സിനിമയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുളള വേതനത്തിലെ തുല്യത ഇല്ലായ്മ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിനിമയിലെ നായകന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ കുറവാണ് നായികയ്ക്ക് ലഭിക്കുന്നത്. അത് മുൻനിരക്കാരാണെങ്കിലും അങ്ങനെ തന്നെയാണ്.
ചെയ്യുന്നത് ഒരേ ജോലി ആയിട്ടും വേതനം കുറയുന്നത് വിഷമിപ്പിച്ചിട്ടുളള കാര്യമാണെന്ന് നടി ശാന്തി കൃഷ്ണ പറയുന്നു. 24 ന്യൂസിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.
ശാന്തികൃഷ്ണയുടെ വാക്കുകൾ: ' നടിമാര്‍ക്ക് നടന്മാരേക്കാള്‍ വേതനം കുറവാണ് എന്നത് വിഷമിപ്പിച്ചിട്ടുളള കാര്യമാണ്. താനൊരു ഫെമിനിസ്റ്റല്ല. പക്ഷേ തുല്യതയുടെ കാര്യമൊക്കെ സംസാരിക്കാറുണ്ട്. നടന്മാരുടെ അതേ ജോലിയാണ് നമ്മളും ചെയ്യുന്നത്. തുല്യതയുളള കഥാപാത്രങ്ങളാണ് നായകന്റേയും നായികയുടേതും എങ്കില്‍ ഒരുപോലെ തന്നെയാണ് രണ്ട് പേരും ഹോം വര്‍ക്ക് ചെയ്യുന്നതും അഭിനയിക്കുന്നതുമെല്ലാം.
എന്നിട്ടും എന്ത് കൊണ്ടാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇത്രയും വലിയ വ്യത്യാസം വരുന്നത് എന്ന് നമുക്ക് തോന്നും. പലരുടെ അടുത്തും സംസാരിച്ചപ്പോള്‍ പറയുന്നത്, ബിസിനസ്സാണ് നമ്മള്‍ നോക്കുക. നിങ്ങളും ഇത് പോലെ ഹിറ്റ് പടം കൊടുത്ത് നോക്കൂ, അപ്പോള്‍ നിങ്ങള്‍ക്കും ഡിമാന്‍ഡ് ചെയ്യാം എന്നാണ്. അതിന് അര്‍ത്ഥം നമ്മള്‍ തന്നെ സിനിമ നിര്‍മ്മിക്കണം എന്നാണോ. നല്ലൊരു തിരക്കഥയില്‍ നല്ലൊരു റോള്‍ നല്ല രീതിയില്‍ ചെയ്ത് പടം ഹിറ്റ് ആയാല്‍ എന്ത് കൊണ്ട് തുല്യമായ രീതിയില്‍ പ്രതിഫലം തരുന്നില്ല. മഞ്ജു വാര്യര്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലേ. എന്നിട്ടും തുല്യമായ വേതനം ലഭിക്കുന്നുണ്ടോ, ഇല്ലല്ലോ. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ പോലെ മഞ്ജുവും സൂപ്പര്‍സ്റ്റാറാണ്. പക്ഷേ തുല്യമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അത് എന്ത് കൊണ്ടാണ്. അപ്പോള്‍ പറയും ബിസിനസ്സ് ആണെന്ന്. ഇന്നേവരെ അതെന്താണെന്ന് മനസ്സിലായിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. വിഷമം തോന്നും. നമ്മളും കഷ്ടപ്പെട്ട് ലെജന്‍ഡറിയായിട്ട് അവരുടെ കൂടെ തന്നെ വന്ന ആള്‍ക്കാരാണ്. ചിലര്‍ നമ്മളേക്കാള്‍ ജൂനിയര്‍ ആയിട്ട് വന്ന ആള്‍ക്കാരാണ്. പക്ഷേ അവര്‍ക്ക് റോളുകളും ചാന്‍സും എല്ലാം കിട്ടുന്നുണ്ട്. പണവും അവര്‍ക്ക് കിട്ടുന്നു. നമ്മുടെ അടുത്ത് വരുമ്പോള്‍ മാത്രം ബജറ്റിനെ കുറിച്ച് പറയുന്നത് എന്തിനാണെന്നറിയില്ല''.