നടി ഉഷ ഹസീനയുടെ സഹോദരനും നിർമാതാവുമായ ഹസീബിൻ്റെ ദുരവസ്ഥയ്ക്ക് കാരണം ജയറാം ആണെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിൻ്റെ വാക്ക് വിശ്വസിച്ച് സിനിമ നിർമ്മിച്ച ഹസീബിന് 10 കോടിയോളം സാമ്പത്തിക ബാധ്യത ഉണ്ടായെന്നും ഒടുവിൽ സഹായത്തിനായി അഭ്യർത്ഥിച്ചപ്പോൾ താരം തിരിഞ്ഞ് പോലും നോക്കിയില്ലെന്നും ആലപ്പി അഷ്റഫ് ആരോപിച്ചു. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം
' ഉഷ്ക്ക് രണ്ട് സഹോദരന്മാരാണുള്ളത്. രണ്ടുപേരും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുമാണ് .അനുജൻ ഹസീബ് അറിയപ്പെടുന്ന ഒരു നിർമ്മാതാവാണ്. കലാഭവൻ മണിനായകനായ മാണിക്യൻ, പൃഥവിരാജ് നായകനായ വർഗ്ഗം, ഉണ്ണിമുകുന്ദൻ നായകനായ പാതിരാമണൽ, ഫഹദ് നായകനായ ഗോട്സോൺ കൺട്രി, ജയറാം നായകനായ ആടുംപുലിയാട്ടം, ഗ്രാൻഡ്ഫാദർ, മമ്മൂട്ടി നായകനായ ഉട്യോപ്യയിലെ രാജാവ്, കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പ, ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാർ എന്നിവയാണ് അദ്ദേഹം നിർമ്മിച്ച സിനിമകൾ. ഹാപ്പി സർദാർ എന്ന കാളിദാസൻ നായകനായ ചിത്രത്തോടെ ഹസീബിന്റെ സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എന്നെന്നേക്കുമായി തിരശീല വീണു, ഒപ്പം അദ്ദേഹത്തിന്റെ മാനസിക ശാരീരിക സാമ്പത്തിക സ്ഥിതിയും തകർന്നടിഞ്ഞു.
ഒന്നുമില്ലായ്മയിൽ നിന്നും സിനിമാ മേഖലയിൽ എത്തപ്പെട്ട, തന്റെ കഠിനാധ്വാനത്തിലൂടെയും അർപ്പണ മനോഭാവത്തിലൂടെയും തന്റേതായ ഒരു സാമ്രാജ്യം സിനിമയിൽ കെട്ടിപ്പടുത്ത ഉയരങ്ങളിൽ എത്തിയ നിർമ്മാതാവായിരുന്നു ഹസീബ്. സിനിമാ നിർമ്മാണം കൂടാതെ സിനിമാ നിർമ്മാതാക്കൾക്ക് ഫൈനാൻസ് അറേഞ്ച് ചെയ്തു കൊടുക്കൽ, സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങികൊടുക്കൽ എന്നിവയൊക്കെ ചെയ്തുകൊണ്ട് സിനിമാരംഗത്ത് ഒരു അഭിവാജ്യ ഘടകമായി അദ്ദേഹം നിലയുറപ്പിച്ചിരുന്നു. ആലപ്പുഴയിൽ അത്യാധുനികമായ ഒരു ഭവനവും ആഡംബര വാഹനങ്ങളും ഗോൾഡ് ഷോപ്പും മറ്റുമായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ഇരുട്ടടി ഹസീബിന് ഏൽക്കുന്നത് .ഒരു നിർമ്മാതാവ് കുറെ പണം മുടക്കിയ ശേഷം ഉപേക്ഷിച്ചുപോയ ഒരു പ്രോജക്റ്റ് ഹസീബ് ഏറ്റെടുത്തു നടത്തുവാൻ നിർബന്ധിതനായി. അതുവരെ ആർട്ടിസ്റ്റ് വാല്യൂ മാത്രമുള്ള ചിത്രങ്ങൾ ചെയ്തുകൊണ്ടിരുന്ന ഹസീബ് ആദ്യമായിട്ടാണ് ആർട്ടിസ്റ്റ് വാല്യൂ ഇല്ലാത്ത പുതുമുഖ സംവിധായകന്റെ ഒരു ചിത്രത്തിൻറെ നിർമ്മാണ ചുമതല ഏറ്റെടുക്കുന്നത്, കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാർ എന്ന ചിത്രമായിരുന്നു അത്. ഞാൻ ഹസീബിനോട് ചോദിച്ചു എല്ലാം ബിസിനസ് കണ്ണുകൊണ്ട് മാത്രം നോക്കി കാണുന്ന ഹസീബ് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പടം ഏറ്റെടുത്തത് എന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി അത് ജയറാമിന്റെ മേലുള്ള എൻറെ വിശ്വാസമാണ്, ജയറാം എന്നോട് പറഞ്ഞു എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം അതിന് എന്ത് സംഭവിച്ചാലും ഞാൻ ഒപ്പം ഉണ്ടാകും എന്ന്. എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം എന്ന ആ ഉറപ്പാണ് എന്റെ വിശ്വാസം എന്ന്. അങ്ങനെ നിരവധി കോടികൾ വാരിയെറിഞ്ഞുകൊണ്ട് ഷൂട്ടിങ് ആരംഭിച്ചു, പഞ്ചാബിലും ഹരിയാനയിലും ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ഒക്കെ ഷൂട്ടിങ് പൊടിപൊടിച്ചു. ഷൂട്ടിങ് പുരോഗമിക്കുന്നതിനനുസരിച്ച് മാർവാടികളുടെ കയ്യിൽ നിന്നും വട്ടി പലിശക്ക് പണം എടുത്തുകൊണ്ടേയിരുന്നു. അങ്ങനെ നാലിടത്തിൽ നിന്നാണ് ഈ പടം തീർക്കുന്നതിലേക്കായി ഫൈനാൻസ് എടുത്തത്. വലിയ ആഘോഷത്തോടെ പ്രതീക്ഷയോടെ പടം റിലീസ് ചെയ്തപ്പോൾ പോസ്റ്റർ ഒട്ടിച്ച പണം പോലും ലഭിച്ചില്ല .പടം എട്ടു നിലയിൽ വീണു. ഒപ്പം ആ മാനസികാഘാതത്തിൽ ഹസീബ് എന്ന നിർമ്മാതാവും വീണു .ഈ ചിത്രത്തിനു വേണ്ടി ഹസീബിന് വന്ന ബാധ്യത ഏതാണ്ട് 10 കോടി രൂപയോളമാണ്. കടം കയറി തകർന്നടിഞ്ഞു നിൽക്കുന്ന നിർമ്മാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക ? ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു, ആടും പുലിയാട്ടം എന്ന ചിത്രത്തിന്റെ സംവിധായകനായ കണ്ണൻ താമരക്കുളത്തിനെയും കൂട്ടിക്കൊണ്ടാണ് ഹസീബ് ജയറാമിനെ കാണാൻ എത്തിയത്. ആടും പുലിയാട്ടത്തിന് ഒരു രണ്ടാം ഭാഗം ചെയ്യാൻ കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ഹസീബ് ജയറാമിനോട് പറയുന്നു. ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുമെന്ന ജയറാമിന്റെ അഴകുഴമ്പൻ മറുപടിയാണ് അവർക്ക് ലഭിച്ചത്. ഹസീബ് പറയുന്നു ആ സമയങ്ങളിൽ ജയറാമിന് വലിയ പടങ്ങളോ തിരക്കുകളോ ഒന്നും ഉണ്ടായിരുന്നില്ല എന്ന്. പണമില്ലാത്ത തന്നെ ഒഴിവാക്കാനായിട്ടാണ് ജയറാം ഇങ്ങനെ പറഞ്ഞതെന്ന് ഹസീബിന് അപ്പോൾ തന്നെ മനസ്സിലായി. മകന്റെ കാര്യത്തിനു വേണ്ടി തന്നോട് പറഞ്ഞ വാചകങ്ങളൊക്കെ ജയറാം അപ്പാടെ വിഴുങ്ങിയിരിക്കുന്നു. തകർന്നടിഞ്ഞ വേദനയോടെ ഇരിക്കുന്ന ഹസീബിന് ജയറാം അയച്ച ഒരു വോയിസ് മെസ്സേജ് ഇങ്ങനെയാണ്- എല്ലാം നല്ലതിന് വേണ്ടിയാണ് ,ഇതും നല്ലതിനു വേണ്ടിയാണെന്ന് കരുതുക, ദൈവം സഹായിക്കും, ഞാൻ പ്രാർത്ഥിക്കാം എന്ന്. അവിടെയും ജയറാം വാക്ക് പാലിച്ചില്ല, ഹസീബിനു വേണ്ടി പ്രാർത്ഥിച്ചില്ല, കാരണം കടക്കാർ നാലുവശവും നിന്ന് ഹസീബിനെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു. തന്റെ സ്ഥാപന ജംഗമ വസ്തുക്കൾ എല്ലാം തന്നെ ജപ്തിയുടെ വക്കിലെത്തി, അസീബ് എന്നോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ അസീബ് വേദനയോടെ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, അത് ജയറാമിനോട് ഒരു സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു കാര്യമായിരുന്നു. ഞാൻ സാമ്പത്തികമായി ആകെ ബുദ്ധിമുട്ടിലാണ് ഗോകുലം ഗോപാലന്റെ കയ്യിൽ നിന്ന് വാങ്ങിയ ഫൈനാൻസിന്റെ മുതൽ ഞാൻ എങ്ങനെയെങ്കിലും കൊടുക്കാം, അതിൻറെ പലിശ ഒന്ന് ഒഴിവാക്കി തരാൻ ഗോപാലേട്ടനോട് പറയണം, ജയറാം പറഞ്ഞാൽ അദ്ദേഹം കേൾക്കും എന്ന്. ജയറാം അത് ഏറ്റെങ്കിലും എനിക്കത് ചെയ്തു തന്നില്ലെന്നും ഹസീബ് പറഞ്ഞു. കടുത്ത മാനസിക ആഘാതത്താൽ പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് അബോധാവസ്ഥയിൽ ഹസീബ് ആശുപത്രിയിൽ കിടന്നിരുന്നത്. എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ ഒരേ സമയം രണ്ട് ഓപ്പറേഷനുകൾക്ക് വിധേയമാകേണ്ട സ്ഥിതി വന്നു. മമ്മൂട്ടിയാണ് ഡോക്ടർമാരെ വിളിച്ച് അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കുന്നതിന വേണ്ടിയുള്ള ഇടപെടൽ നടത്തിയത്. ഹോസ്പിറ്റൽ ബില്ല് പതിനൊന്നര ലക്ഷം രൂപ സെറ്റിൽ ചെയ്തത് ബാദുഷയും ആന്റോ ജോസഫും ചേർന്നാണ്. ഇത്തരം ഒരു ഗുരുതരാവസ്ഥയിലൂടെ കടന്നുപോകാൻ വഴിയൊരുക്കിയ കാരണക്കാരൻ ഇതൊന്നും അറിഞ്ഞതുമില്ല, കേട്ടതുമില്ല, ആ വഴി വന്നതുമില്ല. സഹോദരന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് സഹോദരിയായ ഉഷാ ഹസീന കാര്യങ്ങൾ തുറന്നു പറഞ്ഞ് ജയറാമിനെതിരെ പ്രതികരിച്ചത്',ആലപ്പി അഷ്റഫ് പറഞ്ഞു.