'ആകാശദൂതിൽ ആ വേഷം ചെയ്യേണ്ടിയിരുന്നത് മഞ്ജു വാര്യർ, പക്ഷേ നിരസിച്ചു', തുറന്ന് പറഞ്ഞ് പ്രേം പ്രകാശ്

പുറത്തിറങ്ങി 3 പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും മലയാളികള്‍ക്ക് രണ്ടാമതൊരു വട്ടം കാണാനുളള കരളുറപ്പില്ലാത്ത ചിത്രമെന്നാണ് പൊതുവേ ആകാശദൂതിനെ കുറിച്ച് പറയാറുളളത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആകാശദൂതിനെ കുറിച്ചുളള ചര്‍ച്ചകള്‍ ഇന്നും റീലുകളുടെ രൂപത്തിലും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ കാണാനാകും.

Advertisement

പ്രത്യേകിച്ച് ജെന്‍സിയും ജെന്‍ ആല്‍ഫയും അടക്കം ആകാശദൂത് കണ്ട് കരയുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്. ആകാശദൂതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മാധവിയുടെ ആനിയേയും മുരളിയുടെ ജോണിയേയും മാത്രമല്ല, മക്കളായി എത്തിയ കുട്ടികളേയും സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

Advertisement

ആനിയുടേയും ജോണിയുടേയും മൂത്ത മകളായ മീനുവിനെ അവതരിപ്പിച്ചത് നടി സീന ആന്റണി ആണ്. ഇളയ കുട്ടികള്‍ക്ക് മറ്റൊരു അമ്മയേപ്പോലെ വളരെ പക്വതയാര്‍ന്ന അഭിനയം കാഴ്ച വെച്ച സീനയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ മീനു ആയി ആകാശദൂതില്‍ അഭിനയിക്കേണ്ടിയിരുന്നത് മലയാളത്തിന്റെ മറ്റൊരു പ്രിയതാരം ആയിരുന്നുവത്രേ.

നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് എംപയര്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ആദ്യ സിനിമ ആകേണ്ടിയിരുന്നത് ആകാശദൂത് ആയിരുന്നു എന്നാണ്. മീനു ആയി അഭിനയിക്കാനുളള കുട്ടിക്ക് വേണ്ടി സിനിമയുടെ അണിയറക്കാര്‍ പത്രത്തില്‍ പരസ്യം ചെയ്തിരുന്നു.

Advertisement

ഈ പരസ്യം കണ്ട് അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന മഞ്ജു വാര്യര്‍ ഫോട്ടോ അയച്ച് കൊടുത്തിരുന്നു. മീനുവിന്റെ കഥാപാത്രം ചെയ്യാനായി മഞ്ജുവിനെ തീരുമാനിക്കുകയും അതിനായി അവരെ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ പരീക്ഷയുടെ സമയം ആയിരുന്നതിനാല്‍ മഞ്ജു വാര്യര്‍ക്ക് ആ അവസരം വേണ്ടെന്ന് വെയ്‌ക്കേണ്ടി വന്നുവെന്നും പ്രേം പ്രകാശ് പറയുന്നു. അതല്ലായിരുന്നുവെങ്കില്‍ മലയാള സിനിമയിലേക്കുളള മഞ്ജു വാര്യരുടെ വരവ് ആകാശദൂത് എന്ന ഹിറ്റ് സിനിമയിലൂടെ ആയിരിക്കുമായിരുന്നു.

മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം ആണ്. ആകാശദൂത് പുറത്തിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ് 1995 ഡിസംബറിലാണ് സാക്ഷ്യം റിലീസാകുന്നത്. ആകാശദൂതില്‍ മുരളിയുടെ മകളായി അരങ്ങേറ്റം സാധിച്ചില്ലെങ്കിലും സാക്ഷ്യത്തില്‍ മുരളിയുടെ മകളായി ത്‌ന്നെയാണ് മഞ്ജു തുടക്കം കുറിച്ചത്. സാക്ഷ്യത്തിന് മുന്‍പ് ദൂരദര്‍ശനില്‍ മോഹാരവം എന്ന സീരിയലിലും മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു.