'ഫിലിം എക്‌സ്‌പോ ഇന്ത്യ 2026'ന് തുടക്കം; അഞ്ച് ദിനം വിദഗ്ധരുടെ സംഗമം, 30ന് അവസാനിക്കും

സിനിമയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന 'ഫിലിം എക്സ്പോ ഇന്ത്യ 2026'ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കം. ചലച്ചിത്ര പ്രവര്‍ത്തകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വിപുലമായ പരിപാടിയാണിത്. ഓഗസ്റ്റ് 26ന് തുടങ്ങിയ ഈ അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശന മേള 30 വരെ തുടരും.

Advertisement

ഉദ്ഘാടന ചടങ്ങില്‍ ഫിലിം എക്സ്പോ ഇന്ത്യയുടെ മെന്ററും ക്യൂറേറ്ററുമായ വിന്ദു ദാരാ സിങ്, പ്രശസ്ത സംവിധായിക നന്ദിത ദാസ്, ഐസിഎംഇഐ പ്രസിഡന്റ് സന്ദീപ് മര്‍വ, വിവേക് വാസ്വാനി, പങ്കജ് പരാശര്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും സാംസ്‌കാരിക നായകരും പങ്കെടുത്തു. എക്സോബസ് പ്രതിനിധികളായ മുകേഷ് കുമാര്‍, ജ്യോതി യാദവ്, മാധുരി യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisement

മേളയിലെ ആദ്യദിനത്തിലെ പ്രധാന ചര്‍ച്ച 'ദി നെക്സ്റ്റ് 5000 സ്‌ക്രീന്‍സ്' എന്ന സെഷന്‍ ആയിരുന്നു. പ്രേക്ഷക അഭിരുചികള്‍, ഡിജിറ്റല്‍ സ്‌ക്രീനുകളുടെ കടന്നുവരവ്, പുത്തന്‍ ദൃശ്യാവിഷ്‌കാര രീതികള്‍ എന്നിവ ഇതില്‍ ചര്‍ച്ച ചെയ്തു. നന്ദിത ദാസ്, രാഹുല്‍ റവൈല്‍, ചന്ദ്രന്‍ രത്‌നം തുടങ്ങിയവരാണ് വിനോദ വ്യവസായത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്.

സിനിമാ ആസ്വാദനത്തിനൊപ്പം വിപണന തന്ത്രങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതായിരുന്നു മറ്റ് സെഷനുകള്‍. മാര്‍ക്കറ്റിങിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന 'സ്റ്റോറി ടെല്ലിംഗ് മുതല്‍ വിജയം വരെ' എന്ന സെഷനും ശ്രദ്ധിക്കപ്പെട്ടു. പല്ലവി ചതുര്‍വേദിയുടെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടി സിനിമാ മേഖലയിലെ നൂതന മാര്‍ക്കറ്റിങ് രീതിയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. രാജേഷ് തൈലങ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രത്യേക ചര്‍ച്ചകളും മേളയ്ക്ക് മാറ്റുകൂട്ടി.

Advertisement

പുതുസംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമായി ഒരുക്കിയ 'ഐഡിയാബാസ് പവലിയന്‍' യുവതലമുറയിലെ സിനിമാ നിര്‍മാതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വലിയ അവസരമാണ് നല്‍കുന്നത്. സോണി, ഡിജെഐ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ പുതിയ ക്യാമറകളും സാങ്കേതികവിദ്യകളും ഈ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പതിനായിരത്തോളം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നടക്കുന്ന 'ബിയോണ്ട് ദി കാന്‍വാസ്' എന്ന രാജ്യാന്തര ആര്‍ട്ട് എക്‌സിബിഷനില്‍ പന്ത്രണ്ടിലധികം പ്രമുഖ ഗാലറികള്‍ അണിനിരക്കുന്നുണ്ട്. പാരമ്പര്യ കലകള്‍ മുതല്‍ ഡിജിറ്റല്‍ ആര്‍ട്ട് വരെയുള്ള സമകാലിക സൃഷ്ടികള്‍ ഇവിടെ ആസ്വദിക്കാനാകും. മേളയുടെ ആദ്യദിനം സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്. 'ഭജന്‍ ക്ലബ്ബിംഗ് നൈറ്റ്' വേദിയിലെത്തിയവര്‍ക്ക് വേറിട്ട അനുഭവമായി മാറി. അനൂപ് ജലോട്ട, മാലിനി അവസ്ഥി, ജോണി സൂഫി എന്നിവരുടെ പ്രകടനത്തോടെയാണ് ചടങ്ങ് അവസാനിച്ചത്.