അമ്മ സംഘടനയുടെ ജനറൽ ബോഡി യോഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ, നടി ശ്വേതാ മേനോനെ പിന്തുണച്ചും സംഘടനയിലെ മറ്റ് ഭാരവാഹികളുടെ നിലപാടുകളെ വിമർശിച്ചും നടി പ്രിയങ്ക അനൂപ്. ജനറൽ ബോഡിയിൽ അവതരിപ്പിച്ച കണക്കുകളിലെ പിഴവുകൾ മുൻകൂട്ടി ചൂണ്ടിക്കാണിക്കാതിരുന്ന ഓഡിറ്റർക്കും അഡ്വക്കേറ്റിനും ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും ഒരു സ്ത്രീയെ ചേർത്തുപിടിക്കുന്നതിന് പകരം ഒറ്റപ്പെടുത്താനാണ് എല്ലാവരും ശ്രമിച്ചതെന്നും പ്രിയങ്ക മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. താരത്തിൻ്റെ വാക്കുകളിലേക്ക്
'ജനറൽ ബോഡി വെയ്ക്കുമ്പോൾ കണക്കുകൾ അംഗങ്ങളെ ബോധ്യപ്പെടുത്തണം. ശ്വേത അവതരിപ്പിച്ച കണക്കുകൾ കൃത്യമല്ല. കണക്കുകൾ എല്ലാം അറിയുന്ന ഓഡിറ്റർ എന്തുകൊണ്ട് പ്രശ്നങ്ങൾ ശ്വേതയെ ചൂണ്ടിക്കാണിച്ചില്ല. ഈ പറയുന്ന ഓഡിറ്റർക്കും അഡ്വക്കേറ്റിനും അറിയില്ലേ ഇങ്ങനെ ഒരു സാധനം ജനറൽ ബോഡിക്ക് വെച്ചാൽ പാസ് ആകില്ലെന്ന്. അത്രയും അറിവുള്ള ആൾക്കാരാണല്ലോ അവര്. സ്ത്രീകൾ ഭരിക്കുമ്പോൾ അവർക്ക് തെറ്റുകൾ പറ്റാം. കാരണം അവർക്ക് ഇത് സംബന്ധിച്ച് അനുഭവപരിചയം ഇല്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിച്ച് അടുത്ത വർഷത്തേക്ക് നല്ല രീതിയിൽ ചെയ്യാനുള്ളത് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. ഞാൻ ലാലേട്ടന്റെ തൊട്ടടുത്തിരുന്നയാളാണ്. അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിച്ചാൽ അറിയാൻ പറ്റും, എത്ര വിഷമിച്ചാണ് അദ്ദേഹം ഇരുന്നത് എന്ന്. കാരണം ഇവരൊക്കെ എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സംഘടനയാണ്. ഇത് മുഴുവൻ കേട്ട് ഒരാൾ ഇരിക്കുമ്പോൾ എന്തൊക്കെയാണ് അവിടെ നടന്നത്. ഇത്രയും വലിയൊരു മനുഷ്യൻ ഇരിക്കുമ്പോൾ ആ മാന്യത നമ്മൾ കാണിക്കേണ്ടതല്ലേ. കണക്കിന്റെ മിസ്റ്റേക് ആണ് ഈ പ്രശ്നങ്ങൾ കൂടാൻ കാരണം.അവർക്ക് പറഞ്ഞുകൊടുത്തൂടെ ഇപ്പോൾ ജനറൽ ബോഡി വെയ്ക്കേണ്ട, വെച്ച് കഴിഞ്ഞാൽ പ്രശ്നാകും. അതുകൊണ്ട് ചെറിയ പ്രോബ്ലംസ് ഉള്ളതുകൊണ്ട് കണക്കവതരണം രണ്ടു മാസത്തേക്ക് നീക്കി വെക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരു വിഷയവും ഉണ്ടാവില്ലായിരുന്നു. തെറ്റ് അവിടെയാണ് സംഭവിച്ചത്.അൻസിബയുടേത് അടക്കം എന്ത് പ്രശ്നം ഉണ്ടായിരുന്നെങ്കിലും മെയിൻ കാര്യം ഇതാണ്. കണക്ക് പാസാകാതെ ഒരിക്കലും നമുക്ക് അവിടെ ഇരിക്കാൻ യോഗ്യതയില്ല. എന്റെ മനസ്സിൽ തോന്നുന്നത് ട്രാപ്പ് ആയിരുന്നുവെന്നാണ്. അല്ലെങ്കിൽ ഞാൻ ചോദിക്കുന്ന ചോദ്യം ഇത്രയേ ഉള്ളൂ, ഈ ഓഡിറ്റർക്കും ഒരു അഡ്വക്കേറ്റിനും അറിയാത്ത ഒരു കാര്യം ശ്വേത എങ്ങനെ മനസ്സിലാക്കും? ശ്വേത നിരപരാധിയാണ് അതിനകത്ത് .ഞാൻ പറയും തുറന്നു പറയും, ആ ശ്വേത നിരപരാധിയാണ്. അവർക്ക് അറിയാൻ വയ്യായിരുന്നു. ഈ പ്രശ്നങ്ങൾ വന്നെങ്കിൽ പോലും ശ്വേതയെ മാത്രമായി ഞാൻ ഒരിക്കലും കുറ്റം പറയില്ല. കാരണം സംഘടനയിലെ എല്ലാവരും കൂടിയാണ് ഇതൊക്കെ നോക്കേണ്ടിയിരുന്നത്.
കണക്കുകൾ 21 ദിവസം മുമ്പ് കൊടുക്കണം. എല്ലാ അംഗങ്ങളും ഇത് വായിക്കും. ഇത്രയും കാര്യങ്ങൾ ഉള്ളപ്പോൾ എന്തിനാണ് നമ്മൾ ഈ കണക്ക് ശരിയായി ബോധിപ്പിക്കാതിരുന്നത്.
ശ്വേത കുറെ നേരം പിടിച്ചു നിന്നു. ഒരു ലേഡി എന്നുള്ള നിലയ്ക്കാണ് ഞാൻ പറയുന്നത്. ഒരു സംഘടന എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ എന്ത് പ്രശ്നം ഉണ്ടായാലും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയല്ലേ വേണ്ടത്. അവരെ ചേർത്ത് നിർത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അല്ലാതെ തല്ലിപിരിയുക ആയിരുന്നില്ല. ഒരാൾ പോലും അവരെ പിന്തുണക്കാൻ തയ്യാറായില്ല. എന്തിനുവേണ്ടിയായിരുന്നു അത്. നമ്മുക്ക് ആൾക്കാരെയൊക്കെ എടുത്ത് കളയാൻ പറ്റും. പക്ഷെ ഇതിനൊക്കെ എതിരാണ് ഞാൻ', പ്രിയങ്ക പറഞ്ഞു.