അച്ഛൻ ശ്രീനിവാസൻ്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്ന് മകൻ ധ്യാൻ ശ്രീനിവാസൻ. ജീവിതത്തിൽ നമ്മൾ മക്കൾ ഒന്ന് സെറ്റായി അദ്ദേഹത്തിനൊപ്പം ഇനി സമയം ചെലവഴിക്കാമെന്ന് കരുതിയിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിത വിടവാങ്ങലെന്നും താരം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ്റെ വേർപാടിനെ കുറിച്ചും അവസാനകാലത്തെ കുറിച്ചും താരം പ്രതികരിച്ചത്.
'നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ജീവിതത്തിൽ നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായിട്ടും ഇതൊരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാര്യമാണ്. അദ്ദേഹം രാജാവിനെ പോലെ ജീവിച്ചു മരിക്കുവോളം അങ്ങനെ ജീവിച്ചു പോയ ആളാണ്. അസുഖബാധിതനായത് ഒഴിച്ചാൽ മരിക്കുന്നവരെ ആ നാട്ടിലും അല്ലെങ്കിൽ മലയാളികളുടെ മനസ്സിലും മരണത്തിനു ശേഷം ആയിക്കോട്ടെ ഇന്നും എല്ലാവരുടെ മനസ്സിനും അങ്ങനെ ഒരു പ്രൊലിഫിക് ആയിട്ടുള്ള ലൈഫ് അല്ലെങ്കിൽ അങ്ങനെ ലൈഫ് ഉണ്ടായിട്ടുള്ള ഒരാളല്ലേ. ഇതിനപ്പുറത്തേക്ക് മലയാള സിനിമക്ക് ഇനി ഒന്നും സംഭാവന ചെയ്യാനും ബാക്കിയില്ല. ഒരു ആയുസ്സിൽ ചെയ്യേണ്ടതൊക്കെ ചെയ്തു വെച്ചിട്ട് പോയ ഒരാളാണ്.
വ്യക്തിപരമായി നമ്മുക്കാണ് നഷ്ടം. കാരണം അവസാനകാലം ഒക്കെ സിനിമകളുടെ ഷൂട്ടിലൊക്കെ ആയിപ്പോയി ഞങ്ങൾ. ബൈപ്പാസ് കഴിഞ്ഞു നിൽക്കുന്ന സമയത്ത് നമ്മൾ ചിന്തിച്ചത് ഇനിയും കുറച്ചു വർഷം കൂടെ പുള്ളി നമ്മുടെ കൂടെ ഉണ്ടാകും എന്നാണ്. 20 വയസ് വരെ ചെന്നൈയിലൊക്കെ ഉള്ള സമയത്താണ് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നത്. പിന്നീട് ഇടക്ക് അച്ഛനുമായിട്ടുള്ള സൗന്ദര്യപ്പിണക്കം ഒക്കെ കഴിഞ്ഞ് വീണ്ടും തിരിച്ചുവരുന്നത് കഴിഞ്ഞ 10 വർഷത്തിനിടയിലാണ് കാര്യങ്ങളൊക്കെ ശരിയായി വന്നത് 2017- 19 ഒക്കെ ആയപ്പോഴാണ്. അത് കഴിഞ്ഞ് പുള്ളി അസുഖബാധിതനായി. അസുഖം വന്നു തുടങ്ങിയപ്പോഴേക്കും പഴയ ആളല്ല, നമ്മുടെ മുന്നിൽ പുല്ല് പോലെ നിന്നിരുന്ന ഒരാൾ വീക്കായി വീക്കായി പോകുമ്പോൾ അത് നമ്മൾ കാണേണ്ടി വരുമ്പോൾ അദ്ദേഹത്തിനും നമ്മള നമ്മളെ ഫേസ് ചെയ്യുമ്പോഴൊക്കെ പലപ്പോഴും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആശുപത്രിയിൽ പോയി കാണാറില്ല ഞാൻ. കാരണം നമുക്ക് അങ്ങനെ ഒരു രൂപത്തിൽ കാണാതിരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. പലപ്പോഴും അമ്മ എന്നെ വിളിക്കുമ്പോൾ അച്ഛനെ കാണാൻ വരുന്നില്ലേയെന്ന് ചോദിക്കും. ഞാൻ പോകാറില്ല, കാരണം ആ കോലത്തിൽ അച്ഛൻ എന്നെ കാണാൻ അല്ലെങ്കിൽ അങ്ങനെ ഒരു അവസ്ഥയിൽ അച്ഛന് എന്നെ കാണാൻ ഇഷ്ടം ഉണ്ടാവില്ല എന്നാണ് എൻ്റെ തോന്നൽ. എനിക്ക് പുള്ളിനെ അങ്ങനെ കാണാൻ ഒരു ഇഷ്ടമില്ലാത്തകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ ഒന്നും പോയിട്ടില്ല. ലാസ്റ്റ് വീണ സമയത്തും ഞാൻ ഹോസ്പിറ്റലിൽ വരുന്നില്ല എന്നാണ് പറഞ്ഞത്. നമ്മൾ ജീവിതത്തിൽ ഒന്ന് സെറ്റിൽ ഒക്കെ ആയി ഇനി നമ്മൾ ഇവരുടെ കൂടെ കുറച്ചുകാലം സമയം ചെലവഴിക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സത്യം പറഞ്ഞാൽ പുള്ളി നമ്മളെ വിട്ടുപോയത്. എല്ലാ ദിവസവും ഷൂട്ടിങ്ങിനും സിനിമയുടെ ലൊക്കേഷനിലേക്കും തിരക്ക് പിടിച്ചു പോയിരുന്ന അദ്ദേഹത്തിനെ കണ്ടിട്ട് ഇതേപോലെ എല്ലാ ദിവസവും നമ്മൾ ഷൂട്ടിന് പോകുമ്പോൾ പുള്ളിയും ഇങ്ങനെ നോക്കി നിൽക്കുന്ന ഒരു സൈക്കിൾ ഉണ്ടല്ലോ, അതൊക്കെ കാണുമ്പോൾ നമുക്കും വിഷമം തോന്നും. സത്യം പറഞ്ഞു കഴിഞ്ഞാൽ അവസാനകാലം നമ്മൾക്ക് ഒരുമിച്ച് സമയം കിട്ടിയിരുന്നില്ല. വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ പോലും ഷൂട്ടിന്റെ തിരക്കും കാര്യങ്ങളുമൊക്കെയായിരുന്നു. മരിക്കുന്നതിന് നാലാഴ്ച മുന്നേ അദ്ദേഹത്തെ കാണുന്നത് ഹോസ്പിറ്റലിൽ ആയിരുന്നു. ഹോസ്പിറ്റലുള്ള സമയത്ത് ഞാൻ തൊട്ടടുത്തുണ്ടെങ്കിലും എനിക്ക് അങ്ങനെ ഒരു അവസ്ഥയിൽ അദ്ദേഹത്തെ കാണാൻ താത്പര്യം ഇല്ലമായിരുന്നു. അമ്മ വിളിക്കുമ്പോഴും വീട്ടിൽ വന്ന് ഞാൻ കണ്ടോളാം എന്നാണ് പറഞ്ഞത്. പിന്നീട് വീട്ടിൽ വന്ന് രണ്ടാമത്തെ ദിവസം ആണ് മരിക്കുന്നത്. പേരക്കുട്ടികളുടെ കൂടെഒക്കെ സമയം ചെലവഴിക്കാനൊന്നുമുള്ള അവസരം പുള്ളിക്ക് കിട്ടിയില്ല എന്നുള്ളതിന്റെ ഒക്കെ ഒരു സങ്കടം ഉണ്ട്. അതുകൊണ്ട് അവസാനകാലം എല്ലാ തിരക്കും മാറ്റിവെച്ച് ഒരു സമയം വരും ആ സമയത്ത് നമ്മുടെ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കാം എന്ന് വിചാരിച്ചാൽ അങ്ങനെ ഒരു സമയമില്ല . അപ്പോഴേക്കും അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ വരും, അവർ നമ്മളെ വിട്ട് പോകും', നടൻ പറഞ്ഞു.