തെലുഗ് സിനിമയിലെ സൂപ്പർ താരമാണ് നടി അനുഷ്ക ഷെട്ടി. മലയാളത്തിൽ ജയസൂര്യ നായകനായെത്തുന്ന 'കത്തനാർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവർ. അനുഷ്ക ഷെട്ടിയുടേത് മികച്ച വ്യക്തിത്വമാണെന്നും അവരുടെ പെരുമാറ്റം എപ്പോഴും തങ്ങളെ അത്ഭുതപ്പെടുത്താറുണ്ടെന്നും പല തെലുഗ് താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്കയ്കയുടെ പെരുമാറ്റത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ലാലേട്ടൻ ഒരു സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോൾ തലേദിവസം അദ്ദേഹം ഹോട്ടലിൽ വരുന്ന സമയത്ത് ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ ഹോട്ടലിൽ നിൽക്കാറുണ്ട്. കാറിൽ നിന്നിറങ്ങിവരുന്ന ലാലേട്ടൻ നമ്മളോട് കാണിക്കുന്ന സ്നേഹവും കുശലാന്വേഷണവും എപ്പോഴും സന്തോഷം നൽകുന്നതാണ്. ലാലേട്ടനോടൊപ്പം ലാലേട്ടന്റെ മുറിയിൽ പോയി കുറച്ചുനേരം സംസാരിച്ചതിനുശേഷം ആണ് തിരിച്ചുപോരുക. ഇതിനിടയിൽ കഥ കേട്ടോ, കഥ സിദ്ധാർത്ഥന് ഇഷ്ടമായോ എന്നൊക്കെ ചോദിക്കും. ഇന്ന കാരക്ടർ ആരാണ് അഭിനയിക്കുന്നത് എന്നും ചോദിക്കും. ആ ക്യാരക്ടർ ആരാണ് അഭിനയിക്കുന്നത് എന്ന് ലാലേട്ടന് അറിയാതെയല്ല ചോദ്യം. ചോദ്യങ്ങളെല്ലാം നമ്മളെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. റൂമിൽ നിന്ന് നിറഞ്ഞ മനസ്സോടെയാണ് നമ്മൾ മടങ്ങുക.
കടമറ്റത്ത് കത്തനാരുടെ ഷൂട്ടിംഗ് സമയത്ത് അനുഷ്ക ഷെട്ടിയിൽ നിന്ന് അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി. സത്യത്തിൽ അതെന്നെ അത്ഭുതപ്പെടുത്തി. എയർപോർട്ടിൽ റിസീവ് ചെയ്യാൻ എത്തേണ്ടെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. ഹൈദരാബാദിൽ നിന്നു വന്ന സ്വന്തം കാർ തന്നെയാണ് അവരെ വിളിക്കാൻ പോയത്. ഡയറക്ടറും തിരക്കഥാകൃത്തും കൃഷ്ണമൂർത്തിയും അസോസിയേറ്റ് ഡയറക്ടറുമാണ് ഷൂട്ടിങ്ങിന് എത്തും മുൻപ് അവരുമായി നേരിട്ട് സംസാരിച്ചിട്ടുള്ളത്. ഞാനും എന്റെ കൂടെ വർക്ക് ചെയ്യുന്ന സജിയും ഓരോ കാര്യങ്ങൾക്കും അവരുടെ മാനേജരുമായാണ് ബന്ധപ്പെട്ടു കൊണ്ടിരുന്നത്. മാനേജരും മേക്കപ്പ് വുമണും അവരുടെ കൂടെ വന്നിട്ടുണ്ടായിരുന്നു. മേക്കപ്പ് വുമൺ വളരെ പ്രശസ്തയാണ്. ഭാനു. അക്കരെ അക്കരെ അക്കരെ എന്ന ലാലേട്ടൻ പ്രിയൻസാർ സിനിമയിൽ ഇവരായിരുന്നു മേക്കപ്പ്. അന്നവർ അമേരിക്കയിൽ മേക്കപ്പ് പഠനം പൂർത്തിയാക്കുന്ന സമയമാണ്. അന്നുമുതൽ പരിചയമുണ്ട് അവരെ. ഇപ്പോൾ ഇന്ത്യയിലെ നമ്പർവൺ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് അവർ. രജനികാന്തിന്റെ മേക്കപ്പ് ഭാനു ആണ്. റൂമിലെത്തിയ അവർ ആദ്യം ചെയ്തത് ബാഗ് തുറന്നു FERRERO ROCHER ഓരോ പാക്കറ്റ് എടുത്ത് എനിക്കും സജിക്കും സമ്മാനിക്കുകയായിരുന്നു. തുടർന്ന് ബാൽക്കണിയിൽ നിന്ന് കുറെ നേരം സംസാരിച്ചു. എന്റെ സംസാരശൈലി കേട്ടപ്പോൾ നാട് തൃശ്ശൂരാണോ എന്നവർ ചോദിച്ചു. അതെ ഗുരുവായൂർ എങ്ങനെ മനസ്സിലായി എന്ന് ഞാൻ. കേരളത്തിലെ പല ജില്ലകളിലെയും സംസാരശൈലി തനിക്കറിയാമെന്ന് അവർ പറഞ്ഞു. ഒറ്റപ്പാലത്ത് ഇടയ്ക്ക് ആയുർവേദ ചികിത്സയ്ക്ക് വരാറുണ്ടെന്നും പറഞ്ഞു. എത്രയോ വർഷങ്ങളായി പരിചയമുള്ള ആളെ പോലെയാണ് അവർ സംസാരിച്ചത്. പിറ്റേ ദിവസത്തെ ഷൂട്ടിങ്ങിന്റെ പ്രോഗ്രാം പറഞ്ഞ് ഞങ്ങൾ തിരിച്ചു പോന്നു. ഷൂട്ടിങ്ങിനു ജോയിൻ ചെയ്ത് രണ്ടുദിവസം കഴിഞ്ഞപ്പോൾ എന്റെ മകൻ അസിസ്റ്റന്റ് ഡയറക്ടറായി ഈ പടത്തിൽ വർക്ക് ചെയ്യുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു. അശ്വിൻ എന്നാണ് പേര് എന്നും പറഞ്ഞു. പേരു കേട്ടിട്ടുണ്ട് എന്ന് അവർ പറഞ്ഞു. ആദ്യദിവസം തന്നെ അസിസ്റ്റന്റ് ഡയറക്ടേഴ്സ്നെ എല്ലാവരെയും ഡയറക്ടർ അവർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു.
ഹോട്ടലിൽ അവരെ സ്വീകരിക്കാൻ നിന്ന എന്നെയും സജിയെയും അവർ അനുഷ്ക ഷെട്ടിക്ക് പരിചയപ്പെടുത്തി. തുടർന്നങ്ങോട്ടാണ് ഒരു ലാലേട്ടനെ അവരിൽ എനിക്ക് ദർശിക്കാൻ ആയത്. ചിരിച്ചുകൊണ്ട് ഞങ്ങൾക്ക് ഹസ്തദാനം നൽകി. അനുഷ്കയും മാനേജരും മേക്കപ്പും ടച്ചപ്പും ലഗേജും ഒക്കെ ചേർന്ന് ലിഫ്റ്റിൽ തിരക്കായപ്പോൾ ഞാനും സജിയും ലിഫ്റ്റിൽ കയറാൻ ഒന്നു മടിച്ചു. എല്ലാവരെയും ഒതുക്കി നിർത്തി ലഗേജും സൈഡിലേക്ക് മാറ്റിച്ച് ഞങ്ങളെ അതേ ലിഫ്റ്റിൽ കയറാൻ അവർ നിർബന്ധിച്ചു.
അന്ന് സെറ്റിൽ എത്തിയപ്പോൾ ഉണ്ണിയെ അവർ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയും ചെയ്തു. ഒരു വലിയ താരത്തിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ആദ്യമായി കാണുന്നവർ പ്രതീക്ഷിക്കില്ല. ഇതിലെന്താ ഇത്ര അതിശയം എന്ന് വായിക്കുന്നവർക്ക് തോന്നാം. കേരളത്തിന് പുറത്തുനിന്ന് വന്ന ഒരുപാട് ആർട്ടിസ്റ്റുകളുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അതിൽ കുറെ പേരെങ്കിലും ഔദ്യോഗികമായി മാത്രമേ ഇടപെടാറുള്ളൂ. അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം ഒരാളിൽ നിന്നുണ്ടായപ്പോൾ അത് വളരെ സന്തോഷം നൽകി