മോഹന്‍ലാല്‍ ഒറ്റ വാക്ക് പറഞ്ഞിരുന്നെങ്കില്‍ ആരും എതിര് നില്‍ക്കില്ല; അമ്മയില്‍ നടന്നത് സീനത്ത് പറയുന്നു

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ചതും പിന്നീട് രാജിവെച്ചില്ലെന്ന് പറഞ്ഞതും ഉള്‍പ്പെടെ താരസംഘടനയില്‍ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. ജനറല്‍ ബോഡിയില്‍ എന്താണ് നടന്നത് എന്ന് നടി സീനത്ത് വെളിപ്പെടുത്തി. സ്ത്രീകള്‍ ഭാരവാഹികളായി എത്തിയപ്പോള്‍ സന്തോഷിച്ചവരാണ് തങ്ങള്‍ എന്നും പക്ഷേ, അവര്‍ തമ്മില്‍ അടിയായിരുന്നു എന്നും സീനത്ത് പറയുന്നു.

Advertisement

ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് പുറത്തുപോയ ശേഷം അന്‍സിബ ഹസന്‍ സംസാരിച്ചു. ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു അന്‍സിബയുടെ വാക്കുകള്‍. പലരെയും പേരെടുത്ത് പറഞ്ഞു. എല്ലാവരും നിശബ്ദമായി അന്‍സിബയുടെ വാക്കുകള്‍ കേട്ടു. അതോടെ എല്ലാ വിഷയത്തിലും വ്യക്തതയുണ്ടായി എന്നും സീനത്ത് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലില്‍ വിശദീകരിച്ചു.

Advertisement

താന്‍ ഇപ്പോഴും അമ്മയുടെ പ്രസിഡന്റാണ് എന്ന് ശ്വേത പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും തനിക്ക് പിന്തുണ നല്‍കിയെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ശ്വേതയെ പിന്തുണച്ചോ എന്ന വിഷയത്തില്‍ അവര്‍ രണ്ടുപേരും തന്നെയാണ് പ്രതികരിക്കേണ്ടത് എന്നും നമുക്ക് അറിയാത്ത കാര്യമാണെന്നും സീനത്ത് പറയുന്നു.

ജനറല്‍ ബോഡിയില്‍ തര്‍ക്കമുണ്ടായ വേളയില്‍ നിലവിലെ കമ്മിറ്റി തുടരട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞില്ല. അദ്ദേഹം എഴുന്നേറ്റ് ഒറ്റവാക്ക് പറഞ്ഞിരുന്നെങ്കില്‍ ആരും എതിര്‍ക്കില്ലായിരുന്നു. പക്ഷേ, അദ്ദേഹം പറഞ്ഞില്ലല്ലോ എന്നും ശ്വേതയുടെ അവകാശവാദത്തില്‍ സംശയം സൂചിപ്പിച്ച് സീനത്ത് പ്രതികരിച്ചു. ജനറല്‍ ബോഡി യോഗം ചേരുന്നതിന് 21 ദിവസം മുമ്പ് എല്ലാ കണക്കുകളും അംഗങ്ങളെ അറിയിക്കണം. അത് ചെയ്തില്ലെന്ന് മാത്രമല്ല, യോഗത്തിലെ ചോദ്യത്തിന് ശ്വേതയ്ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും സീനത്ത് വിശദീകരിച്ചു. ശ്വേതയെ പിന്തുണച്ച് കമ്മിറ്റിയിലെ ഒരാളും രംഗത്തുവന്നതുമില്ല.

Advertisement

പുറത്ത് കാറുണ്ട് പൊയ്‌ക്കോ

''ബാബു രാജ് സെക്രട്ടറി പദവി വഹിച്ചിരുന്ന വേളയില്‍ ഫണ്ട് തിരിമറിയുണ്ടായി എന്ന് ശ്വേത ആരോപിച്ചു. ഇക്കാര്യത്തില്‍ തനിക്ക് സംസാരിക്കണം എന്ന് ബാബുരാജ് ആവശ്യപ്പെട്ടു. പറ്റില്ല, ഞാന്‍ പ്രസിഡന്റാണ്, അവിടെ ഇരിക്ക് എന്നായിരുന്നു ശ്വേതയുടെ പ്രതികരണം. ഇങ്ങനെ ആണെങ്കില്‍ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുറത്ത് കാറുണ്ട് പൊയ്‌ക്കോ എന്നായിരുന്നു ഈ വേളയില്‍ ശ്വേതയുടെ മറുപടി. ഇതോടെയാണ് ഒരു പാര്‍ട്ടിയില്‍ നിന്ന് ശ്വേത പണംവാങ്ങി എന്ന് ബാബുരാജ് ആരോപിച്ചതും ശ്വേത രാജി പ്രഖ്യാപിച്ച് പോയത് എന്നും'' സീനത്ത് പറയുന്നു.

അന്‍സിബ വിശദീകരിച്ചപ്പോള്‍ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായി. അവര്‍ക്ക് പിന്നില്‍ മതവര്‍ഗീയ ശക്തികളാണ് എന്നാണ് ലക്ഷ്മപ്രിയ ആരോപിച്ചത്. ജിഹാദി എന്ന് വിളിച്ചില്ല എന്നാണ് ലക്ഷ്മിപ്രിയ ആദ്യം പറഞ്ഞത്. എന്നാല്‍ സമാനമായ ആരോപണം അവര്‍ പരസ്യമായി ഉന്നയിച്ചതോടെ അന്‍സിബ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യമായി. അന്‍സിബയ്ക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് പേടിയായി. കാരണം എന്റെ പേര് സീനത്ത് ആയതുകൊണ്ട്. മതപരമായി കാണുമോ എന്നാണ് പേടി എന്നും സീനത്ത് പറയുന്നു.