില്‍ നിന്നും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.