മലയാള സിനിമയിലെ താര സംഘടനയായ അമ്മയിൽ ഭിന്നത രൂക്ഷമാവുന്നതിനിടെ രാജി പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മയുടെ നിർവാഹക സമിതി അംഗമായിരുന്നു ജോയ് മാത്യു. ഭരണസമിതിയുടെ വീഴ്‌ച്ചകൾ അംഗീകരിച്ചു കൊണ്ടാണ് ജോയ് മാത്യുവിന്റെ നടപടി. സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യരായിത്തീർന്നുവെന്നാണ് ജോയ് മാത്യു പറയുന്നത്.
അതിന്റെ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണെന്നും നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്‌പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു രാജിക്കത്തിൽ വ്യക്തമാക്കുന്നു. 'അമ്മ' അംഗങ്ങളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ജോയ് മാത്യു രാജിക്കത്തിൽ പറയുന്നു.
ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ: ഭരണസമിതിയിലേക്ക് വന്നവരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയും കാരണം സംഘടന പൊതുജനമധ്യത്തിൽ പരിഹാസ്യമായി സമൂഹത്തിൽ ചിരിക്കാനുള്ള വകയായി. സംഘടന ഇത്തരത്തിൽ മുന്നോട്ടു പോകുന്നതിൽ ഞാൻ ഏറെ ഖിന്നനാണ് . ആരോപണ പ്രത്യാരോപണങ്ങളിലൂടെ പോലീസിൽ പരാതിപ്പെടുന്നതുവരെയുള്ള നിർഭാഗ്യകരമായ കാര്യങ്ങളിലേക്ക് ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചിരുന്നവർ തന്നെ എത്തിക്കുന്ന സാഹചര്യം എന്നെ അതീവ നിരാശയിലാഴ്ത്തുന്നു. അശേഷം ജനാധിപത്യബോധമില്ലാത്ത ഒരു സംഘത്തിൽ യാതൊന്നും പ്രവർത്തിക്കാൻ സാധിക്കാതെ വന്നു എന്നതാണ് യാഥാർഥ്യം. മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് എന്നെ തിരഞ്ഞെടുത്ത 'അമ്മ' അംഗങ്ങളോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അതേസമയം, അമ്മയിൽ ഭിന്നത വീണ്ടും തുടരുന്നതിനിടെയാണ് ജോയ് മാത്യു രാജി പ്രഖ്യാപിച്ചത്. അമ്മ ഭരണസമിതിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നാണ് ശ്വേത മേനോൻ പറയുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നാണ് ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 'അമ്മ'യെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേതാ മേനോൻ കുറിപ്പിൽ പറയുന്നു. തങ്ങളുടെ കമ്മിറ്റി രാജിവെക്കണമെന്ന അജണ്ടയുമായാണ് ചിലർ ജനറൽബോഡി യോഗത്തിലേക്ക് വന്നതെന്നും ശ്വേത ആരോപിച്ചു. അമ്മ നിയമാവലിയിൽ അഡ്‌ഹോക് കമ്മിറ്റി ഇല്ലെന്നും നിയമാവലിയിൽ ഇല്ലാത്ത കമ്മിറ്റി എങ്ങനെ നിലവിൽ വന്നെന്നും ശ്വേത മേനോൻ ചോദിച്ചു. അമ്മ പ്രസിഡന്റ് ശ്വേത മേനോൻ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റിയംഗം കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശ്വേത രാജിക്കത്ത് ഔദ്യോഗികമായി നൽകാത്തത് അവരുടെ കുഴപ്പമാണെന്നും ലക്ഷ്‌മി പ്രിയയും മല്ലിക സുകുമാരനും രാജി ഇ-മെയിൽ ചെയ്‌തിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു. അഡ്ഹോക് കമ്മിറ്റി യോഗത്തിനുശേഷം രമേഷ് പിഷാരടിക്ക് ഒപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഗണേഷ് കുമാർ.
നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്‌പര ബഹുമാനമോ ഇല്ല.