മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു നടൻ സുകുമാരനെന്ന് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ. സ്വന്തം ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം പുലർത്തിയ ആ അച്ചടക്കവും കരുതലുമാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ അടിത്തറയെന്നും സിദ്ധു പനക്കൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'സുകുമാരൻ സാറിന്റെ ദീർഘവീക്ഷണത്തെ പറ്റിയാണ്.. ഞാൻ ഇന്നലെ പല വലിയ വ്യക്തിത്വങ്ങളുടെയും കയ്യിൽ നിന്ന് എനിക്ക് ലഭിച്ച സമ്മാനങ്ങളെ പറ്റി ഒരു കുറിപ്പ് എഴുതിയിരുന്നു. അതിൽ സുകുമാരൻ സാറിൽ നിന്ന് എനിക്ക് കിട്ടിയ സമ്മാനത്തെ പറ്റിയും എഴുതിയിരുന്നു.അതിന് ഷാഹിൽ എന്ന ഒരു സുഹൃത്തിന്റെ ഒരു കമന്റ് വായിച്ചു. "ദീർഘവീക്ഷണം സുകുമാരൻ എന്ന വ്യക്തിക്ക് എത്രമാത്രം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിച്ചാൽ അറിയാൻ സാധിക്കും". ഇതായിരുന്നു ആ കമന്റ്. തീർച്ചയായും തന്റെ 49 ആം വയസ്സിൽ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ആ കുടുംബത്തിന്റെ അടിത്തറ അദ്ദേഹം പടുത്തുയർത്തിയത് സ്നേഹം കൊണ്ടാണ്. അടിത്തറയ്ക്കു മുകളിൽ കെട്ടിപ്പൊക്കിയത് കുടുംബത്തോടുള്ള കരുതൽ എന്ന ശക്തമായ ചുമരാണ്, ചുമരുകൾക്ക് മുകളിൽ സാമ്പത്തിക സുരക്ഷയെന്ന മേൽക്കൂരയൊരുക്കി. 49ആം വയസ്സിൽ ഈ ലോകം വിട്ട് അദ്ദേഹം പോകുമ്പോൾ ചേച്ചിക്ക് താങ്ങും തണലും കരുത്തും ആയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം തന്നെയാണ്. പകുതി കാര്യമായും പകുതി കളിയായും അന്നത്തെ സിനിമാക്കാർ പറയുന്ന ഒരു കാര്യമുണ്ട്. സുകുമാരൻ സാർ വളരെ സ്പീഡിൽ ഡബ്ബ് ചെയ്യുന്ന ആളാണ്. ആ കാലത്തും ഈ കാലത്തും ലാസ്റ്റ് പെയ്മെന്റ് ആർട്ടിസ്റ്റുകൾക്ക് കൊടുക്കുന്നത് ഡബ്ബിങ് സമയത്താണ്. സുകുമാരൻ സാറിന് അത് കൃത്യമായി ഡബ്ബിങ്ങിനു മുൻപ് കിട്ടിയിരിക്കണം. ഡബ്ബിങ് തീയേറ്ററിൽ എത്തിയിട്ടും പേമെന്റ് ക്രെഡിറ്റ് ആയിട്ടില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായാൽ ശബ്ദം കൃത്യമായി വരില്ല തൊണ്ട അടച്ചിരിക്കുകയാണ്. രണ്ടുമൂന്നു തവണ ചുമച്ചും മുരടനക്കി നോക്കിയിട്ടും ശബ്ദം ശരിയാവുന്നില്ല. ഡബ്ബിങ് നാളേക്ക് ആക്കാം എന്ന് തീരുമാനിക്കുന്നു. ആ സമയത്താണ് പ്രൊഡ്യൂസർ തിയേറ്ററിലേക്ക് എത്തുക. ആശാനേ ശബ്ദം ശരിയാകുന്നില്ല എന്ന് സുകുമാർ സാർ. തിയേറ്ററിന് പുറത്തിറങ്ങി സുകുമാരൻ സാറും പ്രൊഡ്യൂസറും ഓരോ സിഗരറ്റ് വലിക്കുന്നു. ഡയറക്ടറും കൂടെ കൂടുന്നു. സംസാരിക്കുന്നതിനിടയിൽ വീട്ടിൽ പോയി മല്ലിക ചേച്ചിയെ കണ്ട കാര്യവും, ബാലൻസ് പൈസ ചേച്ചിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട് എന്നും പ്രൊഡ്യൂസർ വ്യക്തമാക്കുന്നു. ആശാനെ അതിന് കാശിന്റെ കാര്യം ഇവിടെ ആരെങ്കിലും ചോദിച്ചോ. ഒന്നു കൂടെ ട്രൈ ചെയ്തു നോക്കിയാലോ എന്ന് പ്രൊഡ്യൂസർ. അതിനെന്താ പ്രൊഡക്ഷൻ ബോയിയെ വിളിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വരാൻ പറയുന്നു. ചൂടുവെള്ളം കുടിച്ചപ്പോൾ തൊണ്ട കുറച്ചു കൂടി ക്ലിയർ ആയി. 2 മണിക്കൂർ കൊണ്ട് ഫുൾ പടം ഡബ്ബിങ് തീർത്ത് സുകുമാരൻ സാർ സ്ഥലം വിടുന്നു. കളിയായാലും കാര്യമായാലും കൃത്യമായി പൈസ കണക്ക് പറഞ്ഞു വാങ്ങി അത് വേണ്ട രീതിയിൽ ഇൻവെസ്റ്റ് ചെയ്തത് കൊണ്ട്, നിന്ന നിൽപ്പിൽ അപ്രത്യക്ഷമായത് പോലെ സാർ പോയപ്പോഴും ചേച്ചിയും മക്കളും സേഫ് ആയിരുന്നു. എന്റെ ഒരു അനുഭവം പറയാം. പടയണി എന്ന സിനിമ കഴിഞ്ഞതിനു ശേഷം സാറും കുടുംബവും അമ്മയെ കാണാൻ വേണ്ടി എടപ്പാളിലേക്ക് പോയി. സാർ പോകുമ്പോൾ എനിക്ക് ചിലവിനുള്ള പൈസയും. വീട്ടിൽ വലിയ രണ്ടു പട്ടികൾ ഉണ്ട് അവർക്ക് ഇറച്ചി വാങ്ങാനുള്ള പൈസയും ഒക്കെ എന്നെ ഏൽപ്പിച്ചിട്ടാണ് പോയത്. എല്ലാ ചിലവുകളും ഞാൻ കൃത്യമായി കണക്ക് എഴുതി വെച്ചു. സാർ തിരിച്ചുവന്നപ്പോൾ ഞാൻ കണക്കെഴുതിയ പേപ്പറും ബാക്കി പൈസയും സാറിന് കൊണ്ട് കൊടുത്തു. സർ കണക്കും ബാക്കി പൈസയും എല്ലാം കൃത്യമായി നോക്കി. പിന്നീട് ഞാൻ സാറിന്റെ അടുത്തുനിന്ന് പോരുന്നത് വരെ എന്തെങ്കിലും കാര്യത്തിന് എന്നെ ഏൽപ്പിച്ച പൈസയുടെ കണക്ക് സാർ നോക്കിയിട്ടില്ല. ഞാൻ എഴുതിക്കൊടുത്ത ആദ്യത്തെ കണക്കിൽ തന്നെ എന്റെ കണക്കുകൾ കൃത്യമായിരിക്കും എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കാം'
മദ്രാസിൽ വീട്, തിരുവനന്തപുരത്ത് വീട്, വട്ടിയൂർക്കാവിൽ ഭൂമി, കാന്തല്ലൂരിൽ എസ്റ്റേറ്റ്, ഊട്ടിയിൽ ഫ്ലാറ്റ്,നിലമേൽ എന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സും കല്യാണമണ്ഡപവും. ആ കാലത്തുള്ള സിനിമാക്കാരിൽ എത്രപേർക്ക് ഇങ്ങനെ ഒരു കരുതൽ ഉണ്ടായിരുന്നു എന്നറിയില്ല.