സൂപ്പർ താരമായി തിളങ്ങി നിന്ന പാർവ്വതി തിരുവോത്തിന്റെ സിനിമ ജീവിതം തന്നെ മാറ്റി മറിച്ചതായിരുന്നു കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദം. കസബയിലെ ഒരു രംഗം സ്ത്രീ വിരുദ്ധമാണെന്ന് തുറന്ന് പറഞ്ഞതിന് വലിയ സൈബർ ആക്രമണവും പാർവ്വതി നേരിട്ടു, അത് ഇന്നും തുടരുന്നുമുണ്ട്.
എന്നാൽ ആ സിനിമയെ കുറിച്ച് അന്ന് പറഞ്ഞതിൽ ഇന്നും ഒരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാർവ്വതി തിരുവോത്ത്. ഗീതു അത് ഏറ്റുപറഞ്ഞിട്ടില്ലെന്നും അവർക്ക് ഇഷ്ടമുളള സിനിമയെടുക്കാമെന്നും ടോക്സിക് സിനിമയുടെ ബന്ധപ്പെട്ട വിവാദത്തിലും പാർവ്വതി പ്രതികരിച്ചു.
പാർവ്വതിയുടെ വാക്കുകൾ: ''അന്നത്തെ സംഭവത്തോടെ തുറന്ന് കാണിക്കപ്പെടേണ്ട കാര്യങ്ങളും തുറന്ന് കാണിക്കപ്പെടേണ്ട ആളുകളും തുറന്ന് കാണിക്കപ്പെട്ടു. ഇപ്പോഴും എന്നോട് ചോദിച്ചാല്‍ ആ സിനിമയെ പറ്റി അത് തന്നെയേ പറയുകയുളളൂ. അത് വേറെ ആര് എന്ത് പറഞ്ഞാലും സത്യം സത്യമല്ലാതാകില്ല. ഞാന്‍ ഇതൊക്കെ പറയുന്നതിന് മുന്‍പ് തന്നെ ദേശീയ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സിനിമയാണ്. അതല്ലാതെ ഞാന്‍ എന്തെങ്കിലും പറഞ്ഞത് കൊണ്ട് ചിലരുടെ ഈഗോ ഹര്‍ട്ട് ആയതല്ല.
മറ്റൊരു കാര്യം, ചിലപ്പോള്‍ ആ സിനിമയുടെ പേരെടുത്ത് പറയില്ലായിരിക്കും. അത് തന്റെ ഉളളില്‍ ഒരു സെന്‍സര്‍ഷിപ്പില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ എന്റെ ഒരു സിസ്റ്റര്‍ഷിപ്പ് കൂടെയുണ്ട് എന്നുളള കരുത്തിലാണ് താനത് പറഞ്ഞത്. അത് കഴിഞ്ഞും ആ സിസ്റ്റര്‍ഹുഡ് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അല്ലാതെ എന്നെ ഒറ്റപ്പെടുത്തുകയൊന്നും ഉണ്ടായിട്ടില്ല. മൂന്നാമത്തെ കാര്യം, ഞാന്‍ പറഞ്ഞത് എന്റെ ചിന്താഗതിയാണ്. ഗീതു അത് ഏറ്റുപറഞ്ഞിട്ടൊന്നും ഇല്ല. ഗീതുവിന് അവര്‍ക്ക് ഇഷ്ടമുളള ഏത് സിനിമയും എടുക്കാം. താനത് ഗീതുവിന്റെ അടുത്ത് ഇരുന്ന് പറഞ്ഞു എന്ന് കരുതി ഗീതു എടുക്കുന്ന സിനിമകളെല്ലാം ഇനി ഞാന്‍ പറഞ്ഞ അതേ സിസ്റ്റത്തില്‍ തന്നെ ഉണ്ടാക്കിക്കൊളളണം എന്നുളള ഒരു കടിഞ്ഞാണും നമ്മള്‍ അന്യോനം ഇട്ട് കൊടുത്തിട്ടില്ല. ആ ക്രിയേറ്റീവ് സ്വാതന്ത്ര്യം ഗീതുവിനുണ്ട്. എന്ത് സിനിമയാണോ ചെയ്യേണ്ടത് അത് ഗീതു ചെയ്യട്ടെ. അതും ഇതും തമ്മില്‍ ബന്ധിപ്പിക്കുന്നത് തന്നെ പെണ്ണാണ് പെണ്ണിന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്ന പഴയ ആണ്‍മേല്‍ക്കോയ്മയിലേക്ക് കൊണ്ട് പോകുന്നതാണ്. അതില്‍ ഞാന്‍ ഏര്‍പ്പെടാന്‍ തയ്യാറല്ല''.